സുന്ദരമായ ചര്‍മത്തിനും മുടിക്കും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് നമുക്കറിയാം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും, മൃതകോശങ്ങളെ അകറ്റി ചര്‍മം തിളങ്ങാനും വെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാല്‍ പിഴവുകളില്ലാത്ത മേക്കപ്പിനും വെള്ളം പ്രധാനം തന്നെയെന്ന് അറിയുമോ. 

  • മേക്കപ്പ് ദീര്‍ഘനേരം നിലനിര്‍ത്താന്‍ വെള്ളം കൊണ്ട് സാധിക്കും. മേക്കപ്പ് ചെയ്യുന്നതിന് മുന്‍പ് അല്പം വെള്ളം മുഖത്ത് സ്‌പ്രേ ചെയ്തു കൊടുക്കുന്നത്  മേക്കപ്പ് ഇളകി പോകാതെ ദീര്‍ഘനേരം നിര്‍ത്താന്‍ സഹായിക്കും. മുഖത്ത് വെള്ളം സ്‌പ്രേ ചെയ്തതിന് ശേഷം ഒരു ടിഷ്യു വച്ച് ഒപ്പിക്കൊടുത്ത് മീതെ മേക്കപ്പ് ഇടുക. 
  • കണ്ണുകളുടെ മേക്കപ്പ് കൂടുതല്‍ ഹൈലൈറ് ചെയ്ത് കാണിക്കാന്‍ വെള്ളം മതി. ഐ മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷ് വെള്ളത്തിലൊന്നു മുക്കി മേക്കപ്പ് ചെയ്തതിനു മുകളിലൂടെ ഒന്ന് ഓടിച്ചോളൂ. വെള്ളം കൂടി പോകാതെ നോക്കണം. ഇത് കണ്ണുകള്‍ക്ക് തിളക്കം നല്‍കും.
  • ഫൗണ്ടേഷന്‍ തുല്യ അളവില്‍ മുഖത്ത് ഓരോ ഭാഗങ്ങളിലും ഇട്ടില്ലെങ്കില്‍ ഭയങ്കര ബോറാണ്. ഫൗണ്ടേഷന്‍ പാണ്ട് പിടിച്ചത് പോലെ കിടക്കുന്നത് ഒഴിവാക്കാനായി വെള്ളം ഉപയോഗിക്കാം. ഫൌണ്ടേഷന്‍ കട്ടിയില്‍ കിടക്കുന്ന ഭാഗത്ത് അല്പം വെള്ളം ഉറ്റിച്ച് ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് സ്‌പ്രെഡ് ചെയ്ത് കൊടുത്താല്‍ മതി. 
  • ഐഷാഡോ തീര്‍ന്ന് തുടങ്ങിയോ? ബാക്കി കിടക്കുന്ന ഐഷാഡോയില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട നിറത്തിലുള്ള കസ്റ്റമൈസ്ഡ് ഐഷാഡോ ഉണ്ടാക്കാന്‍ വെള്ളം ഉപയോഗിക്കാം. ഇഷ്ടമുള്ള രണ്ടു നിറങ്ങള്‍ വൃത്തിയുള്ള ചെറിയ ബൗളില്‍ എടുത്ത് അല്പം വെള്ളം വച്ച് മിക്‌സ് ചെയ്ത് പുതിയ നിറമാക്കി മാറ്റം. വെള്ളം കൂടി പോയാല്‍ ഐഷാഡോ ഐലൈനര്‍ ആയിപോകുമെന്ന കാര്യം മറക്കണ്ട.