പ്രേമത്തിലെ മേരിയുടെ മുടിയഴകിനെ കേരളം ആഘോഷമാക്കിയപ്പോള്‍ ഹിറ്റായത് അനുപമ പരമേശ്വരന്‍ എന്ന പുതുമുഖ നായികയും അവരുടെ സ്‌റ്റൈലും കൂടിയാണ്. അവസരത്തിന് അനുയോജ്യമായി വസ്ത്രവും മേക്കപ്പും തിരഞ്ഞെടുക്കാന്‍ ശ്രദ്ധചെലുത്തുന്ന അനുപമ അടുത്തിടെ സ്‌റ്റൈല്‍ കോളങ്ങളില്‍ നിറഞ്ഞത് തെലുഗുചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രസ് ധരിച്ചെത്തിയാണ്. വസ്ത്രധാരണത്തിലായാലും മേക്കപ്പിലായാലും മിനിമലിസ്റ്റിക് ആയിരിക്കാനാണ് അനുപമയ്ക്ക് ഇഷ്ടം. 

''ഇപ്പോഴാണ് ഡ്രസിലും മേക്കപ്പിലും ഹെയര്‍സ്‌റ്റൈലിലും ഒക്കെ ശ്രദ്ധിച്ചുതുടങ്ങുന്നത്. സാധാരണയായി കണ്ണെഴുതാറില്ല. എന്തെങ്കിലും ഫങ്ഷനോ മറ്റോ ഉണ്ടെങ്കില്‍ വല്ലപ്പോഴും ഐലൈനര്‍ ഉപയോഗിക്കാറുണ്ട്. അല്ലെങ്കില്‍ ഷൂട്ടിനോ മറ്റോ മാത്രമാണ് കണ്ണെഴുതുന്നത്. ഏറ്റവും മിനിമല്‍ മേക്കപ്പ് ആണ് എനിക്ക് ഇഷ്ടം. ഒരുപാട് മേക്കപ്പ് മുഖത്തിടുന്നതല്ല സൗന്ദര്യം. നമ്മുടെ ഫീച്ചേഴ്സിനെ, അതിന്റെ ഭംഗിയെ എടുത്തുകാട്ടാനാകണം മേക്കപ്പ്. ഏറ്റവും സിംപിള്‍ ആയിരിക്കുന്നതാണ് ഏറ്റവും ഭംഗി. പ്രൊഫഷണല്‍ ലൈഫില്‍ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ചുള്ള മേക്കപ്പ് കൂടിയേ തീരൂ. സാധാരണമായി ലിപ്സ്റ്റിക്ക് അല്ലെങ്കില്‍ ലിപ്ഗ്ലോസ് ഉപയോഗിക്കാറുണ്ട്. 

ലിപ്സ്റ്റിക്കില്‍ ഫേവറിറ്റ് ഷേഡ്സ് ഒന്നുമില്ല. അവസരത്തിനനുസരിച്ചുള്ള ഷേഡുകള്‍ തിരഞ്ഞെടുക്കും. ന്യൂട്രല്‍ ഷേഡ്സ് ആണ് പൊതുവേ ഇഷ്ടം. അവസരത്തിനൊത്ത് ബ്രൈറ്റ് നിറങ്ങളും ഉപയോഗിക്കാറുണ്ട്. മാറ്റ് ഫിനിഷ് ലിപ്സ്റ്റിക്ക് ആണ് ഇഷ്ടം. പ്രത്യേകമായി ഒരു ബ്രാന്‍ഡിനോടും ക്രേസ് ഉള്ള ആളല്ല. മാക് ഇഷ്ടപ്പെട്ട ഒരു ബ്രാന്‍ഡാണ്.'' ലിപ്ഗ്ലോസ് അല്ലെങ്കില്‍ ലിപ്സ്റ്റിക്ക്, ഒരല്പം സണ്‍സ്‌ക്രീന്‍ ലോഷന്‍... അതിലൊതുങ്ങും അനുപമയുടെ നോര്‍മല്‍ലൈഫ് മേക്കപ്പ്. 

''മേക്കപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിന് പ്രശ്‌നം വരാം. പക്ഷേ, അതിനായി പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. വീട്ടിലെത്തി ആ അന്തരീക്ഷവുമായി ചേര്‍ന്നുകഴിയുമ്പോള്‍ സ്‌കിന്‍ പതുക്കെ റിപ്പയര്‍ ആകും. വല്ലപ്പോഴും തൈര് ഉപയോഗിക്കാറുണ്ട്. പണ്ടൊക്കെ തൈരും കടലമാവും കസ്തൂരിമഞ്ഞള്‍പൊടിയും മിക്സ് ചെയ്ത് തേക്കുമായിരുന്നു. ഇപ്പോള്‍ മടിയായി. മുടിക്കുവേണ്ടി ഒന്നും ചെയ്യാറില്ല. മുന്‍പ് നന്നായി എണ്ണയിട്ട് ഷാംപു പുരട്ടി കഴുകുമായിരുന്നു. ഇപ്പോള്‍ മുഖക്കുരു വന്നു തുടങ്ങി. അതുകൊണ്ട് ഡോക്ടര്‍ പറഞ്ഞു കുറച്ചുനാളത്തേക്ക് തലയില്‍ അധികം എണ്ണ തേയ്ക്കണ്ട എന്ന്. പാര്‍ലറില്‍ പോകാറുണ്ട്. ത്രഡ്ഡിങ്, പെഡിക്യൂര്‍, മാനിക്യൂര്‍ അങ്ങനെ സാധാരണ എല്ലാവരും ചെയ്യുന്നതൊക്കെ ഞാനും ചെയ്യാറുണ്ട്. തോന്നിയാല്‍ മാത്രം വര്‍ക്കൗട്ടിന് പോകും. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പക്ഷേ, നല്ല ഭക്ഷണത്തോടുള്ള ഇഷ്ടത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. അതുകൊണ്ട് നിയന്ത്രണങ്ങളും ഇല്ല.''