ഫാഷൻ ലോകത്ത് പുതുമകൾ തേടുന്നത് സെലിബ്രിറ്റികൾക്കിടയിൽ സാധാരണമാണ്. റാംപുകളിൽ വിചിത്രമായ ലുക്കുകളിൽ എത്താനാണ് മിക്കവരും  ശ്രമിക്കാറുള്ളത്. ഇതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയാകുന്നവരുമുണ്ട്. ഇപ്പോഴിതാ അവതാരകയും നടിയുമായ ടൈറ ബാങ്ക്‌സ് ആണ് ഇക്കുറി ട്രോളുകൾ നേരിട്ടത്. ഡാൻസിങ് വിത് ദി സ്റ്റാർസ് എന്ന ടിവി ഷോയുടെ അവതാരകയായി എത്തിയ ടൈറ ധരിച്ച വസ്ത്രമാണ് വിമർശനങ്ങൾ നേരിട്ടത്. 

ബർ​ഗണ്ടി നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് ടൈറ  വേദിയിലെത്തിയത്. വസ്ത്രത്തിന്റെ ഡിസൈൻ തന്നെയായിരുന്നു പ്രത്യേകം ശ്രദ്ധിക്കപ്പെടാൻ കാരണം. കൈയിൽ നെറ്റ് ​ഗ്ലൗവും ഇരുവശത്തും പ്ലീറ്റഡ് വിങ്സും ഉള്ള വസ്ത്രമായിരുന്നു അത്. എന്നാൽ ചിറകുകൾ പോലെയുള്ള വസ്ത്രം ധരിച്ച് വേദിയിലെത്തിയതിനു പിന്നാലെ മീമുകളും വന്നുതുടങ്ങി.‌ അതിലൊന്ന് ജുറാസിക് പാർക് സിനിമയിലെ കഥാപാത്രത്തിന്റേതായിരുന്നു. 

ജുറാസിക് പാർകിൽ വിഷം തുപ്പുന്ന ദിനോസർ ഡൈലോഫോസോറസിനെപ്പോലെയുണ്ട് ടൈറയെ കാണാൻ എന്നാണ് ചിലർ കമന്റ് ചെയ്തത്. ഒരു വശത്ത് ടൈറയുടേയും മറുവശത്ത് ദിനോസറിന്റെയും ചിത്രം ചേർ‌ത്തുവച്ചാണ് ചിത്രങ്ങൾ നിറഞ്ഞത്. ആരാണ് കൂടുതൽ മികച്ചത് എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ വൈറലായത്. ജുറാസിക് വേൾ‍ഡിന്റെ പേജിലൂടെ തന്നെ ചിത്രം പുറത്തുവന്നു.

മീമുകൾ വൈറലായതോടെ ടൈറയുടെ ശ്രദ്ധയിൽ പതിയുകയും ചെയ്തു. മയിലിൽ നിന്നു പ്രചോദനമുൾക്കൊണ്ട വസ്ത്രമാണ് ടൈറ  ഉദ്ദേശിച്ചതെങ്കിലും പലർക്കും ദിനോസറിന് സമാനമായാണ് അനുഭവപ്പെട്ടത്. അങ്ങനെ ടൈറ  തന്നെ പുതിയൊരു പദവുമായി എത്തുകയും ചെയ്തു. ടൈറാനോസറസ് എന്നു പറഞ്ഞാണ് കക്ഷി മീമുകൾ പങ്കുവെച്ചത്. 

പുതിയ ദിനോസറിനെ കണ്ടെത്തി, ടൈറാനോസറസ് എന്നു പറഞ്ഞാണ് ടൈറാ ചിത്രം പങ്കുവച്ചത്. നതാലി ബർസിലായി-എറിക് അർചിബാൾഡ് സഖ്യമാണ് ടൈറയെ സ്റ്റൈൽ ചെയ്തത്. 

Content Highlights: Jurassic World hilariously trolls Tyra Banks for her viral dress