മഴക്കാലമായാല്‍ ഷൂ വൃത്തിയാക്കുന്നത് വലിയൊരു തലവേദനയാണ്. നനഞ്ഞാല്‍ ഉണങ്ങാത്ത ഇവ ചിലപ്പോള്‍ ദുര്‍ഗന്ധം പരത്തും. ചിലത് കാലില്‍ അണുബാധക്കും മറ്റും കാരണമാകും. മാത്രമല്ല കൈകളേക്കാള്‍ കൂടുതല്‍ രോഗാണുക്കളെ വീടുകളിലേയ്ക്ക് കൊണ്ടുവരുന്നതും ഈ പാദരക്ഷകള്‍ വഴിയാണ്. കൊറോണക്കാലമായതിനാല്‍ കൈകള്‍ കഴുകുന്നതുപോലെ പ്രധാനമാണ് ചെരിപ്പുകളുടെ വൃത്തിയുമെന്ന് ചുരുക്കം. അതുകൊണ്ട് കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്നതുപോലെ ദിവസവും ഷൂസ് വൃത്തിയാക്കുകയും വേണം. ഷൂസ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
1. വീടിനു പുറത്ത് പോകുമ്പോഴും അകത്ത് വരുമ്പോഴും വേറെ വേറെ ചെരിപ്പുകള്‍ ഉപയോഗിക്കാം. പുറത്ത് ഉപയോഗിച്ച ചെരിപ്പുകള്‍ വാതിലിന് പുറത്ത് തന്നെ ഊരി വയ്ക്കാം. ഇത് എല്ലാ ദിവസവും വൃത്തിയാക്കാനും മറക്കേണ്ട. ആരോഗ്യ മേഖലയിലും മറ്റും ജോലി ചെയ്യുന്നവര്‍ ചരിപ്പുകള്‍ എല്ലാ ദിവസവും വൃത്തിയാക്കാന്‍ മടിക്കേണ്ട. ഷൂസ് കൈകൊണ്ട് അഴിച്ചുമാറ്റിയാല്‍ കൈകള്‍ ഉടനെ കഴുകി വൃത്തിയാക്കണം
2. ഷൂസിന്റെ സോളില്‍ ധാരാളം അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയുണ്ട്. എല്ലാ ദിവസവും ഒരു ഫൂട്ട് മാറ്റ് ഉപയോഗിച്ച് സോളുകള്‍ വൃത്തിയാക്കിയാല്‍ മതി.
3. ഷൂസ് നിത്യവും കഴുകാനാവില്ല. ഇതിന് പകരം ഷൂസിന്റെ പുറം ഭാഗം ചെറുതായി ചൂടാക്കിയ വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാം. സാനിറ്റൈസിങ് വൈപ്പ്‌സ് ഉപയോഗിച്ച് തുടിച്ചാലും മതി. സാനിറ്റൈസിങ് സ്‌പ്രേ ഷൂസിനുള്ളില്‍ സ്‌പ്രേ ചെയ്താല്‍ ഉള്ളിലുള്ള രോഗാണുക്കള്‍ നശിക്കും.
4. ഷൂസ് ഇടയ്ക്ക് സൂര്യപ്രകാശമുള്ള സ്ഥലത്ത് വയ്ക്കുന്നതും നല്ലതാണ്. മാത്രമല്ല അണുക്കളെ നശിപ്പിക്കുന്ന സ്‌പ്രേ അടിച്ച ഉടനെ ഷൂസ് തുടച്ച് വൃത്തിയാക്കേണ്ട. അല്‍പനേരം കഴിഞ്ഞ് ഉണങ്ങിയ തുണിയോ വൈപ്പ്‌സോ ഉപയോഗിച്ച് തുടയ്ക്കാം.
5. പലരും സോക്‌സ് ഷൂവിനൊപ്പം തന്നെ അഴിച്ച് അതിനുള്ളില്‍ വയ്ക്കുന്ന പതിവുണ്ട്. ഇതും നല്ലതല്ല. സോക്‌സ് അലക്കാനുള്ള മറ്റ് തുണികളുടെ ഒപ്പം ഇട്ടുവയ്ക്കുകയും വേണ്ട. പകരം അതാത് ദിവസം തന്നെ സോക്‌സ് കഴുകിയെടുക്കാം.
6. മഴക്കാലത്ത് കഴിയുന്നതും കഴുകിയെടുക്കാവുന്ന വാട്ടര്‍ പ്രൂഫ് ചെരിപ്പുകളാണ് നല്ലത്.
Content Highlights: tips to disinfect your footwear