കൊറോണക്കാലമാണ് ലോക്ക്ഡൗണാണ്. വീടിന് പുറത്തൊന്നും അത്യാവശ്യത്തിനല്ലാതെ ഇറങ്ങുന്നില്ല. അപ്പോള്‍ പിന്നെ ചര്‍മസംരക്ഷണമൊന്നും വേണ്ടല്ലോ എന്നാണോ. സണ്‍സ്‌ക്രീനും നൈറ്റ്ക്രീമുമൊക്കെ ഒരു അരികില്‍ ഒതുക്കിയോ... വീട്ടിലിരുന്നാലും അല്‍പസ്വല്‍പം ചര്‍മസംരക്ഷണമൊക്കെയാവാം. ഇനി പണിത്തിരക്കിനിടയില്‍ നേരമില്ലെന്ന പരതിയും വേണ്ട്. അടുക്കളയില്‍ തന്നെയുണ്ട് ചര്‍മത്തിലെ കരിവാളിപ്പു മാറാനും നിറംകൂട്ടാനുമുള്ള വഴികള്‍. 

ചര്‍മത്തിലെ കരിവാളിപ്പ് മാറാന്‍ തക്കാളി

സെന്‍സിറ്റീവ് സ്‌കിന്നാണോ, എങ്കില്‍ ചര്‍മത്തിലെ കരിവാളിപ്പ് മാറാനും നിറം വയ്ക്കാനും തക്കാളിയാണ് ഉത്തമം. തക്കാളിയിലെ ബ്ലീച്ചിങ് ഏജന്റാണ് ഇതിന് പിന്നില്‍. തക്കാളി നന്നായി ഉടച്ച് നേരിട്ടുതന്നെ മുഖത്തും കൈകാലുകളിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. 

നാരങ്ങാനീരും ഉരുളക്കിഴങ്ങും

ഉരുളക്കിഴങ്ങ് എല്ലാവരുടെയും അടുക്കളയിലുണ്ടാവും. നാരങ്ങ കൂടിയുണ്ടെങ്കില്‍ ഒന്നാംതരം ഫേസ്പാക്ക് തയ്യാറാക്കാം. ഉരുളക്കിഴങ്ങ് വിറ്റാമിനുകളുടെ കലവറയാണ്, നാരങ്ങ നാച്വറല്‍ ബ്ലീച്ചിങ് ഏജന്റും. ഉരുളക്കിഴങ്ങനെ പേസ്റ്റ് രൂപത്തിലാക്കി ഇതിലല്‍പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് ഇടാം. ഇരുപത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

കട്ടിത്തൈരും കടലമാവ്

ചര്‍മത്തിലെ മൃദകോശങ്ങളെ നീക്കാന്‍ കടലമാവ് ധാരാളം മതി. മാത്രമല്ല ചര്‍മത്തിന് തിളക്കം കൂടാനും ഇത് പുരട്ടുന്നത് നല്ലതാണ്. കട്ടിത്തൈരും കടലപ്പൊടിയം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചര്‍മത്തില്‍ പുരട്ടാം. 

പാലും മഞ്ഞളും

മഞ്ഞളും പാലുമൊക്കെ പണ്ടുകാലം മുതലേ ചര്‍മ സംരക്ഷണത്തിനുള്ള പൊടികൈകളാണ്. ക്രീമുകളുടെ കാലമൊക്കെ വന്നപ്പോള്‍ പലരും മറന്നതാണെന്ന് മാത്രം. ഒരു ബൗളില്‍ അല്‍പം പാലെടുത്ത് അതില്‍ കാല്‍ സ്പൂണ്‍ മഞ്ഞള്‍ ചേര്‍ക്കാം. ഇത് ഒരു കൊട്ടണ്‍ബോള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകാം.

Content Highlights: Use These Kitchen Ingredients for skin glow