ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രശ്മി സോമന്‍. ഒരുകാലത്തെ ഹിറ്റ് സീരിയലുകളിലെല്ലാം നിറഞ്ഞു നിന്ന താരം ഇപ്പോള്‍  തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരിലേക്ക് വിശേഷങ്ങള്‍ എത്തിക്കാറുണ്ട്. നിരവധി റെസിപ്പികളും സൗന്ദര്യ പരിപാലന ടിപ്‌സുമൊക്കെ രശ്മി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കേശസംരക്ഷണത്തിന്  ടിപ്‌സ് പങ്കുവെക്കുകയാണ് രശ്മി. 

ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്‌നമാണ് താരന്‍. ഇതകറ്റാനുള്ള നാടന്‍ വഴിയാണ് രശ്മി പറഞ്ഞു തരുന്നത്. നാരങ്ങയും വെളിച്ചെണ്ണയും മുട്ടയും ഉപയോഗിച്ചാണ് രശ്മിയുടെ കേശപരിപാലനം. അതിനായി ആദ്യം ആവശ്യത്തിനുള്ള വെളിച്ചെണ്ണ എടുത്ത് അല്‍പം ചൂടാക്കി ഇതിലേക്ക് അരക്കഷ്ണം നാരങ്ങയുടെ നീര് ചേര്‍ക്കുക. ഇനി ചീപ്പുപയോഗിച്ച് ചീവി താരനെ ഒന്നിളക്കി കൊടുത്തതിനുശേഷം ഈ മിശ്രിതം പുരട്ടാനാണ് രശ്മി പറയുന്നത്. 

കോട്ടണ്‍ ഉപയോഗിച്ച് മിശ്രിതത്തില്‍ മുക്കി തലയില്‍ നന്നായി പിടിപ്പിക്കുക. എല്ലാ ഭാഗത്തും നന്നായി പിടിപ്പിച്ചതിനു ശേഷം ബാക്കി മുടിയുടെ അറ്റത്തും നന്നായി തേക്കുക. ശേഷം കൈവിരലുകളുപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ വട്ടം ഇപ്രകാരം ചെയ്യുന്നത് താരനെ അകറ്റാന്‍ സഹായിക്കുമെന്നും രശ്മി പറയുന്നു. ശേഷം മുട്ടയുടെ വെള്ളയെടുത്ത് അതും തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ഷാംപൂ ചെയ്യുന്നതാണ് നല്ലതെന്നും രശ്മി പറയുന്നു. 

Content Highlights: reshmi soman hair care tips