രസ്യങ്ങളിലെ മോഡലുകളെ പോലെയാകാന്‍ കൊതിക്കാത്ത ഏത് സ്ത്രീകളാണുള്ളത്. അവരെ പോലെ വടിവൊത്ത ശരീരവും തിളങ്ങുന്ന മിനുസമാര്‍ന്ന സ്‌ട്രെച്ച് മാര്‍ക്കുകളോ, മറ്റുപാടുകളോ ഇല്ലാത്ത ചര്‍മവും ഇടതൂര്‍ന്ന മുടിയും വിടര്‍ന്ന കണ്ണുകളും കണ്ട് സ്വന്തം ശരീരത്തിലേക്ക് നോക്കി നെടുവീര്‍പ്പിടുന്നവരാണ് സ്ത്രീകളില്‍ ഏറിയപങ്കും. ഒത്തുതീര്‍പ്പുകള്‍ക്ക് ഒരിക്കലും വഴങ്ങാത്ത ഫാഷന്‍ ലോകത്തില്‍ ഇതിനൊരപവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടണിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് വസ്ത്രവ്യാപാരി മിസ്‌ഗൈഡഡ്. സ്ത്രീ ശരീരത്തെ അതിന്റെ സ്വാഭാവികതളൊന്നും നഷ്ടപ്പെടാതെ യഥാര്‍ഥമായി തന്നെ ചിത്രീകരിച്ചിരിക്കുകയാണ് ഇവര്‍. 

തങ്ങളുടെ ഏറ്റവും പുതിയ വസ്ത്രമോഡലുകളണിഞ്ഞ് നില്‍ക്കുന്ന സ്ത്രീകളുടെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ എഡിറ്റിങ്ങിലൂടെ മറക്കാതെയാണ് ഇത്തവണ സൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ത്രീകളെ യഥാര്‍ഥമായും ആധികാരികമായും ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. 

എന്നാല്‍ ഇതുസംബന്ധിച്ച് വലിയ കൊട്ടിഘോഷങ്ങള്‍ക്കൊന്നും മിസ്‌ഗൈഡഡ് മിനക്കെട്ടില്ല. സൈറ്റിലെത്തിയ ഉപഭോക്താക്കള്‍ തന്നെയാണ് സൈറ്റിന്റെ പുതിയ നയത്തെ തിരിച്ചറിഞ്ഞത്. അറിഞ്ഞവര്‍ അറിഞ്ഞവര്‍ കമ്പനിയുടെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി. മോഡലുകളുടെ ശരീരവും തങ്ങളുടേത് പോലെത്തന്നെയാണെന്നറിഞ്ഞ പല സ്ത്രീ ഉപഭോക്താക്കളും തങ്ങളുടെ ആത്മവിശ്വാസം കൂടിയതായി സാക്ഷ്യപ്പെടുത്തുന്നു. 

Model
Image Courtesy: Misguided

എഡിറ്റ് ചെയ്യാത്ത ഇത്തരം ചിത്രങ്ങള്‍ ഉത്സാഹം നല്‍കുന്നതാണെന്നും മിസ്‌ഗൈഡഡ് ഈ ചിത്രങ്ങളിലൂടെ നല്‍കുന്ന സന്ദേശത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഉപഭോക്താവായ മര്‍നീ പോള്‍ക്ക് ട്വീറ്റ് ചെയ്തു.  'ഇത്തരത്തില്‍ എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റില്‍ നിന്ന് പര്‍ച്ചേസ് നടത്താന്‍ സാധ്യത കൂടുതലാണ്. ഈ വസ്ത്രങ്ങള്‍ എനിക്കും അനുയോജ്യമാണെന്നും ഞാനും മറ്റുള്ളവരെ പോലെ തികച്ചും സാധാരണക്കാരിയാണെന്നും ഞാന്‍ ചിന്തിക്കും. മാത്രമല്ല ഇതെന്നില്‍ ആത്മവിശ്വാസവും നിറക്കുന്നു.' പോള്‍ക്ക് കുറിക്കുന്നു. പോള്‍ക്കിനെ പോലെ നിരവധി പേരാണ് സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസം വന്നതായി സൂചിപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

'ഇത്തരം ചിത്രങ്ങളെ ഉപഭോക്താക്കളെ കാണിക്കുന്നതിലൂടെ നിങ്ങള്‍ക്കോ നിങ്ങളുടെ ശരീരത്തിനോ ഒരു കുഴപ്പവുമില്ലെന്നാണ് ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം കുറവുകള്‍ സ്വീകരിക്കുക, വ്യക്തിത്വത്തെ ആഘോഷിക്കുക, ലോകം പരിപൂര്‍ണമെന്ന് വാഴ്ത്തുന്നവക്ക് പിറകെ ഒരിക്കലും പോകരുത്. കാരണം അത്തരം പരിപൂര്‍ണത നിലവിലില്ലാത്തതാണ്.'  മിസ്‌ഗൈഡഡ് പറയുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മിസഗൈഡഡിന്റെ നിലപാടിനെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. 

Model
Image Courtesy : Missguided

ഇത്തരത്തില്‍ ബോഡി പോസിറ്റിവിറ്റി സന്ദേശങ്ങളുമായി വേറെയും കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. അസോസ് എന്ന കമ്പനി അവര്‍ ഗ്ലാസ് ശരീരപ്രകൃതി മാത്രമല്ല വിവിധ തരത്തിലുള്ള ശരീര ആകൃതികള്‍ സ്വാഭാവികമാണ് എന്ന സന്ദേശവുമായി മോഡലുകളെ അവതരിപ്പിച്ചിരുന്നു. എണ്‍പതുകളുടെ മധ്യം മുതലാണ് ഇത്തരത്തില്‍ എഡിറ്റിങ്ങിലൂടെ മോഡലുകളെ പരിപൂര്‍ണരാക്കി തുടങ്ങിയത്. അന്നുമുതല്‍ തന്നെ ഇതൊരു വിവാദ വിഷയവുമാണ്.