യാന രാജകുമാരി എന്നും ഒരു സ്‌റ്റൈല്‍ ഐക്കണായിരുന്നു. അവരുടെ വസ്ത്രങ്ങളും വാച്ചുകളും ചെരിപ്പുകളും വരെ എന്നും ഫാഷന്‍ ലോകത്തിന്റെ സ്പന്ദനങ്ങളിലേക്ക് ചേര്‍ന്നുനിന്നു. ലോകപ്രശസ്ത ഡിസൈനര്‍മാര്‍ ഡയാനയ്ക്കായി തയ്യാറാക്കിയിരുന്ന ആ ട്രെന്‍ഡി വേഷങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പിറകെ പോവാത്ത ഫാഷന്‍ പ്രേമികള്‍ കുറവാണ്.

ഡയാനയ്ക്ക് വേണ്ടി ഷൂ ഡിസൈന്‍ ചെയ്തിരുന്ന പ്രശസ്ത ഡിസൈനറായ ജിമ്മി ചൂവിന് അവര്‍ക്കുവേണ്ടി ജോലി ചെയ്തിരുന്ന കാലം അവിസ്മരണീയമാണ്. ഡയാന യഥാര്‍ഥത്തില്‍ ഒരു രാജകുമാരിയായിരുന്നു എന്നാണ് ചൂ വിശേഷിപ്പിക്കുന്നത്. കനിവും സ്‌നേഹവും കരുതലുമായിരുന്നു ഡയാന. താന്‍ അവര്‍ക്കായി തയ്യാറാക്കുന്ന ഷൂവുകളില്‍ അവര്‍ക്ക് പൂര്‍ണവിശ്വാസമായിരുന്നെന്നും ചൂ ഓര്‍മ്മിക്കുന്നു.

diana
photo:dekringwinkel

മലേഷ്യക്കാരനായ ചൂ 1990ലാണ് ഡയാനയുടെ ഷൂ ഡിസൈനറാവുന്നത്. 1997ല്‍ അവരുടെ മരണം വരെയും അത് തുടര്‍ന്നു. ഒരു ജോഡി  ഫ്ലാറ്റ് ഷൂ ആയിരുന്നു ചൂ ഡയാനയ്ക്കായി അവസാനം ഡിസൈന്‍ ചെയ്തത്.

"ലാളിത്യത്തിന്റെ മുഖമുദ്രയായിരുന്നു ഡയാന രാജകുമാരി. ഒരിക്കല്‍ പോലും ഞാന്‍ തയ്യാറാക്കിയ ഷൂസുകളെപ്പറ്റി അവര്‍ പരാതിപ്പെട്ടില്ല. എനിക്കാണല്ലേ ഷൂസുകളെപ്പറ്റി കൂടുതലറിയുക എന്നതായിരുന്നു അവരെപ്പോഴും പറഞ്ഞിരുന്ന ന്യായം. ഓരോ തവണയും നന്ദി അറിയിച്ചുകൊണ്ടുള്ള കാര്‍ഡുകള്‍ എന്നെ തേടിയെത്തിയിരുന്നു. തനിക്ക് വേണ്ടി കെന്‍സിംഗ്ടണ്‍ പാലസിലെത്തിയതിന് വളരെയധികം നന്ദി എന്നാണ് കാര്‍ഡില്‍ എഴുതാറുണ്ടായിരുന്നത്." ചൂ ഓര്‍മ്മിക്കുന്നു.