ബോളിവുഡ് താരം ദിയാ മിര്‍സയുടെ വിവാഹ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ് സമൂഹമാധ്യമങ്ങൾ. ഏറെ നാളത്തെ പ്രണയത്തിലൊടുവിലാണ് ദിയ വൈഭവ് റെക്കിയെ വിവാഹം കഴിക്കുന്നത്. വിവാഹദിനത്തില്‍ വസ്ത്രത്തിലും ആഭരണങ്ങളിലും ദിയ പാലിച്ച മിതത്വവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ദിയയുടെ വിവാഹവസ്ത്രത്തെ മറ്റൊരു ബോളിവുഡ് താരത്തിന്റെ വസ്ത്രവുമായി താരതമ്യം ചെയ്യുകയാണ് ഫാഷനിസ്റ്റകള്‍. ദീപിക പദുക്കോണിന്റെ ദീപാവലി സാരിയും ദിയയുടെ വിവാഹ സാരിയും തമ്മിലുള്ള സാമ്യമാണ് വൈറലാകുന്നത്.

ചുവപ്പു നിറത്തിലുള്ള ബനാറസി സാരിയാണ് വിവാഹദിനത്തില്‍ ദിയ ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഡിസൈനുകളും ബോര്‍ഡറുമായിരുന്നു സാരിയുടെ പ്രത്യേകത. എന്നാല്‍ ഇതേ ഡിസൈനിലുള്ള സാരിയാണ് ഇക്കഴിഞ്ഞ ദീപാവലിക്ക് ദീപിക പദുക്കോണ്‍ ധരിച്ചിരുന്നതെന്നാണ് പലരുടെയും കണ്ടെത്തല്‍. മാത്രമല്ല ഇരുവരുടേയും ഹെയര്‍സ്‌റ്റൈലും സമാനമായിരുന്നു. ലിപ്സ്റ്റിക് ഷേഡും ആഭരണങ്ങളും മാത്രമേ വ്യത്യസ്തമായിരുന്നുള്ളു എന്നാണ് പലരും പറയുന്നത്.

കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കായിരുന്നു ദീപികയുടേതെങ്കിൽ ദിയയുടേത് ബ്രൈറ്റ് പിങ്ക് ലിപ്സ്റ്റിക് ആയിരുന്നു. മെറൂണ്‍ പൊട്ടും കുന്ദന്‍ ചോക്കറും ഗോള്‍ഡ് ജിമുക്കിയുമൊക്കെയാണ് ദിയ അണിഞ്ഞിരുന്നത്. സാധാരണ കാണാറുള്ള ചുവപ്പ് നിറത്തിലുള്ള വളകള്‍ക്ക് പകരം മഹാരാഷ്ട്രിയന്‍ സ്‌റ്റൈലിലുള്ള പച്ചനിറത്തിലുള്ള വളകളാണ് ദിയ തിരഞ്ഞെടുത്തിരുന്നത്.

ഇന്ത്യന്‍ ഫാഷന്‍ ലേബലായ റോ മാംഗോയുടേതാണ് ഇരുവരും ധരിച്ച സാരികള്‍.

Content Highlights: Dia Mirza’s Banarasi red bridal saree same as Deepika Padukone’s last Diwali one