റക്കക്കുറവും വിശ്രമരഹിതയായ ജീവിതവുമൊക്കെ മൂലം പലരും നേരിടുന്ന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്തപാട്. അവനവനു വേണ്ടി അൽപം സമയം കണ്ടെത്താൻ ശ്രമിച്ചാൽ തന്നെ ഈ പ്രശ്നത്തെ ഒരുപരിധിവരെ പമ്പ കടത്താം. ഇപ്പോഴിതാ ഈ പ്രശ്നത്തിന് പരിഹാരമായി സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ കുറച്ച് ടിപ്സ് പങ്കുവെക്കുകയാണ്. 

വീട്ടിൽ തന്നെ ചെയ്യാവുന്ന അഞ്ച് പൊടിക്കൈകളാണ് റുജുത പങ്കുവെച്ചിരിക്കുന്നത്. മാനസികമായും ശാരീരികമായും സ്വീകരിക്കേണ്ട ശീലങ്ങളും അക്കൂട്ടത്തിലുണ്ട്. ആദ്യത്തേത് പ്രത്യേകതരം ചായ ഉണ്ടാക്കുന്ന വിധമാണ്. ഇഞ്ചിയും തുളസിയും കുങ്കുമപ്പൂവും ചേർത്ത് ചായ തയ്യാറാക്കി അതിൽ തേൻ ചേർത്ത് ദിവസത്തിലൊരു നേരം കുടിക്കുന്നത് നല്ലതാണെന്ന് റുജുത പറയുന്നു. 

മറ്റൊന്ന് നിലക്കടലയും ശർക്കരയും തേങ്ങയും കൊണ്ടുള്ള വിദ്യയാണ്. നാലുമണിച്ചായയ്ക്ക് ബേക്കറി സ്നാക്സ് കഴിക്കുന്നതിനു പകരം ഇവ മൂന്നും അൽപാൽപം എടുത്ത് ബൗളിലാക്കി കഴിക്കുകയാണ് രണ്ടാമത്തെ ടിപ്. 

അടുത്തതായി കടലമാവും പാലും കൊണ്ടുള്ള പൊടിക്കൈയാണ്. അൽപം കടലമാവെടുത്ത് അതിലേക്ക് ശുദ്ധമായ പാലൊഴിച്ച് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തിന് നല്ലൊരു ക്ലെൻസറാണ്. കഴുകുമ്പോൾ സോപ്പോ ഫേസ്വാഷോ ഉപയോ​ഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് റുജുത പറയുന്നു.

നാലാമത്തേത് ഉച്ചയുറക്കമാണ്. സമ്മർദമകറ്റാൻ അരമണിക്കൂർ ഉറക്കം നല്ലതാണ്. അതിൽ കൂടുകയുമരുത്. ഒപ്പം രാത്രിയുറക്കം പതിനൊന്നു മണിക്കു മുമ്പ് ആക്കുകയും വേണം. 

ഓൺലൈനിലും ഓഫ്ലൈനിലും വിദ്വേഷകരമായി സംസാരിക്കുന്നവരെ അകറ്റി നിർത്തുക എന്നതാണ് അവസാനത്തേത്. ശാരീരിക ആരോ​ഗ്യത്തിന് മാനസിക സന്തോഷവും പ്രധാനമാണെന്ന് വ്യക്തമാക്കുകയാണ് റുജുത. 

Content Highlights: tips for dark circles by rujuta diwekar