ബോളിവുഡ് നടന്‍ രാജ് കുമാര്‍ റാവുവും പത്രലേഖയും തമ്മിലുള്ള വിവാഹം തിങ്കളാഴ്ചയായിരുന്നു. വിവാഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പത്രലേഖ അണിഞ്ഞ ചുവന്ന സാരിയാണ്. ഈ സാരിയുടെ ശിരോവസ്ത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ബംഗാളി ഭാഷയില്‍ റാവുവിന്റെയും പത്രലേഖയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശം അതില്‍ ആലേഖനം ചെയ്തിരുന്നു. ഇതാദ്യമല്ല സബ്യസാചി വധുമാരുടെ വിവാഹവസ്ത്രത്തില്‍ സന്ദേശം ആലേഖനം ചെയ്യുന്നത്. 

ബോളിവുഡ് നടിമാരായ ദീപികാ പദുക്കോണ്‍, പ്രിയങ്കാ ചോപ്ര എന്നിവരുടെയെല്ലാം വിവാഹ വസ്ത്രത്തില്‍ സന്ദേശങ്ങള്‍ തുന്നിച്ചേര്‍ത്താണ് സബ്യസാചി ഡിസൈന്‍ ചെയ്തത്. 'സ്‌നേഹത്താല്‍ തുളുമ്പുന്ന എന്റെ ആത്മാവിനെ ഞാന്‍ നിനക്ക് നല്‍കുന്നു'വെന്നാണ് പത്രലേഖയുടെ വിവാഹവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത സന്ദേശം. 

ബോളിവുഡിൽ ഈ ഫാഷന്‍ ട്രന്‍ഡിന് തുടക്കം കുറിച്ചത് ദീപികാ പദുക്കോണ്‍ ആണ്. ദീപികാ പദുക്കോണിന്റെ ശിരോവസ്ത്രത്തില്‍ 'വിവാഹിതയായ സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ എപ്പോള്‍ ഭാഗ്യവതിയായിരിക്കട്ടെ' എന്നാണ് തുന്നിച്ചേര്‍ത്ത സന്ദേശം. 2018-ലായിരുന്നു ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. 

Deepika Padukone
ദീപിക പദുക്കോണും രണ്‍വീർ സിങ്ങും വിവാഹവേളയിൽ | A.F.P.

ക്രിസ്ത്യന്‍, ഹിന്ദു ആചാരങ്ങള്‍ പ്രകാരം രണ്ട് വ്യത്യസ്ത ചടങ്ങുകളിലായാരുന്നു ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെയും ഗായകന്‍ നിക്ക് ജോനാസിന്റെയും വിവാഹം. ക്രിസ്ത്യന്‍ ചടങ്ങുപ്രകാരമുള്ള വിവാഹത്തിന് വെള്ള നിറത്തിലുള്ള ഗൗണ്‍ ആണ് പ്രിയങ്ക അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനാകട്ടെ സബ്യസാചി ഡിസൈന്‍ ചെയ്ത ചുവന്ന നിറമുള്ള ലെഹംഗയും. രണ്ട് വിവാഹവസ്ത്രങ്ങളിലും മധുരസന്ദേശങ്ങള്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരുന്നു. പ്രിയങ്കയുടെ ഗൗണില്‍ എട്ട് സന്ദേശങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തു.

പ്രിയങ്കയുടെ ഭര്‍ത്താവിന്റെ പേരായ നിക്കോളാസ് ജെറി ജോനാസ്, വിവാഹദിനമായ 2018 ഡിസംബര്‍ 1, പ്രിയങ്കയുടെ മാതാപിതാക്കളുടെ പേരായ മധു, അശോക്, ഓം നമഃശിവായ, കുടുംബം, പ്രതീക്ഷ, സ്‌നേഹം, അനുകമ്പ എന്നിവയായിരുന്നു ആ വാക്കുകള്‍. 

Priyanka Chopra and Nick Jonas
പ്രിയങ്കാ ചോപ്രയും നിക്ക് ജോനാസും വിവാഹവേളയിൽ | Photo: Instagram

ലെഹംഗയിലുമുണ്ടായിരുന്നു പ്രിയങ്കയുടെ മാതാപിതാക്കളുടെ പേരുകളും അവരുടെ ഭര്‍ത്താവിന്റെ പേരും. 
കൊല്‍ക്കത്തയില്‍നിന്നുള്ള തുന്നല്‍പ്പണിയില്‍ വൈദഗ്ധ്യം നേടിയ 110 പേര്‍ ചേര്‍ന്ന് 3720 മണിക്കൂര്‍ കൊണ്ടാണ് ലെഹംഗ തയ്യാറാക്കിയതെന്ന് സബ്യസാചി വെളിപ്പെടുത്തുകയുണ്ടായി. 

Content highlights: Patralekha to Deepika padukone; wedding outfit had a special message