ഭംഗി എന്നാല്‍ വെളുത്ത നിറം ആണെന്ന നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടിന് ഇനിയും മാറ്റങ്ങള്‍ ഏറെ വരാനുണ്ട്. 'കാണാന്‍ നല്ല സുന്ദരിയാ, കുറച്ച് നിറം കുറവാണെന്നേയുള്ളൂ..' എന്ന പറച്ചില്‍ നമുക്ക് സുപരിചിതമായിരിക്കും. ഇതനുസരിച്ചാണ് നമ്മുടെ സോഷ്യല്‍ മീഡിയയിലേയും മൊബൈല്‍ ക്യാമറയിലെയും ഫില്‍റ്ററുകള്‍ വരെ. എന്നാല്‍ ഇതിനെതിരെ സംസാരിക്കുന്നവരും ഏറെയുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ ബ്ലാക്ക്‌ഫേസ് ഫില്‍റ്ററാണ്.

വാലിയ ബേബിക്യാറ്റ്‌സ് എന്ന അക്കൗണ്ട് ഉടമ തന്റെ ട്വിറ്ററിലാണ് ഈ വര്‍ണവിവേചനത്തെ പറ്റി തുറന്നു പറയുന്നത്. അതിന് ഉദാഹരണമായി നിരവധി ചിത്രങ്ങളും വീഡിയോകളും ഇവര്‍ പങ്കുവയ്ക്കുന്നുണ്ട്. 

'എല്ലാ വീഡിയോകളുടെയും തുടക്കത്തില്‍ ആളുകളുടെ മുഖം കറുത്തതാണ്, ഒപ്പം വിഷമം നിറഞ്ഞതും. ചിലര്‍ തങ്ങളുടെ മുഖത്ത് തൊട്ടശേഷം കൈയില്‍ നോക്കി മുഖം ചുളിക്കുന്നതും കാണാം. പിന്നീട് കറുത്തനിറം മാറി ഒരിജിനല്‍ വെളുത്ത നിറത്തിലേക്ക് വരുമ്പോള്‍ സന്തോഷഭാവമായി മാറുന്നതും വീഡിയോയില്‍ ഉണ്ട്. എന്താണ് ഈ ആളുകളുടെ പ്രശ്‌നം. എന്തിനാണ് ഫെയര്‍ ആന്‍ഡ് ലൗലി എന്നതിനെ ഇത്രയും ഗ്ലോറിഫൈ ചെയ്യുന്നത്...' എന്നാണ്  ഇവര്‍ ചോദിക്കുന്നത്. ഈ ഫില്‍ട്ടര്‍ ട്രെന്‍ഡ് നീക്കം ചെയ്യണമെന്നും ഇത് വര്‍ണവിവേചനമാണെന്നും അവര്‍ കുറിക്കുന്നുണ്ട്. 

ധാരാളം ആളുകള്‍ ഈ പോസ്റ്റിന് മറുപടിയുമായി എത്തുന്നുണ്ട്. വര്‍ണവിവേചനം നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതിന്റെ തെളിവാണ് ഇതെല്ലാം എന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.

Content Highlights:The 'Racist' Instagram Filter, Twitter User Calls Out 'Blackface' Trend