കോവിഡിനെത്തുടർന്ന് ലോകമെമ്പാടും നടത്തിയിരുന്ന പല പരിപാടികളും റദ്ദാക്കിയിരുന്നു. ഫാഷൻ വേദികളെല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് കളം മാറിയ വർഷമാണിത്. പ്രശസ്തമായ ലാക്മെ ഫാഷൻ വീക്കും ചരിത്രത്തിലാദ്യമായി വിർച്വലായി നടത്തിയിരിക്കുകയാണ്. ഷോയിൽ നടി ആതിയ ഷെട്ടി ധരിച്ച വസ്ത്രത്തിനു പിന്നാലെയാണ് ഇപ്പോൾ ആരാധകർ. 

ഡിസൈനർ ഐഷാ റാവുവിനു വേണ്ടിയാണ് ആതിയ റാംപിൽ ചുവടുവച്ചത്. വ്യത്യസ്തമായ ആതിയയുടെ വസ്ത്രത്തിന് ഏറെ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. കാഴ്ചയിലെ സൗന്ദര്യം മാത്രമല്ല ആതിയയുടെ വസ്ത്രത്തിന്റെ പ്രത്യേകത. ഉപയോ​ഗശൂന്യമായ മെറ്റീരിയൽ കൊണ്ടാണ് ആതിയയുടെ ലെഹം​ഗ ചോളി ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഇക്കാര്യം ഫോട്ടോസഹിതം ആതിയ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. സസ്റ്റെയ്നബിൾ ഫാഷന്റെ പ്രാധാന്യം വിളിച്ചുപറയുന്നതാണ് ഐഷയുടെ കളക്ഷനെന്നും ഉപേക്ഷിച്ച വസ്ത്രങ്ങളില്‍നിന്നുള്ള നൂലുകളാണ്‌ ഫാബ്രിക് ആയി ഉപയോ​ഗിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് ആതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

മെറൂണും നീലയും ചുവപ്പുമൊക്കെ കലർന്ന് പല വർണങ്ങളിലുള്ള ലെഹം​ഗ ചോളിയാണ് ആതിയ ധരിച്ചിരുന്നത്. ഫുൾ സ്ലീവോടു കൂടിയ ബ്ലൗസും പോക്കറ്റോടു കൂടിയ ലെഹം​ഗയുമാണത്. മിനിമൽ മേക്അപ്പും അഴിച്ചിട്ട മുടിയിഴകളും താരത്തിന്റെ സൗന്ദര്യം കൂട്ടി. 

Content Highlights: Athiya Shetty wears lehenga choli made of sock waste