സിനിമാ താരങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമൊക്കെ അറിയാന്‍ താല്‍പര്യമുള്ളവര്‍ ഏറെയാണ്. ഇപ്പോഴിതാ ബോളിവുഡിലെ ബ്യൂട്ടി ഐക്കണായ കരീന കപൂറും അത്തരത്തിലൊരു ചര്‍ച്ചയില്‍ ഇടം നേടിയിരിക്കുകയാണ്. സാധാരണയായി വ്യത്യസ്തമാര്‍ന്ന ലുക്കുകളുടെ പേരിലാണ് സമൂഹമാധ്യമം കരീനയെ പിന്തുടരാറുള്ളതെങ്കില്‍ ഇത്തവണ അത് കരീനയുടെ ബാഗിന്റെ പേരിലാണ്.

ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തൈമുറിനുമൊപ്പം പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പറക്കാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കരീന പിടിച്ച ബാഗാണ് ശ്രദ്ധിക്കപ്പെട്ടത്. വെറുമൊരു ബാഗല്ല, ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഹെര്‍മിസ് ഹിമാലയ ബിര്‍ക്കിന്റെ ബാഗാണ് കരീനയുടെ കയ്യിലുണ്ടായിരുന്നത്. ഇതിന്റെ ഏകദേശ വിലയാകട്ടെ എട്ടരലക്ഷവും. 

ബാഗിന് ഈ പേരു വന്നതിനു പിന്നിലും ചരിത്രമുണ്ട്. നടി ജെയ്ന്‍ ബിര്‍ക്കിന്റെ പേരില്‍ നിന്നാണ് ഈ ബാഗിനും പേരു ലഭിച്ചത്. 1984ല്‍ ഹെര്‍മിസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജീന്‍ ലൂയിസ് ഡുമാസിനെ ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ കണ്ട ബിര്‍ക്കിന്‍ തനിക്ക് യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ഒപ്പം സ്റ്റൈലിഷ് ലുക്കുമുള്ള ലെതര്‍ബാഗ് പ്രത്യേകം നിര്‍മിച്ചു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീടുണ്ടായത് ചരിത്രമായി. 

മുതലയുടേയും കന്നുകാലിയുടേയും ഒട്ടകപ്പക്ഷിയുടേയുമൊക്കെ തൊലി ഉപയോഗിച്ച് ഫ്രാന്‍സില്‍ നിര്‍മിക്കുന്ന ഹെര്‍മിസ് ബാഗുകളുടെ ആവശ്യക്കാരിലേറെയും സെലിബ്രിറ്റികളാണ്. ഹെര്‍മിസ് ബാഗുകള്‍ ഏറ്റവുമധികം കൈവശമുള്ളവരിലൊരാള്‍ മോഡലും ഡിസൈനറുമായ വിക്ടോറിയ ബെക്കാമാണ്, ഏതാണ്ട് 100ഓളം ബിര്‍കിന്‍സ് ബാഗുകളാണ് വിക്ടോറിയയുടെ പക്കലുള്ളത്.

Content Highlights: cost of kareena kapoor bag