സ്ത്രധാരണത്തിന്റെ പേരിൽ  വിമർ‌ശനങ്ങൾക്ക് ഇരയാകപ്പെടുന്നവരുണ്ട്. അതിൽ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ബോളിവുഡ് താരം കജോളിനെയും സദാചാരക്കാർ വിട്ടമട്ടില്ല. ഒരു പുരസ്കാര വേദിയിൽ പങ്കെടുക്കവേ കജോൾ ധരിച്ച വസ്ത്രമാണ് ട്രോളുകൾക്ക് കാരണമായത്. 

ഒക്ടോബർ ഇരുപത്തിയെട്ടിന് ദുബായിൽ നടന്ന ഒരു പുരസ്കാര വേദിയിൽനിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഡിസ്നി കഥാപാത്രം ക്രുയെല്ലയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രധാരണമായിരുന്നു കജോളിന്റേത്.  കറുപ്പും വെളുപ്പും നിറത്തിലുള്ള മുൻവശത്തുനിന്ന് സ്ലിറ്റോട് കൂടിയ പ്രത്യേക ഡിസൈനിലുള്ള ഒരു ​ഗൗണാണ് കജോൾ ധരിച്ചിരുന്നത്. 

എന്നാൽ പലർക്കും താരത്തിന്റെ വസ്ത്രം അത്ര പിടിച്ച മട്ടില്ല. സ്ഥിരം ശൈലിയിൽനിന്ന് മാറി ഫാഷനിൽ പരീക്ഷണം നടത്തിയ താരത്തിനെതിരെ സമൂഹമാധ്യമത്തിൽ ട്രോളുകളും മീമുകളും നിറഞ്ഞു. കജോൾ ധരിച്ച വസ്ത്രം താരത്തിന് തീരെ ചേരുന്നില്ലെന്നും നടിക്ക് ഒട്ടും ഫാഷൻ സെൻസില്ലെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 

ബൈക്ക് മൂടാൻ പറ്റിയ ഡിസൈനാണ് വസ്ത്രത്തിന്റേത് എന്നും ബ്ലാങ്കറ്റ് മാറി ധരിച്ചതാണോ എന്നും ഹോളിവു‍ഡ് സ്റ്റൈൽ കജോളിന് ചേരുന്നില്ലെന്നുമൊക്കെ കമന്റ് ചെയ്തവരുണ്ട്. താരത്തിന് ഇന്ത്യൻ‌ ശൈലിയിലുള്ള വസ്ത്രങ്ങളാണ് ചേരുക എന്നു മാത്രമല്ല, പ്രായത്തിന് ചേരുന്ന വസ്ത്രം ധരിക്കൂ എന്ന് ഒരൽപം കടന്ന് കമന്റ് ചെയ്തവരുമുണ്ട്. എന്നാൽ, വസ്ത്ര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന് പറഞ്ഞ് കജോളിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. 

അടുത്തിടെ പിറന്നാൾ ദിനത്തിലും സമാനമായി കജോൾ ട്രോളുകൾ നേരിട്ടിരുന്നു. ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് അഞ്ചിനായിരുന്നു കജോളിന്റെ നാൽപത്തിയേഴാം പിറന്നാൾ. അന്ന് വീഡിയോയിൽ താരം അഹങ്കാരിയായി കാണപ്പെട്ടു എന്നു പറഞ്ഞായിരുന്നു സമൂഹമാധ്യമത്തിന്റെ വിമർശനം. 

ആരാധകർക്കൊപ്പംനിന്ന് കേക്ക് മുറിക്കുന്ന വീഡിയോ ആണ് കജോൾ പങ്കുവച്ചത്. മാസ്ക് ധരിച്ചെത്തിയ കജോൾ കേക്ക് മുറിച്ചതല്ലാതെ കഴിച്ചിരുന്നില്ല. ഇതാണ് പലരെയും ചൊടിപ്പിച്ചത്. താരത്തിനുവേണ്ടി കേക്കുമായെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന പെരുമാറ്റമായി കജോളിന്റേത് എന്നു പറഞ്ഞ് അന്നും ട്രോളുകൾ നേരിട്ടിരുന്നു.

Content Highlights: Kajol gets trolled, fashion disaster, celebrity fashion, cyber bullying, bollywood news