അന്നും പുറത്തിറങ്ങുന്നവരെയാണ് ചൂടും വെയിലും കൂടുതല്‍ ബാധിക്കുക. ചര്‍മ്മത്തിന്റെ ഭംഗിയും ആരോഗ്യവും നഷ്ടപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. സ്ത്രീകള്‍ ചന്ദന-കുങ്കുമ ലേപനങ്ങള്‍ തേച്ച്്, അയഞ്ഞ ശ്വേത വസ്ത്രങ്ങള്‍ ധരിച്ച്, മുത്തുമാലകള്‍ ചാര്‍ത്തി, സുഗന്ധപൂഷ്പങ്ങള്‍ ചൂടി ശീതളപാനീയങ്ങള്‍ കുടിച്ച്, ശ്വേത പുഷ്പങ്ങളാല്‍ വീട് അലങ്കരിച്ച് വേനല്‍ക്കാലം സുഗമമാക്കാണമെന്ന്് ആയുര്‍വേദം പറയുന്നു. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുക അസാധ്യമാണ്. എന്നാല്‍ ദിവസവും ചെയ്യുന്ന കാര്യങ്ങളില്‍ ചിലത് നിയന്ത്രിച്ചും ചിലത് ഉള്‍ക്കൊള്ളിച്ചും വേനല്‍കാല പ്രശ്‌നങ്ങളെ പരിഹരിക്കാം. ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ചര്‍മ്മസംരക്ഷണത്തിലുമാണ് ശ്രദ്ധിക്കേണ്ടത്.

ചൂടുകുരു

വേനല്‍കാലത്തെ പ്രധാന വില്ലന്‍ ചൂടുകുരുവാണ്. വിയര്‍പ്പും പൊടിയും തട്ടി ഗ്രന്ഥികള്‍ അടഞ്ഞു പോകുന്നുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വിയര്‍പ്പ് ചര്‍മ്മത്തിനടിയില്‍ തങ്ങി നിന്ന് ചുവന്ന പാടുകള്‍ വീഴുകയും മുള്ളു പോലുള്ള ചൂടുകുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കഴുത്തിനു പിന്നിലും വസ്ത്രങ്ങള്‍ മൂടുന്ന ഭാഗത്തുമാണ് ഇവ കൂടുതലുണ്ടാവുക. ദിവസവും രണ്ടു നേരം കുളിക്കുക, നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുക. നാളികേരവെള്ളത്തില്‍ കോട്ടണ്‍ മുക്കി ശരീരം തുടയ്ക്കുന്നത് ചൂടുകുരു വരുന്നത് തടയും. കുട്ടികളെ കുളിപ്പിക്കുന്നതിനുമുമ്പ് നാളികേരവെള്ളത്തില്‍ ദേഹം കഴുകിക്കുന്നതാണ് നല്ലത്. ചൂടുകുരു ആദ്യഘട്ടത്തില്‍ ചെറിയ കുരുകളായിരിക്കും. രണ്ടാംഘട്ടത്തില്‍ വലിയ ചുവന്ന കുരുക്കളായി മാറും. ഇതു നിസ്സാരമായി തള്ളരുത്, വൈദ്യസഹായം തേടണം.

കുളി

വേനല്‍കാലത്ത് സൂര്യോദയത്തിനു മുന്നെ കുളിക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. രണ്ടാമത്തെ കുളി അസ്തമയം കഴിഞ്ഞ് ഉറങ്ങുന്നതിന് തൊട്ടു മുന്‍പും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശീലമുള്ളവര്‍ക്ക് നാല്‍പ്പാമരപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കാം. കുളിക്കാനുള്ള വെളളത്തില്‍ തലേ ദിവസം രാത്രി രാമച്ചം ഇട്ടുവെയ്ക്കുന്നത് വെള്ളത്തിന് കുളിര്‍മയേകും, രാമച്ചത്തിന്റെ സുഗന്ധം ശരീരത്തിന്റെ വിയര്‍പ്പുമണം ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യും. തണുത്തവെളളത്തില്‍ കുളിക്കുന്നവര്‍ക്ക് ഇത് ശീലമാക്കാം. വൈകുന്നേരം കുളിക്കാനുള്ള വെള്ളത്തില്‍ അല്‍പം നാരാങ്ങാനീര് പിഴിയുന്നത് ദേഹശുദ്ധിക്കും ഉന്‍മേഷത്തിനും നല്ലതാണ്. കുളിക്കുന്നതിനു മുമ്പ് തലയില്‍ വെളിച്ചെണ്ണ തേക്കാം. തലയില്‍ തേക്കുന്നതിനൊപ്പം അല്‍പം വെളിച്ചെണ്ണ കാലിനടിയിലും. ചെവിയിലും തേക്കാം. കുഴമ്പ് തേക്കുന്നതു ശീലമുള്ളവര്‍ക്ക് നാല്‍പ്പാമരാദിതൈലം, പിണ്ഡതൈലം തുടങ്ങി കട്ടികുറഞ്ഞ തൈലങ്ങള്‍ തേക്കാം.

വെള്ളം

ദിവസവും 8-10 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് ഉന്‍മേഷം ലഭിക്കാനും ഒപ്പം നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും സഹായിക്കുന്നു, ശരീരത്തിലെ അഴുക്ക് പുറത്തു കളയാനും വെള്ളം സഹായിക്കുന്നു. സാധ്യമെങ്കില്‍ പുറത്തുപോകുമ്പോഴെല്ലാം ഒരു കുപ്പി വെള്ളം കരുതുക. ഓരോ 30 മിനുട്ട് കൂടുമ്പോഴും വെള്ളം കുടിക്കണം എന്നാണ് കണക്ക്. എ.സി മുറിയിലിരിക്കുന്നര്‍ക്ക് ദാഹം അനുഭവപ്പെടില്ല. എന്നാല്‍ അവരറിയാതെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകാറുണ്ട്. അതുകൊണ്ട് ദാഹമില്ലെങ്കിലും ഇടയ്ക്ക് വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം വീട്ടില്‍ നിന്ന് എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. വീട്ടിലാണെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളം മണ്‍കലത്തില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.

നന്നാറി, ജീരകം, കൊത്തമല്ലി, കൂവ എന്നിവയിട്ട് തിളപ്പിച്ച വെള്ളം കടിക്കുന്നത് വേനല്‍ കാലത്ത് നല്ലതാണ്. വെള്ളം വേണ്ട അളവില്‍ കുടിച്ചില്ലെങ്കില്‍ മൂത്രസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തഴുതാമ, നെരുഞ്ഞില്‍ തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക.

ഭക്ഷണം

പാവക്ക, പടവലം, ഇളവന്‍ തുടങ്ങിയ തിക്തരസപ്രധാനമായ പച്ചക്കറികളും വെളളരിക്ക, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉള്ളി, കോളിഫ്ലാവര്‍ തുടങ്ങിയ നീരുള്ള പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പാല്‍ കുടിക്കുന്നത് ചൂടുകാലത്ത് നല്ലതാണ്. കാരറ്റ് മില്‍ക്ക്, ബീറ്റ്‌റൂട്ട് മില്‍ക്ക് എന്നിവ ചൂടുകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്ലതാണ്. കാരറ്റ് പുഴുങ്ങി, പാല്‍ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താണ് കാരറ്റ് മില്‍ക്ക് ഉണ്ടാക്കുന്നത്. ക്യാരറ്റ് പുഴുങ്ങിയ വെള്ളവും ജ്യൂസില്‍ ചേര്‍ത്താല്‍ സത്ത് ഒട്ടും നഷ്ടമാകാതെ നോക്കാം. പച്ചക്കറി കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്കും ഇത് ഇഷ്ടപ്പെടും. ആന്റി ഓക്‌സിസഡന്റായ കാരറ്റ് ചര്‍മ്മത്തിന് നല്ലതാണ് ഒപ്പം കണ്ണുകളുടെ ആരോഗ്യത്തിനും. മുരങ്ങയില ഒരുപാട് ഔഷധഗുണം ഉള്ളതാണെങ്കിലും വേനല്‍കാലത്ത് അധികം കഴിക്കുന്നത് ദഹനത്തെ ബാധിക്കും.

മുഖക്കുരു പ്രശ്‌നമായിട്ടുളളവര്‍ കണ്ണിമാങ്ങ കഴിക്കുന്നത് മുഖക്കുരു അധികമാകാന്‍ കാരണമാകും. തൈര് തണുപ്പാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചൂടുകാലത്ത് തൈര് കുടിക്കുന്നത് നല്ലതല്ല, പകരം മോര് എത്ര വേണമെങ്കിലും കുടിക്കാം. സംഭാരമാണ് ദാഹത്തിനു ഏറ്റവും നല്ലത്. ചൂടുകാലത്ത് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന് നെല്ലിക്കയാണ്. നെല്ലിക്ക ജ്യൂസായോ, ഉപ്പിലിട്ടോ കഴിക്കാം. കരിമ്പ് ജ്യൂസ് കുടിക്കുന്നതും ശരീരം തണുപ്പിക്കും. തണ്ണിമത്തന്‍, ഓറഞ്ച്, മാങ്ങ, ചക്ക, മുന്തിരി, മൂസമ്പി, ഇളനീര്‍, ചെറുപഴം തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

കണ്ണുകളുടെ സംരക്ഷണം

ചെങ്കണ്ണ് പോലുള്ള പകര്‍ച്ചവ്യാധികള്‍, പോളക്കുരു എന്നിവയാണ് ചൂടുകാലത്ത് കണ്ണിനു വരുന്ന പ്രധാന പ്രശ്‌നങ്ങള്‍. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് വെയ്ക്കുന്നത് കണ്ണിനെ സംരക്ഷിക്കും. പച്ചമല്ലി ചതച്ച് കിഴിയാക്കി തലേ ദിവസം വെള്ളത്തിലിട്ട് വയ്ക്കുക, പിറ്റേ ദിവസം ഈ വെള്ളത്തില്‍ കണ്ണുകഴുകുന്നത് പോളക്കുരു വരാതിരിക്കാനും കണ്ണിന് കുളിര്‍മ്മയേകാനും നല്ലതാണ്.

പുറത്തെ ചൂടില്‍നിന്ന് വന്ന് വിയര്‍പ്പുമാറുന്നതിനു മുമ്പ് കുളിക്കുന്നവരുണ്ടാകും, എന്നാല്‍ ഇതു കണ്ണിനു ദോഷംചെയ്യും. വിയര്‍പ്പ് ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വറ്റി ശരീരം തണുത്തശേഷമേ കുളിക്കാവൂ. മുലയൂട്ടുന്ന അമ്മമാരാണെങ്കില്‍ കണ്ണില്‍ മുലപ്പാലൊഴിക്കുന്നതും നല്ലതാണ്. തണുത്ത പാലില്‍ കോട്ടണ്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. പത്തു മിനുട്ടിനുശേഷം മുഖം മുഴുവനും ഇളം ചൂടുവെള്ളത്തിലും പിന്നെ തണുത്ത വെളളത്തിലും കഴുകുക. കണ്ണിന്റെ ആരോഗ്യം കാലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ കാലിന്റെ സംരക്ഷണത്തിനും ചൂടുകാലത്ത് ഏറെ ശ്രദ്ധിക്കണം.

സമ്മര്‍ ഫേഷ്യലുകള്‍

ചൂടു കൂടുതലുള്ള സമയങ്ങളില്‍ (പകല്‍ 11മണി മുതല്‍ വൈകീട്ട് 3മണിവരെ) കഴിവതും പുറത്തിറങ്ങാതെ നോക്കുക. യാത്രചെയ്യുമ്പോള്‍ കുട ചൂടാന്‍ ശ്രദ്ധിക്കണം. ദിവസം നാലഞ്ചു തവണയെങ്കിലും മുഖം കഴുകുക. വെള്ളരിക്കാ നീരും തണ്ണിമത്തങ്ങാനീരും സമം എടുത്ത് മുഖത്ത് പുരട്ടുന്നതും പനിനീര് കോട്ടണില്‍ മുക്കി മുഖത്ത് തടവുന്നതും നല്ലതാണ്. കുങ്കുമാദിലേപം, രക്തചന്ദനം, ചന്ദനം എന്നിവ മുഖത്തു പുരട്ടുന്നതും മുഖസൗന്ദര്യം കൂട്ടും. തക്കാളി, തൈര് എന്നിവയും മുഖത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. വെയിലുകൊണ്ട് ചര്‍മ്മം വാടാതിരിക്കാന്‍ കറ്റാര്‍വാഴയുടെ നീര് മുഖത്തുപുരട്ടുന്നത് നല്ലതാണ്.

പഴുത്ത മാങ്ങയുടെ ചാറ് വെറുതെ മുഖത്തും കഴുത്തിലും പുരട്ടുന്നതുതന്നെ ഗുണം ചെയ്യും.

പഴുത്ത മാങ്ങ ഉടച്ച് ഒരു ടേബിള്‍ സ്പൂണ്‍ തൈരും, നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടി 15 മിനുട്ട് വയ്ക്കുക, തണുത്ത വെളളത്തില്‍ കഴുകി കളയുക.

പഴുത്ത മാങ്ങയും ഒരു മുട്ടയുടെ വെളളയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനുട്ടിനുശേഷം കഴുകിക്കളയുക. ചര്‍മ്മം തിളങ്ങും.

നാല് ടേബിള്‍സ്പൂണ്‍ പഴുത്ത മാങ്ങയുടെ സത്ത്, മൂന്ന് ടേബിള്‍ സ്പൂണ്‍ ഓട്‌സ് പൊടിച്ചത്, രണ്ട് ടേബിള്‍ സ്്പൂണ്‍ ബദാം, 3-4 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട എന്നിവ ചാലിച്ച് 20 മിനുട്ട് മുഖത്ത് പുരട്ടുക. ചര്‍മ്മം വൃത്തിയാകും.

നേന്ത്രപ്പഴം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തും. നേന്ത്രപ്പഴം ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. അഞ്ച് മിനുട്ട് ചെറുതായി മസാജ് ചെയ്യുക. 20 മിനുട്ടിനുശേഷം കഴുകിക്കളയാം.

പഴുത്ത പപ്പായയുടെ ചാറും അല്പം വെള്ളരിക്കാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് തിളക്കം കൊണ്ടുവരും.

വെള്ളരിക്ക വട്ടത്തില്‍ മുറിച്ചെടുത്ത് 5 മിനുട്ട്് മുഖത്ത് ഉരസുക. മുഖം കഴുകിയ ശേഷം തക്കാളി നെടുകെ മുറിച്ച് മുഖത്ത് ഉരസുക. അഞ്ച് മിനുട്ട് ഇങ്ങനെ തുടര്‍ന്ന ശേഷം മുഖം കഴുകുക. വെള്ളരിക്ക ഉടച്ച് പത്ത് മിനുട്ട് മുഖത്ത് പുരട്ടുക.

ഉറുമാമ്പഴം, പഴുത്ത പപ്പായ, പാല്‍ എന്നിവ ചേര്‍ത്ത് 20 മിനുട്ട് മുഖത്ത് തേക്കുന്നതാണ് മറ്റൊരു ഫേഷ്യല്‍.


കടപ്പാട്: ഡോ. പ്രവീണ.പി.നായര്‍, നേത്രചികിത്സ, കോഴിക്കോട്‌