ബോഡി പോസിറ്റിവിറ്റിയെ പറ്റി ധാരാളം ചര്‍ച്ചകള്‍ നടക്കുന്ന സമയമാണ് ഇത്. സ്വന്തം ശരീരത്തെ അതിന്റെ കുറവുകളോടെ തന്നെ സ്‌നേഹിക്കാനും അംഗീകരിക്കാനും സന്ദേശം നല്‍കുന്ന ധാരാളം ചര്‍ച്ചകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ബംഗാളി താരം സ്വാസ്തിക മുഖര്‍ജിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ബോഡിപോസിറ്റിവിറ്റിയെ പറ്റിയാണ്

'നിങ്ങളുടെ ശരീരത്തിലെ കുറവുകളെ സ്‌നേഹിക്കൂ, അവയെ താലോലിക്കൂ..' എന്ന ക്യപ്ഷനോടെയാണ് സ്വാസ്തിക തന്റെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ഫാഷന്‍ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് നാല്‍പതുകാരിയായ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'യാഥാര്‍ത്ഥ്യബോധമില്ലാത്ത അത്രയും വലിയ സൗന്ദര്യ സങ്കല്‍പമുള്ള ആളുകള്‍ ജീവിക്കുന്ന രാജ്യമാണ് നമ്മുടേത്. അത്തരം സങ്കല്‍പങ്ങളോട് എനിക്ക് പുശ്ചമാണ്. എല്ലാ ശരീരങ്ങളും മനോഹരമാണ്. അത്തരമൊരു ചിന്ത നമ്മുടെ മനസ്സില്‍ ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്.' താരം കുറിക്കുന്നു. 

'ഞാന്‍ പഴയ ആളാണ്. ഞാന്‍ എന്റെ ശരീരം എങ്ങനെയാണോ അങ്ങനെ അതിനെ അംഗീകരിക്കുന്നു. ഈ ചിത്രങ്ങള്‍ ഫില്‍ട്ടറുകളില്ലാതെ എനിക്കു തന്ന ഫോട്ടോഗ്രാഫറോട് നന്ദിയുണ്ട്. നിങ്ങളുടെ ശരീരത്തിലെ കുറവുകളെ, പാടുകളെ, മുറിവുകളെ താലോലിക്കൂ, സ്‌നേഹിക്കൂ, എനിക്ക് അങ്ങനെ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും.' സ്വാസ്തിക തന്റെ ആരാധകരോട് പറയുന്നത് ഇങ്ങനെ.

Content Highlights: Swastika Mukherjee Has Body Positivity All Figured Out