ലോകത്തെ ഏറ്റവും സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. വിവാഹിതയായപ്പോഴും അമ്മയായപ്പോഴുമൊന്നും ആഷിന്റെ സൗന്ദര്യത്തിന് തെല്ലും കോട്ടം സംഭവിച്ചില്ല. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിലൂടെയാണ് ഐശ്വര്യ സുന്ദരിയായതെന്ന വിവാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ ഗോസിപ്പുകള്‍ക്ക് ചുട്ടമറുപടിയുമായി ഐശ്വര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണോ' എന്നു ചോദിച്ചാല്‍ 'ഒരിക്കലുമില്ല' എന്നു മറുപടി പറയുന്ന നടീനടന്മാര്‍ ഉള്ളപ്പോള്‍ ചോദ്യത്തോടു പൊട്ടിത്തെറിക്കാതെയും നിഷേധിക്കാതെയും മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ. എന്തു മാറ്റങ്ങള്‍ക്കു വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം എന്നതാണ് പ്രധാനമെന്നാണ് ആഷ് പറഞ്ഞത്.

''ഇരുപതു വര്ഷങ്ങള്‍ക്കു മുമ്പ് എന്നെങ്കിലും മുടി കളര്‍ ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഞാന്‍ ഇല്ലെന്നായിരിക്കും പറയുക. പിന്നീട് ഞാന്‍ ഒരു ബ്രാന്‍ഡിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും അതു വിജയകരമാവുകയും ചെയ്തു.''

പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നു പറയാതെ പറയുന്നതാണ് ആഷിന്റെ വാക്കുകളെന്നാണ് ആരാധകരുടെ വാദം. ഒന്നുമില്ലെങ്കിലും ചെയ്ത കാര്യത്തെ നിഷേധിക്കുകയോ തള്ളിപ്പറയുകയോ ചെയ്യാതെ അതിനെക്കുറിച്ച് ബോധ്യമുള്ളവര്‍ മാത്രം സ്വീകരിക്കണമെന്നു പറഞ്ഞ വാക്കുകളെ പോസിറ്റീവ് ആയി തന്നെയാണ് കണക്കാക്കേണ്ടതെന്നാണ് പലരും പറയുന്നത്.  

ഇതുവരെ ഡയറ്റുകള്‍ സ്വീകരിക്കേണ്ടി വരാത്തതില്‍ താന്‍ ഭാഗ്യവതിയാണെന്നും ഐശ്വര്യ പറയുന്നു. ''ചിലര്‍ക്ക് ഡയറ്റ് പിന്തുടരേണ്ടി വന്നേക്കാം. മിക്കയാളുകള്‍ക്കും നല്ല ശരീരമുണ്ടാകും, എന്നാലും സപ്ലിമെന്റ്‌സ് എടുക്കും. സപ്ലിമെന്റ്‌സിനെക്കുറിച്ചും ധാരാളം വാദങ്ങള്‍ നടക്കുന്നുണ്ട്. കൃത്യമായി ഉറപ്പുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുക. മെഡിക്കല്‍ വിദഗ്ധരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു പോകൂ. ഏതു കാര്യം തിരഞ്ഞെടുക്കുമ്പോഴും അതിനു പിന്നിലെ ശാസ്ത്രം കൂടി അറിഞ്ഞിരിക്കണം''- ഐശ്വര്യ പറഞ്ഞു.

Content Highlights: aishwarya rai on plastic surgery