സൗന്ദര്യത്തിനായി ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങാറുള്ളവരാണ് മിക്കവരും. ഫേഷ്യല്‍, സ്പാ, മാനിക്യൂര്‍, പെഡിക്യൂര്‍ തുടങ്ങി നിരവധി ട്രീട്‌മെന്റുകളും നിലവിലുണ്ട്. ഗോള്‍ഡ് പേള്‍, ഡയമണ്ട് തുടങ്ങിയ മുന്തിയ ഇനങ്ങളില്‍ തുടങ്ങി ഫ്രൂട്ട് ഫേഷ്യല്‍, സിമ്പിള്‍ ഫേഷ്യല്‍ എന്നിവയാണ് സാധാരണ  നമ്മള്‍ ചെയ്ത് വരുന്ന ഫേഷ്യലുകള്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഭീകരമായ ചില സൗന്ദര്യ വര്‍ധക ഫേഷ്യലുകളും സ്പാകളുമുണ്ട്. നമുക്കൊക്കെ ചിന്തിക്കാവുന്നതിനപ്പുറം സൗന്ദര്യം തേടി ആള്‍ക്കാര്‍ പോയിരിക്കുന്നു എന്നതിന്റെ തെളിവായ ചില ട്രീറ്റ്മെന്റുകള്‍.

  • സ്വര്‍ണം കൊണ്ടുള്ള ഫേഷ്യല്‍ 

ഗോള്‍ഡ് ഫേഷ്യല്‍ എന്ന് കേട്ടിട്ടുണ്ടാകും. സ്വര്‍ണത്തരികള്‍ അടങ്ങിയ വസ്തുക്കള്‍ കൊണ്ടുള്ളതാണ് ഈ ഫേഷ്യല്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥമായ 24 കാരറ്റ് സ്വര്‍ണം കൊണ്ടുള്ള ഫേഷ്യലും ഇന്ന് ലഭ്യമാണ്. അമിതമായ കൊഴുപ്പടിയുന്ന സെല്ലുലൈറ്റുകളെയും ചുളിവുകളെയുമെല്ലാം ഈ ഫേഷ്യല്‍ കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

  • മത്സ്യമുട്ടകൊണ്ടുള്ള ഫേഷ്യല്‍ 

caviar facial

ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണപദാര്‍ഥമാണ് കാവിയര്‍ (ഒരു തരം സ്രാവിന്റെ കറുത്ത മുട്ട). രാജകീയ ഭക്ഷണങ്ങളുടെ ഗണത്തില്‍ പെടുന്ന ഇനം. വിറ്റാമിന്‍ എ, ബി, ഡി എന്നിവയുടെ കലവറയാണ് ഈ മുട്ടകള്‍. അതിനാല്‍ തന്നെ ചര്‍മത്തിന് യുവത്വം നല്‍കാനും പ്രായത്തെ ചെറുക്കാനുമുള്ള വില കൂടിയ  ക്രീമുകളിലും മറ്റും ഇവ ഒരു ചേരുവയാണ്. ചര്‍മത്തിലെ ചുളിവുകളും മറ്റും മാറ്റാന്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്ന കാലം കഴിഞ്ഞു. പ്രായത്തെ തടുത്ത് തിളങ്ങുന്ന ചര്‍മം നേടാന്‍ മീന്‍മുട്ടകൊണ്ടുള്ള ഫേഷ്യല്‍ ചെയ്‌തോളു.

  • തേനീച്ച വിഷം കൊണ്ടുള്ള ഫേഷ്യല്‍ 

ഒരു തേനീച്ച കുത്തിയാല്‍ കുറച്ച് ദിവസത്തേക്ക് ആ ഭാഗത്ത് എന്ത് വേദനയായിരിക്കും. പക്ഷെ തേനീച്ച വിഷം നിങ്ങളുടെ ചര്‍മം സുന്ദരമാക്കുമെന്നറിയുമോ? എന്ന് കരുതി തേനീച്ച കൂട്ടില്‍ പോയി തല വെക്കരുത്. വിഷം വേര്‍തിരിച്ചെടുത്ത് ക്രീമുകളിലും മറ്റും പ്രധാന ചേരുവയായി ചേര്‍ത്താണ് ഇതിനെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കുന്നത്. വിക്ടോറിയ ബെക്കാം. കേറ്റ് മിഡില്‍ട്ടന്‍ എന്നിവര്‍ ഈ ഫേഷ്യലിന്റെ ആരാധികമാരാണത്രെ. 

  • മറുപിള്ള കൊണ്ടുള്ള ഫേഷ്യല്‍ 

ഓക്കാനിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. താന്‍ തന്റെ പ്രസവശേഷം മറുപിള്ള ഭക്ഷിച്ചുവെന്ന് പ്രമുഖ ടെലിവിഷന്‍ താരമായ കിം കര്‍ദാഷിയാന്‍ ഒരിക്കല്‍ ഒരു ടി.വി ഷോയില്‍ പറഞ്ഞത് ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാല്‍ കിമ്മിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോള്‍ ഇത് വച്ചുള്ള ക്രീമുകളും ഫേഷ്യലുകളും ലഭ്യമാണ്.

  • പാമ്പിനെ കൊണ്ടുള്ള സ്പാ 

snake spa


പാമ്പിന്റെ വിഷവും തേനീച്ചയുടെ വിഷത്തെ പോലെ ഫേഷ്യല്‍ ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ പറഞ്ഞു വരുന്നത് പാമ്പിൻ വിഷത്തെ കുറിച്ചല്ല. മറിച്ച് ജീവനുള്ള പാമ്പിനെ ശരീരത്തില്‍ കൂടി ഇഴയാന്‍ വിട്ടിട്ടുള്ള സ്പായെക്കുറിച്ചാണ്. പാമ്പുകളുടെ ചലനം ശരീരത്തിന് നല്ല മസ്സാജ് നല്‍കി ചര്‍മത്തിന് യുവത്വം നല്കുമത്രേ. 

  • വാംമ്പയര്‍ ഫേഷ്യല്‍ 

vampire facial


അതെ. പേര് സൂചിപ്പിക്കുന്നപോലെ തന്നെ രക്തം ഉപയോഗിച്ചുള്ള ഫേഷ്യലാണിത്. ചെറിയ സൂചികളുപയോഗിച്ച് അവനവന്റെ ശരീരത്തിലെ രക്തം തന്നെയാണ് ഫേഷ്യലിനായി ശേഖരിക്കുക. 

  • ബിയര്‍ സ്പാ 

ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാമ്പുകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ? ബിയര്‍ സ്പാ അങ്ങനെയാണ്. അക്ഷരാര്‍ഥത്തില്‍  ബിയറിലുള്ള മുങ്ങിക്കുളി. ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവ കൂടുതലായി പ്രചാരത്തിലുള്ളതത്രെ.

  • ഒച്ചിനെ കൊണ്ടുള്ള ഫേഷ്യല്‍ 

snail facial


കണ്ടാല്‍ അറപ്പുളവാക്കുന്ന ഒച്ചുകളെ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാക്കാറുണ്ടെന്ന് അറിയുമോ? ഒച്ചിന്റെ ശരീരത്തിലെ ദ്രവം ചര്‍മ്മത്തിന് വളരെ നല്ലതാണത്രേ. ജീവനുള്ള ഒച്ചിനെ മുഖത്ത് ഇഴയാന്‍ വിട്ടാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്.

  •  തീ കൊണ്ടുള്ള ഫേഷ്യല്‍ 

ഞെട്ടണ്ട സത്യമാണ്. ആല്‍ക്കഹോളിലും പ്രത്യേക സുഗന്ധദ്രവ്യത്തിലും മുക്കിയ തുണി മുഖത്തിട്ട ശേഷം അതിനു മുകളില്‍ തീ കത്തിച്ചാണ് ഈ ഫേഷ്യല്‍ ചെയ്യുന്നത്. സുഗന്ധ ദ്രവ്യം പുരട്ടിയ ഭാഗങ്ങളിലേക്ക് പതിയെ തീ വ്യാപിക്കുന്നു. ചർമത്തെ ഉത്തേജിപ്പിച്ച് പ്രായത്തെ ചെറുക്കന്‍ ഈ ഫേഷ്യല്‍ കൊണ്ട് സാധ്യമാകുമെന്നാണ് പറയപ്പെടുന്നത്.

ഒക്കെ ശരി . ഈ ഫേഷ്യലുകള്‍ ചെയ്യാന്‍ ധൈര്യമുള്ള എത്ര ആളുകളുണ്ട്..

കടപ്പാട് : ഇന്ത്യൻ മെയ്ക്കപ്പ് ആൻഡ് ബ്യൂട്ടി ബ്ലോഗ്