ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയിട്ടുള്ള താരമാണ് ബോളിവുഡ് താരം ആലിയ ഭട്ട്. സമൂഹമാധ്യമത്തിലും താരത്തിന് ധാരാളം ആരാധകരാണുള്ളത്. വിവിധ ലുക്കുകളിലുള്ള ചിത്രങ്ങളും ആലിയ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവച്ച ഒരു എയർപോർട്ട് ചിത്രത്തിന് കീഴെ നിരവധി പേരാണ് ട്രോളുകളുമായി എത്തിയിരിക്കുന്നത്. 

നീലനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ആലിയ എത്തിയത്. ബ്ലൂ ക്രോപ് ടോപ്പും ലെതർ പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. എന്നാൽ ഇത്  ദീപിക പദുക്കോണിന്റെ ശൈലി കോപ്പി ചെയ്യുന്നതാണ് എന്നാണ് ആരാധകരിൽ ചിലരുടെ പക്ഷം. 

അടുത്തിടെ ദീപിക പങ്കുവച്ച എയർപോർട്ട് ലുക്കിന് സമാനമായിരുന്നു ഇതെന്നാണ് പലരുടെയും കണ്ടെത്തൽ. ബ്രൗൺ നിറത്തിലുളള ലെതർ പാന്റ്സും ബ്ലാക്ക് ആൻഡ് വൈറ്റ് ടോപ്പുമാണ് അന്ന് ദീപിക ധരിച്ചിരുന്നത്. ദീപികയുടെ പാന്റ്സിന്റെ ഡിസൈൻ കോപ്പി ചെയ്യുകയായിരുന്നു ആലിയ എന്ന് ചിത്രങ്ങൾക്ക് കീഴെ പലരും കമന്റ് ചെയ്തു. 

ദീപികയുടെ എയർപോർട്ട് ലുക്കുകളും ഹെയർസ്റ്റൈലുകളും ഇഷ്ടമാണെന്ന് ഒരിക്കൽ പറഞ്ഞ ആലിയ അതേയാളെ കോപ്പി ചെയ്യുന്നു എന്ന് ചിലർ കമന്റ് ചെയ്തു. നടത്തം പോലും ദീപികയുടേത് പോലെയാക്കി എന്നും ദീപികയെ കോപ്പി ചെയ്യുന്നത് ഒന്നു നിർത്താമോ എന്നും ദീപികയെ കോപ്പി ചെയ്യും മുമ്പ് ഇത്തരം വസ്ത്രങ്ങൾ തനിക്ക് ചേരില്ലെന്ന് ആലിയ മനസ്സിലാക്കണം എന്നുമൊക്കെ വിമർശിക്കുന്നവരുണ്ട്. 

അതേസമയം ആലിയയിൽ ദീപികയുമായി തോന്നിയ സാമ്യം തികച്ചും യാദൃശ്ചികമാവാമെന്നും ഇനി കോപ്പി ചെയ്താൽപ്പോലും അതിനെ വിമർശിക്കാൻ മറ്റുള്ളവർക്ക് എന്താണ് അവകാശമെന്നും ചോദിച്ച് താരത്തിന് പിന്തുണ അറിയിക്കുന്നവരുമുണ്ട്. 

Content Highlights: Alia Bhatt Gets Trolled For Donning Leather Pants, Netizens Accuse Her Of Copying Deepika Padukone