പൂപോലെ ചര്‍മം, മനോഹരമായ ചുണ്ടുകള്‍, ആരോഗ്യമുള്ള നഖങ്ങള്‍.. സൗന്ദര്യത്തിന്റെ ആദ്യ പടികളാണിവ. ഇവയ്ക്ക് പ്രത്യക പരിചരണം നല്‍കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് പ്രത്യേകിച്ചും. ചര്‍മത്തിന് സ്വാഭാവികമായി പുതുമ നിലനിര്‍ത്താനുള്ള കഴിവുണ്ട്. ഓരോ ഇരുപത്തെട്ടു ദിവസം കൂടുന്തോറും പഴയ ചര്‍മകോശം പോയി പുതിയ ചര്‍മകോശം ഉണ്ടായിക്കൊണ്ടിരിക്കും. ചര്‍മം മൃദുവായിരിക്കാന്‍ എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃത ഭക്ഷണരീതി പിന്തുടരണം. പടവലം, കുമ്പളം, വെള്ളരി പോലെ ചവര്‍പ്പുള്ള പച്ചക്കറികളും ഇലക്കറികളും പാവയ്ക്കയും രക്തശുദ്ധിക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ആയുര്‍വേദത്തില്‍ പലവഴികളുണ്ട്.
- വരണ്ടത്, എണ്ണമയമുള്ളത്, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് തരം ചര്‍മങ്ങളാണുള്ളത്. എണ്ണമയമുള്ള ചര്‍മക്കാര്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് ശരീരം വൃത്തിയാക്കിയാല്‍ ചര്‍മം സുന്ദരമാകും. ചെറുപയറുപൊടിയും പാല്‍പാടയും കലര്‍ത്തിയോ ചെറുപയറുപൊടി പാലില്‍ കുറുക്കിയോ തേക്കുന്നതും ഗുണം ചെയ്യും. ചര്‍മത്തിലെ പാടുകളും മങ്ങലും അകറ്റാന്‍ ചില ആയുര്‍വേദ ലേപനങ്ങള്‍ ഉപയോഗിക്കാം. എണ്ണ പുരട്ടിയ ശേഷം ഏലാദിചൂര്‍ണം, ത്രിഫലചൂര്‍ണം, കുലത്ഥാദി ചൂര്‍ണം, മുഗ്ദചൂര്‍ണം എന്നിവയിലേതെങ്കിലും തേച്ച് കഴുകിക്കളയാം.
- ചെത്തിപ്പൂവ് ഇട്ട് തിളപ്പിച്ച വെള്ളമോ നാല്പാമരം, തുളസി, കരിണാച്ചി, പഴുക്കപ്ലാവില എന്നിവയിട്ട് തിളപ്പിച്ച വെള്ളമോ കൊണ്ട് കുളിക്കാം. ചര്‍മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ ഇല്ലാതാവും. ഒപ്പം പേശീ വേദനകളും മാറും.
- ആഴ്ചയില്‍ ഒരു ദിവസമെങ്കിലും തൈലമോ എണ്ണയോ തേച്ച് ഒരു മണിക്കൂറിനുശേഷം കുളിക്കുക. ക്ഷീണം അകറ്റുന്നു.
- ഒരുപിടി എള്ള് രാവിലെ വെറുംവയറ്റില്‍ കഴിച്ച ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും.
- വരണ്ട ചര്‍മമുള്ളവര്‍ ഒലീവ് ഓയിലും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരിക്കനീരും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്.
- ചര്‍മരോഗങ്ങള്‍ മാറാന്‍ മഞ്ഞളും മരോട്ടിക്കുരുവും ഗോമൂത്രവും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നത് നന്ന്.
- ചര്‍മത്തിന്റെ വെള്ളനിറമകറ്റാന്‍ ഒരു ഔണ്‍സ് മൃത്തില്‍ ഇലയും കാര്‍കോകിലരിയും പേസ്റ്റാക്കി പുരട്ടാം. കാര്‍കോകിലാരിയും
- ഹരിതാലവും ഗോമൂത്രവും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും ഉത്തമമാണ്.
- വേപ്പിന്‍ തളിരും മഞ്ഞളും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടിയാല്‍ ചിക്കന്‍ പോക്സ് പാടുകള്‍ മായ്ക്കാം.
- എള്ള്, ആവണക്കുരു, ചിറ്റാമൃത്, എന്നിവ പാലില്‍ പുഴുങ്ങി വറ്റിച്ച് പേസ്റ്റാക്കുക. ചര്‍മത്തിലുണ്ടാവുന്ന ചെറിയ കുരുക്കള്‍ മായ്ക്കാന്‍ ഇത് പുരട്ടുന്നത് നല്ലതാണ്.
- പറങ്കിമാവിന്റെ പട്ടയിട്ട് വെന്ത കഷായം ചെറിയ ചൂടില്‍ കാലില്‍ ചെറുതായി ഒഴിച്ചുകൊടുക്കുക. ഒരു പതിനഞ്ച് മിനുട്ട് ഇത് ചെയ്യാം. വളം കടി, കാലിലെ വിണ്ടുകീറല്‍ എന്നിവയ്ക്ക് മികച്ചതാണ്
- പടവലം, കടുക രോഹിണി, ചന്ദനം, അമൃത്, പാഠകിഴങ്ങ് എന്നിവ ഒരേ അളവിലെടുത്ത് കഷായം കഴിക്കുക. എല്ലാ മരുന്നും വൈദ്യനിര്‍ദേശ പ്രകാരം കഴിക്കുന്നതാണ് നല്ലത്. രക്തദൂഷ്യം മൂലമുള്ള ചര്‍മരോഗങ്ങള്‍ ഇല്ലാതാക്കും.
ചുണ്ടിനു നിറം കിട്ടാന്‍
- വെള്ള ചന്ദനം പനിനീരില്‍ അരച്ചു രാത്രിയില്‍ കിടക്കാന്‍ നേരത്ത് ചുണ്ടില്‍ പുരട്ടുക. രാവിലെ കഴുകിക്കളയാം.
- കറുത്ത എള്ള് പശുവിന്‍പാലില്‍ അരച്ച് ചുണ്ടില്‍ പുരട്ടുക. പതിവായി ഇങ്ങനെ ചെയ്താല്‍ ചുണ്ടിന് നിറവും ദൃഢതയും നല്‍കും.
- കൂടാതെ വിറ്റമിന്‍ സി, വിറ്റമിന്‍ ഇ അടങ്ങിയ നെല്ലിക്ക, കരിക്ക്, ചെറുനാരങ്ങാ നീര്, ഓറഞ്ച്, വെള്ളരിക്ക, കാരറ്റ്, ബീറ്റ്റൂട്ട്, മത്സ്യം, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നതും ചുണ്ടിന് നിറവും സൗന്ദര്യവും കൂട്ടും.
ആരോഗ്യമുളള നഖം
- നല്ലെണ്ണ നഖത്തില്‍ പുരട്ടി 10-15 മിനിറ്റു വെച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തില്‍ മുക്കി വെയ്ക്കുക. ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇതു ചെയ്യാം.
- ദുര്‍വാദി തൈലം നഖങ്ങളില്‍ പുരട്ടുന്നത് കുഴിനഖം അകറ്റി നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
- വെളിച്ചെണ്ണ നഖങ്ങളില്‍ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വെച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തില്‍ നഖം കഴുകാം. നഖം പൊട്ടാതിരിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
(കടപ്പാട്: അഞ്ജു സിദ്ധിധാത്രി, ശ്രീരാജ് ആയുര്‍വേദ നഴ്‌സിങ് ഹോം, കോഴിക്കോട്)
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content highlights: skin and lips beauty care home remedies