തുടുതുടുത്ത റോസാപ്പൂ കണ്ട് നോക്കി നില്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല. നല്ലൊരു സൗന്ദര്യക വര്‍ധക ഉപാധിയാണ് റോസാപ്പൂ. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയുടെ വളര്‍ച്ചയ്ക്കും റോസാപ്പൂ സഹായിക്കുമെന്ന് അറിയാവുന്നവര്‍ വിരളമാണ്. റോസാപ്പൂവും റോസ് വാട്ടറും ഉപയോഗിച്ചുള്ള ചില സൗന്ദര്യ വർധക മാർഗങ്ങള്‍ പരിചയപ്പെടാം. 

സ്‌കിന്‍ ടോണര്‍

റോസ് വാട്ടറും റോസാപ്പൂ ഇതളുകളും  മികച്ച പ്രകൃതിദത്ത സ്‌കിന്‍ ടോണറാണ്. കുറച്ച് ഇതളുകള്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതില്‍ രാത്രി മുഴുവന്‍ ഇട്ടുവയ്ക്കുക. പിറ്റേന്ന് ഇത് പിഴിഞ്ഞെടുത്ത് വൃത്തിയുള്ള കുപ്പിയിലേക്ക് മാറ്റി വയ്ക്കുക. ഇത് പഞ്ഞിയില്‍ മുക്കി മുഖം വൃത്താകൃതിയില്‍ തുടയ്ക്കുക. ഇത് ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനൊപ്പം തിളക്കം നല്‍കുകയും മൃദുവാക്കുകയും ചെയ്യും.

മുഖക്കുരുവിന് ഉത്തമം

കൗമാരക്കാരുടെ വലിയ പേടി സ്വപ്‌നമാണ് മുഖക്കുരു. ഇതിനുള്ള മികച്ച ഔഷധമാണ് റോസാപ്പൂവിന്റെ ഇതളുകള്‍. റോസാപ്പൂവിലടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തെ അണുബാധയില്‍ നിന്ന് സംരക്ഷിക്കും. ചന്ദനം, റോസാപ്പൂ ഇതള്‍, റോസ് വാട്ടര്‍, തേന്‍ എന്നിവ നന്നായി യോജിപ്പിച്ചശേഷം ഈ പോസ്റ്റ് മുഖത്തിടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. ഒരാഴ്ച ഇത് തുടരുക മുഖക്കുരു വന്നതുകൊണ്ടുള്ള ചുവന്നനിറവും പാടുകളും മുഖത്ത് നിന്ന് മാഞ്ഞു പോകുന്നത് നിങ്ങള്‍ക്കു കാണാം. 

കറുത്തപാടുകള്‍ മായിക്കുന്നു

തിരക്കേറിയ ജീവിതസാഹചര്യത്തില്‍ ആവശ്യത്തിന് ഉറക്കം കിട്ടാത്തത് നിങ്ങളുടെ കണ്ണിനു ചുറ്റും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനു കാരണമാകും. രാസവസ്തുക്കള്‍ അടങ്ങിയ പുതിയ ക്രീമുകള്‍ പുരട്ടാന്‍ മടിതോന്നുന്നുവെങ്കില്‍ റോസാപ്പൂ കൊണ്ട് പരിഹാരം കാണാം. റോസ് വാട്ടറില്‍ രണ്ട് ചെറിയ കഷ്ണം പഞ്ഞിയെടുത്ത് മുക്കി വെക്കുക. ഇതെടുത്ത് കണ്ണിനു മുകളില്‍ പത്ത് മിനിറ്റ് നേരം വെക്കുക. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് ഒരാഴ്ച ഇങ്ങനെ ചെയ്യുക. 

ചര്‍മ്മത്തെ മൃദുവാക്കുന്നു

വരണ്ടചര്‍മ്മം മൃദുവാക്കുന്നതിന് ഉത്തമപരിഹാരമാര്‍ഗമാണ് റോസാപ്പൂ. റോസാപ്പൂ ഇതളുകളില്‍ അടങ്ങിയിട്ടുള്ള പ്രകൃതിദത്തമായ എണ്ണ ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മം മൃദുവാക്കുന്നതിന് ഏതെങ്കിലും ക്രീമുകള്‍ പുരട്ടുന്നുണ്ടെങ്കില്‍ അവയ്‌ക്കൊപ്പം റോസ് വാട്ടര്‍ ചേര്‍ത്ത് ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കവും മൃദുത്വവും അത് തിരികെ തരും. 

താരനകറ്റുന്ന ദിവ്യഔഷധം

ചര്‍മ്മ സംരക്ഷണത്തിന് മാത്രമല്ല തലമുടിയുടെ സംരക്ഷണത്തിനും റോസാപ്പൂ മികച്ച മാര്‍ഗമാണ്. താരന്‍ മൂലമുള്ള ചൊറിച്ചിലും മറ്റും അതിവേഗം മാറ്റാന്‍ റോസ് വാട്ടറിനു കഴിയും.
തല കുളിക്കാന്‍ എടുക്കുന്ന വെള്ളത്തില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ക്കുക. ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനൊപ്പം മുടി തഴച്ചു വളരുന്നതിനും ഇത് സഹായിക്കും. 

Content highlights: rose flower and rosewater, helpful to shin and hair