ത്തിരി പൗഡര്‍, കണ്‍മഷി, ഒരു പൊട്ട്. പലരുടേയും ഒരുക്കം ഇതുകൊണ്ട് കഴിയും. പക്ഷേ, ഒരു ദിവസം പെട്ടെന്ന് കുറച്ച് മേക്കപ്പ് ഇടാന്‍ തോന്നിയാലോ?  ചിലര്‍ക്ക് വിവാഹനിശ്ചയമോ മറ്റെന്തെങ്കിലും പരിപാടിയോ ഉണ്ടാവും. അതിന് ഒന്നോ രണ്ടോ മാസം മുന്‍പായിരിക്കും ചര്‍മവും മുടിയുമൊക്കെ ഒന്ന് മിനുക്കണം എന്ന് വിചാരിക്കുന്നത്. പക്ഷേ എങ്ങനെ? പുസ്തകം വായിച്ച് ചെയ്യലൊന്നും നടക്കില്ല. ആകെ കൂടി കണ്‍ഫ്യൂഷന്‍ മാത്രമേ ബാക്കിയുണ്ടാവൂ. പിന്നെ നേരെ യൂട്യൂബില്‍ കയറും. അവിടെ നല്ല അസ്സല്‍ മലയാളത്തില്‍ ബ്യൂട്ടിയെയും ഫാഷനെയും കുറിച്ച് പറഞ്ഞുതരുന്ന ഒരു പെണ്‍കുട്ടി. ഉണ്ണിമായ അനില്‍. സിംപ്ലി മൈ സ്റ്റൈല്‍ എന്നാണ് ഉണ്ണിമായയുടെ യുട്യൂബ് ചാനലിന്‍രെ പേര് തന്നെ. സിമ്പിളായും പവര്‍ഫുള്ളായും ഒരുങ്ങാന്‍ വഴി ഉണ്ണിമായ പറഞ്ഞു തരും. 

ലോഗ് ഇന്‍
 
2017 സപ്തംബറിലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോള്‍. കുറച്ച് യൂട്യൂബ് ചാനലൊക്കെ കണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ ആദ്യത്തെ വീഡിയോ ഇട്ടു. നെയില്‍പോളിഷ് ഇടുന്ന വീഡിയോ ആയിരുന്നു. വീട്ടിലൊന്നും പറഞ്ഞിരുന്നില്ല. എത്ര പേരിത് കാണും എന്നൊന്നും അറിയില്ലായിരുന്നു. ആറ് മാസം കഴിഞ്ഞപ്പോഴാണ് ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് ആവുന്നത്. ആദ്യം മുഖം കാണുന്ന വീഡിയോ ഇട്ടിരുന്നില്ല. 
 
ക്ലിക്ക്

ആദ്യമായി മുഖം കാണിച്ച് വീഡിയോ ഇട്ടശേഷം കോളേജിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കൂക്കിവിളിയും ഭയങ്കര കളിയാക്കലും. അവസാനം കരഞ്ഞുപിഴിഞ്ഞ് ആ വീഡിയോ ഡിലീറ്റ് ചെയ്തു. എന്റെ മുഖം കാണിച്ച ആദ്യത്തെ വീഡിയോ ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍ ഇപ്പോള്‍ സങ്കടമുണ്ട്. പിന്നീട് ചീത്തവിളിയും കളിയാക്കലും കേട്ടുകേട്ട് ധൈര്യം വന്നു. വീണ്ടും വീഡിയോ ഇട്ടുതുടങ്ങി. ശേഷം ഒരു വീഡിയോ പെട്ടെന്ന് വൈറലായി. മുടിയില്‍ എണ്ണയിടുന്ന വീഡിയോ ആയിരുന്നു. അതിനുശേഷമാണ് അമ്മയൊക്കെ ഞാനിത് ചെയ്യുന്നുണ്ട് എന്ന് അറിയുന്നത്. കൊച്ചിയിലാണ് വീട്.
 
അപ്‌ലോഡ്

ഡിഗ്രി കഴിഞ്ഞ് ഡിപ്ലോമ ഇന്‍ കോസ്മറ്റോളജി എന്നൊരു കോഴ്‌സ് ചെയ്തിരുന്നു. കോഴ്‌സ് ചെയ്തതോടെ, കൂടുതല്‍ കോണ്‍ഫിഡന്‍സായി. ചാനല്‍ തുടങ്ങി എട്ട് മാസം കഴിഞ്ഞാണ് ആദ്യത്തെ പ്രതിഫലം കിട്ടിയത്. പതിനയ്യായിരം ആയിരുന്നു എന്നാണ് ഓര്‍മ. ഇപ്പൊ മോശമല്ലാത്ത ഒരു തുക കിട്ടുന്നുണ്ട്.
 
ലൈക്ക് & ഷെയര്‍

വീഡിയോ അപ്‌ലോഡ് ചെയ്ത് ആദ്യത്തെ രണ്ടു മണിക്കൂര്‍ അതിന്റെ മുന്നിലിരുന്ന് എല്ലാവര്‍ക്കും റിപ്ലൈ കൊടുക്കും. പ്രോഡക്ടുകളെ കുറിച്ച് വിശദമായി പറഞ്ഞാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്. പ്രോഡക്ട് റിവ്യൂ ചെയ്യുമ്പോള്‍, അതിലെ ചേരുവകളെ കുറിച്ച് വരെ പറഞ്ഞുകൊടുക്കും. റിവ്യൂ ചെയ്യാന്‍ ഓരോ കമ്പനികള്‍ പ്രോഡക്ടുകള്‍ അയച്ചുതരാറുണ്ട്. ഉപയോഗിച്ചുനോക്കി, നല്ല ഫലമല്ലെങ്കില്‍ റിവ്യൂ ചെയ്യില്ല എന്ന് ഞാന്‍ ആദ്യമേ തന്നെ പറയും. 

മൈ സിഗനേച്ചര്‍

അടുത്തിടെ ഒരു കുട്ടി, 'ചേച്ചീ പുളി മുഖത്ത് തേച്ചാല്‍ നല്ല ബ്ലീച്ചിങ് ഇഫക്ടാ'ണെന്ന് പറഞ്ഞു. ഞാന്‍ ഉടനെ മുഖത്ത് പുളി വാരിത്തേച്ച്, ഒടുക്കം കുരു പൊന്തി. എനിക്കെല്ലാം ഉപയോഗിച്ച് റിസള്‍ട്ടറിയാന്‍ ഭയങ്കര ത്വരയാണ്. ഞാനിപ്പൊ അത് കുറച്ച് കൊണ്ടുവരികയാണ്. 

നെക്‌സ്റ്റ്

ഞാന്‍ ഒരു വ്‌ളോഗിങ് ചാനല്‍ കൂടി തുടങ്ങിയിട്ടുണ്ട്. മേക്കപ്പിനേക്കാളും സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍ എന്നിയവയാണ് കൂടുതലിഷ്ടം. അത് കുറച്ചുകൂടി ഫോക്കസ് ചെയ്യണമെന്നുണ്ട്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Simply my Style Youtube Channel