സ്റ്റെയിനബിൾ ഫാഷനെക്കുറിച്ച് തനിക്ക് ലഭിക്കുന്ന വേദികളിലെല്ലാം സംസാരിക്കുന്നയാളാണ് ഹോളിവുഡ്താരം ആഞ്ജലീന ജോളി. പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ടെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ആഞ്ജലീന. അടുത്തിടെ ഒരു പൊതുവേദിയിൽ ആഞ്ജലീനയുടെ പഴയ വസ്ത്രങ്ങൾ ധരിച്ചാണ് പെൺമക്കൾ അമ്മയ്ക്കൊപ്പമെത്തിയത്. 

എറ്റേർണൽസ് എന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീമിയറിനെത്തിയതായിരുന്നു ആഞ്ജലീനയും മക്കളും. ഒലിവിയർ റൂസ്റ്റീനിങ്ങിന്റെ പുതിയ കളക്ഷനിൽ നിന്നുള്ള ഒലിവ് ​ഗ്രീൻ ​ഗൗണിൽ അതിസുന്ദരിയായാണ് ആഞ്ജലീന എത്തിയത്. എന്നാൽ അമ്മയേക്കാൾ പെൺമക്കളുടെ വസ്ത്രമാണ് പലരുടെയും ശ്രദ്ധ ആകർഷിച്ചത്. 

ആഞ്ജലീനയുടെ ചില പഴയ​ ​ഗൗണുകൾ ധരിച്ചാണ് മക്കളായ ഷിലോയും സഹാറയും വേദിയിലെത്തിയത്. 2014ലെ അക്കാദമി അവാർഡ് ചടങ്ങിൽ ആഞ്ജലീന ധരിച്ച തിളങ്ങുന്ന ​ഗൗണാണ് സഹാറ ധരിച്ചത്. ജൂലൈയിൽ വനിതാ സംരംഭകരുടെ ചടങ്ങിൽ ധരിച്ച പോപ്ലിൻ വസ്ത്രമാണ് ഷിലോ ധരിച്ചത്. തന്റെ പഴയ ഓസ്കാർ വസ്ത്രങ്ങളും മാറ്റം വരുത്തിയവയുമൊക്കെയാണ് മക്കൾ ചടങ്ങിനായി ധരിച്ചതെന്ന് ആഞ്ജലീന പറഞ്ഞു. 

വസ്ത്രങ്ങൾ പുനരുപയോ​ഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തയാളാണ് താനെന്ന് ആഞ്ജലീന നേരത്തേ പറഞ്ഞിട്ടുണ്ട്. ​ഗുണമേന്മയുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നയാളാണ് താൻ, മരണം വരെ അവ ഉപയോ​ഗിക്കണമെന്നും ആ​ഗ്രഹമുണ്ടെന്നും താരം അടുത്തിടെ പറയുകയുണ്ടായി. 

Content Highlights: Angelina Jolie’s daughters rehash her old looks