പോഷക​ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് ഭക്ഷണ ഉപയോ​ഗങ്ങൾക്കെന്ന പോലെ മികച്ചൊരു സൗന്ദര്യ വർധക വസ്തുവുമാണ്. താരനകറ്റാനും മുടികൊഴിച്ചിൽ തടയാനും ചർമ സൗന്ദര്യത്തിനുമൊക്കെ ബീറ്റ്റൂട്ട് മികച്ച പ്രതിവിധിയാണ്. 

കണ്ണിനു താഴെയുള്ള കറുപ്പകറ്റാൻ

കണ്ണിനു കീഴെയുള്ള കറുപ്പകറ്റാൻ പലവഴികളും ശ്രമിച്ച് പരാജയപ്പെട്ടവരുണ്ട്. അത്തരക്കാർക്ക് മികച്ച മാര്‍ഗ്ഗമാണ് ബീറ്റ്റൂട്ട്. ഒരു ചെറിയ പാത്രത്തിൽ ബീറ്റ്റൂട്ട് ജ്യൂസും തേനും പാലും മിക്സ് ചെയ്തുവെക്കുക. ഇതിലേക്ക് അൽപം പഞ്ഞിയെടുത്ത് മുക്കി കൺപോളകളിൽ വെക്കുക. പത്തു മിനിറ്റിനുശേഷം കഴുകിക്കളയാം. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ്. 

മുടികൊഴിച്ചിൽ തടയാൻ

കാലാവസ്ഥയും പോഷകങ്ങളുടെ കുറവുമൊക്കെ മുടികൊഴിച്ചിലിന് കാരണങ്ങളാണ്. ഇതിന് മികച്ച പ്രതിവിധിയാണ് പൊട്ടാസ്യം, അയേൺ തുടങ്ങിയവയാൽ സമൃ​ദ്ധമായ ബീറ്റ്റൂട്ട്. രണ്ട് ബീറ്റ്റൂട്ട് എടുത്ത് ഇഞ്ചിനീരും രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിലുമായി മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടുക. ഇരുപതു മിനിറ്റോളം വച്ചതിനുശേഷം കഴുകിക്കളയാം. 

താരനകറ്റാൻ

താരനകറ്റാനും ബീറ്റ്റൂട്ട് കൊണ്ടൊരു വഴിയുണ്ട്. ബീറ്റ്റൂട്ട് ജ്യൂസിനൊപ്പം അൽപം വിനാ​ഗിരിയോ ചെറുചൂടുവെള്ളമോ ചേർക്കുക. ഇത് മുടിയിഴകളിൽ പുരട്ടുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകിക്കളയാം. താരൻ മൂലമുള്ള ചൊറിച്ചിൽ അകറ്റാനും മികച്ച വഴിയാണിത്. 

മുഖക്കുരു 

എണ്ണമയമുള്ള ചർമ്മക്കാർ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരു. ഇതൊഴിവാക്കാനായി ബീറ്റ്റൂട്ട് ജ്യൂസും തക്കാളി ജ്യൂസും തുല്യ അളവിൽ എടുക്കുക. ശേഷം മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം. ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും അകറ്റാനും ഈ രീതി നല്ലതാണ്. 

മൃദുവാർന്ന ചർമം

തിരക്കേറിയ ജീവിതത്തിൽ ചർമ്മത്തെ പരിപാലിക്കാനും സമയം കണ്ടെത്തണം. മൃദുവാർന്ന ചർമ്മത്തിന് ബീറ്റ്റൂട്ട് കൊണ്ടൊരു വഴിയുണ്ട്. രണ്ടു സ്പൂൺ തൈര് ചേർത്ത് ബീറ്റ്റൂട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അൽപം ആൽമണ്ട് ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം ശരീരത്തിലോ മുഖത്തോ പുരട്ടാം. മസാജ് ചെയ്തതിനു ശേഷം ഇരുപതു മിനിറ്റോളം വെക്കുക. തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയാം. 

Content Highlights: Use Beetroot For Healthy Skin And Hair Beauty Tips