ബോഡി ഷെയിമിങ്ങിനെക്കുറിച്ചും ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമൊക്കെ ക്യാംപെയ്‌നുകളും വാര്‍ത്തകളുമൊക്കെ നമ്മള്‍ ദിനം പ്രതി പങ്കുവയ്ക്കാറുണ്ട്. പക്ഷേ, ശാരീരിക പ്രത്യേകതകള്‍ മൂലവും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും സമൂഹം കെട്ടിപ്പടുത്തുവെച്ചിരിക്കുന്ന ധാരണകള്‍ക്കപ്പുറത്തേക്ക് പോകുമ്പോള്‍ വളരെ വേദനിപ്പിക്കുന്ന തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്നവര്‍ ഏറെയാണ്. 

മുഖത്ത് മുഖക്കുരു വന്നതിന്റെ പേരില്‍ കുത്തുവാക്കുകള്‍ കേട്ട പ്രജ്ഞാല്‍ എന്ന യുവതി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. 

തന്റെ രണ്ടുചിത്രങ്ങള്‍ പങ്കുവെച്ചാണ് പ്രജ്ഞാല്‍ എന്ന യുവതി തന്റെ അനുഭവം പങ്കുവെച്ചത്. ഭൂരിഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന മുഖക്കുരു എന്ന പ്രശ്‌നമാണ് പ്രജ്ഞാലിന്റെ ബന്ധുക്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കിയത്. മുഖക്കുരു ഉള്ളതിനാല്‍ മുഖം ചുവന്നിരിക്കുന്നതും ചെറിയ കുരുക്കള്‍ പൊങ്ങി നില്‍ക്കുന്നതും പ്ര‍ജ്ഞാൽ പങ്കുവെച്ച ചിത്രത്തില്‍ കാണാന്‍ കഴിയും. 

'മുഖക്കുരു വന്നതിനുശേഷം ഇപ്പോള്‍ എന്നെ കാണുന്നവര്‍, പ്രത്യേകിച്ച് എന്റെ ബന്ധുക്കള്‍ ആദ്യമേ ചോദിക്കുന്നത് ഇത് എന്ത് പറ്റിയതെന്നും ഡോക്ടറെ കാണിച്ചില്ലേ എന്നുമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇപ്പോഴും ചെരുപ്പ് ഊരി അടിച്ചിട്ടില്ലെന്നതാണ്-പ്രജ്ഞാല്‍ പറഞ്ഞു.

ഗുരുതര രോഗം ബാധിച്ച മട്ടിലാണ് ആളുകള്‍ മുഖക്കുരുവിനെ കാണുന്നതെന്നും മറ്റുള്ളവരുടെ ശരീരപ്രകൃതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന മട്ടിലാണ് ആളുകളുടെ പെരുമാറ്റമെന്നും ഇതാണ് തന്നെ അലോസരപ്പെടുത്തുന്നതെന്നും പ്രജ്ഞാല്‍ പറഞ്ഞു. 'ചില സമയങ്ങളില്‍ മുഖക്കുരു വേദനയുണ്ടാക്കുന്നതാണെന്നത് ശരിയാണ്. ചിലപ്പോള്‍ ഡോക്ടറെ കാണേണ്ടതായും വരും. അത് നിങ്ങളുടെ മുഖം വൃത്തികേടായി തോന്നുന്നതുകൊണ്ടല്ല, മറിച്ച് മുറിവേല്‍പ്പിക്കപ്പെടുന്നതുകൊണ്ടാണ്-അവര്‍ പറഞ്ഞു. 

'ഞാനിത് എഴുതുന്നത് ഞാന്‍ മോശക്കാരി ആണെന്ന് തോന്നുന്നതുകൊണ്ടല്ല. മറിച്ച്, ഇന്നലെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ എന്റെ മുഖക്കുരു സുഖപ്പെടുത്തുന്നതിനും മുഖത്തെ പാടുകള്‍ മായ്ക്കുന്നതിനുമുള്ള മരുന്നുകള്‍ പറഞ്ഞു തരുകയായിരുന്നു. അത് മര്യാദയോടയല്ല മറിച്ച് പരുക്കന്‍ ഭാഷയിലായിരുന്നു'-പ്രജ്ഞാല്‍ പറഞ്ഞു.

സമാനമായ അനുഭവം നേരിടേണ്ടി വന്ന ഒട്ടേറെപ്പേരാണ് യുവതിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രജ്ഞാലിന്റെ ട്വീറ്റ് വൈറലായി. പ്രജ്ഞാലിന് പിന്തുണ അറിയിച്ച് ഒട്ടേറെ പേര്‍ ട്വീറ്റ് ചെയ്തു.  

Conntent highlights: shaming for acne, woman share experience, acne remedies