പ്രകൃതിയോടിണങ്ങുന്ന സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് ആയുര്‍വേദം തന്നെയാണ്. ആഹാരക്രമം, വ്യായാമം, ശരീരപ്രകൃതി, ജീവിതശൈലി എന്നിവയെല്ലാം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാന ഘടകങ്ങളാണ്. സൗന്ദര്യം നിലനിര്‍ത്താന്‍ അല്പം മെനക്കെടാനുള്ള മനസ്സും ക്ഷമയും വേണമെന്നുമാത്രം. മഴക്കാലത്തും മുഖത്തെ ചര്‍മം തിളങ്ങാനും ചര്‍മ സംരക്ഷണത്തിനും ഈ ആയുര്‍വേദവഴികള്‍ ഒരുകൈ നോക്കിയാലോ
1. മുഖത്തെ ചര്‍മം തിളക്കമുള്ളതും മൃദുലവുമാകാന്‍ വേപ്പില നല്ല ഔഷധമാണ്. തണ്ടോടുകൂടിയ അഞ്ച് വേപ്പിലയും രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് വേവിച്ച് പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
2. തുളസിയില (20 എണ്ണം), രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക. രാവിലെ വെറുംവയറ്റില്‍ അര ടീസ്പൂണ്‍ വീതം കഴിക്കാം. ചര്‍മത്തിലുണ്ടാവുന്ന അലര്‍ജിക്ക് ഇത് നല്ലതാണ്.
3. അരക്കഷണം പപ്പായയും ഒരു ടേബിള്‍സ്പൂണ്‍ രക്തചന്ദനാദി പൊടിയും ചേര്‍ത്തരച്ച് പേസ്റ്റാക്കുക. ശേഷം മുഖത്ത് പുരട്ടി 15-30 മിനുട്ടിനുശേഷം കഴുകാം.
4. അരിപ്പൊടി, തൈര് എന്നിവ അല്പമെടുത്ത് ചൂടുവെള്ളത്തില്‍ വെച്ച് ചൂടാക്കുക. തണുത്തശേഷം ഒരു ടീസ്പൂണ്‍ വെള്ളരിക്കനീര് കൂടി ചേര്‍ത്ത് മുഖം കഴുകുക. മുഖം വൃത്തിയാവും.
5. പേരയിലയും മാവിലയും ചേര്‍ത്തരച്ച് മുഖത്ത് പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ചര്‍മം മൃദുലമാവും.
6. തണ്ണിമത്തന്‍ ജ്യൂസ് കൊണ്ട് മുഖം കഴുകുന്നത് നന്ന്. പ്രകൃതിദത്തമായ ക്ലെന്‍സറാണിത്.
7. അര ടീസ്പൂണ്‍ നാരങ്ങാനീരും രണ്ട് ടീസ്പൂണ്‍ തക്കാളിനീരും ഒരു ടീസ്പൂണ്‍ ഓട്സും പേസ്റ്റാക്കി ആഴ്ചയിലൊരിക്കല്‍ പുരട്ടുക. നല്ലൊരു ബ്ലീച്ചാണിത്.
8. കാബേജ് അരച്ച,് അര ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ യീസ്റ്റും ചേര്‍ത്ത് 20 മിനുട്ട് തേച്ചു പിടിപ്പിക്കുക. മുഖത്തെ ചുളിവുകളകറ്റി ചെറുപ്പമേകും.
9. മഞ്ഞളും വെളുത്ത ചന്ദനവും ഒരേ അളവിലെടുത്ത് തൈരില്‍ ചേര്‍ത്ത് 30 മിനുട്ട് തേക്കുക. നല്ലൊരു ഫേസ്പാക്കാണിത്.
10. പാല്‍പാടയും കസ്തൂരി മഞ്ഞളും കട്ടിയില്‍ അരച്ച് അര മണിക്കൂര്‍ തേച്ചുപിടിപ്പിക്കാം. മുഖത്തെ രോമം ഇല്ലാതാക്കും.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Rainy season beauty tips and face care