റുപത്തിയേഴാമത് ദേശീയ പുരസ്കാര ചടങ്ങിൽ നിന്നുള്ള നടി കങ്കണ റണൗട്ടിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുകയാണ്. മാർച്ചിൽ പ്രഖ്യാപിച്ച പുരസ്കാരദാനം കൊറോണ മഹാമാരി മൂലം മാറ്റിവെക്കുകയായിരുന്നു. ട്രഡീഷണൽ സുന്ദരിയായാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച കങ്കണ വേദിയിലെത്തിയത്. 

ക്രീം, ചുവപ്പ് നിറങ്ങളിലുള്ള മനോഹരമായ കാഞ്ചീവരം സാരിയാണ് കങ്കണ ധരിച്ചത്. ചുവപ്പു നിറത്തിലുള്ള ബോർഡർ തന്നെയാണ് സാരിയുടെ പ്രത്യേകത. അതിനോടു ചേരുന്ന ചുവപ്പും ക്രീം നിറവും ഇഴകലർന്ന ബ്ലൗസുമാണ് കങ്കണ ധരിച്ചത്. 

സാരീലുക്കിനു ചേരുന്ന ആഭരണങ്ങളുമാണ് കങ്കണ ധരിച്ചത്. തൊങ്ങലുകളാൽ മുടിയോട് ചേർത്തുവച്ച ജിമിക്കിയും കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കർ നെക്ലസുമൊക്കെ കങ്കണയുടെ ട്രഡീഷണൽ ലുക്കിന് ചേരുന്നതായിരുന്നു. മുടി പുറകിൽ വട്ടത്തിൽ കെട്ടിവച്ച് മുല്ലപ്പൂ ചൂടിയതും ഭം​ഗി കൂട്ടി. 

മേക്കപ്പിന്റെ കാര്യത്തിൽ പാലിച്ച മിതത്വവും കങ്കണയെ സുന്ദരിയാക്കി. ചുവപ്പു വട്ടപ്പൊട്ടും ന്യൂഡ് ലിപ്സ്റ്റിക്കും കൂടുതൽ ലാളിത്യം പകർന്നു. സാരിയുടെ മുന്താണി പുറകിലൂടെ മുടിയോട് ചേർത്തുവച്ചത് അസ്സൽ രാജ്ഞി ലുക്ക് നൽകിയെന്നാണ് ആരാധകരുടെ കമന്റുകൾ. 

കങ്കണയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിലൂടെ തന്നെയാണ് ചിത്രങ്ങൾ പുറത്തുവന്നത്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്കാരമാണ്. 

Content Highlights: Kangana Ranaut looks stunning in saree to receive National Award