സാരിയോടുള്ള പ്രണയത്തേക്കുറിച്ച് മനസ്സു തുറക്കുകയാണ് നര്‍ത്തകി രാജശ്രീ വാര്യര്‍.

ഇത്രയും വശ്യമായ മറ്റൊരു വസ്ത്രമില്ല, നീളമുള്ള തുന്നാത്ത വസ്ത്രം തരുന്ന ചലന സ്വാതന്ത്ര്യവും. ഇവ രണ്ടും ചേര്‍ന്നതാണ് എനിക്ക് സാരി. ഓര്‍മകളെന്നു പറയാന്‍ പറ്റില്ല, സാരി അണിഞ്ഞുള്ള ചില സന്ദര്‍ഭങ്ങളാണ് മനസ്സിലുള്ളത്. തീരെ ചെറുതായിരുന്ന എന്നെ ഗുരുനാഥ സാരിയുടുപ്പിച്ചതാണ് ആദ്യം മനസ്സിലെത്തുന്നത്. ആറാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ആ വലിയ കസവുള്ള പട്ടുസാരിയില്‍ എന്നെ കാണില്ലായിരുന്നു. പിന്നീട് എത്രയെത്ര വേദികളില്‍ സാരിയില്‍ ഞാന്‍ ചിലങ്കയണിഞ്ഞു.

rajashree warrier
ഫോട്ടോ: വിവേക് ആര്‍. നായര്‍

ശരിക്കു പറഞ്ഞാല്‍ സാരി ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. അമ്മയുടെ സാരി വലിച്ചുവാരിയുടുത്ത് ടീച്ചര്‍ ചമയാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടാവില്ല. ആ ചെറുപ്രായത്തില്‍ തന്നെ അധികാരമുള്ള, ബഹുമാനമുള്ള ഒരു സ്ത്രീയായി അവള്‍ മാറുന്നത് സാരി അണിയുന്നതിലൂടെയാണ്. സാരിയുടെ ഭംഗിയേക്കാള്‍ അതണിയുമ്പോള്‍ നമ്മുടെ ഉള്ളിലെ വ്യക്തിത്വമോ കലയോ പ്രാഗത്ഭ്യമോ ആണ് തെളിഞ്ഞിരിക്കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഒരു സ്ത്രീക്ക് ഏറ്റവും നന്നായി അണിയാവുന്നതും മോശമായി അണിയാവുന്നതുമായ വേഷം സാരിയാണ്. ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിച്ചും അണിയാം. നല്ല ഒതുക്കമുള്ള ശരീരത്തെയും കാണിക്കാം. അത്തരത്തില്‍ സാരിയുടുക്കുന്നതില്‍ ഭംഗി തോന്നിയിട്ടുള്ളത് ശോഭനയെയാണ്. എന്തൊരു സൗന്ദര്യമാണ് സാരി അവര്‍ക്ക് നല്‍കുന്നത്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: dancer rajashree warrier on her love for saree