വിറ്റാമിന്‍ ബി, സി, ഡി, ആന്റി ഓക്‌സിഡന്റ്‌സ്, പൊട്ടാസിയം, മിനറല്‍സ്  തുടങ്ങിയവയുടെ കലവറയാണ് മത്തങ്ങ. എരിശ്ശേരിയും സാമ്പാറും മറ്റും വെക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മത്തങ്ങ ഉത്തമമാണ്.  

 • ആന്റി ഓക്‌സിഡന്റ് ആയ വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമാണ് മത്തങ്ങ. മാത്രമല്ല സൂര്യ രശ്മികളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്ന ബീറ്റ കരോട്ടിനും മത്തങ്ങയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. സ്‌കിന്‍ ടോണ്‍ നന്നാക്കാനും ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ധിപ്പിക്കാനും മത്തങ്ങ ഉപകരിക്കും.
 • ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിച്ച് മുഖത്ത് ചുളിവുകളും മറ്റും വരുത്താതേയും മത്തങ്ങ സഹായിക്കും.
 • പോഷക സമ്പുഷ്ടമായതിനാല്‍ മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി തഴച്ച് വളരുന്നതിനും മത്തങ്ങ ഉത്തമമാണ്. സിങ്ക്, പൊട്ടാസിയം എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കും. 
 • വരണ്ട മുടിയാണുള്ളതെങ്കില്‍ മത്തങ്ങ കൊണ്ട് ഹെയര്‍ മാസ്‌ക് ഇടാം. രണ്ട് കപ്പ് വേവിച്ച മത്തങ്ങ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, തേന്‍ , തൈര് എന്നിവയുമായി യോജിപ്പിച്ച് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് ഷാംപൂ ചെയ്ത മുടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു ഷവര്‍ ക്യാപ് കൊണ്ടോ പ്ലാസ്റ്റിക് കവര്‍ കൊണ്ടോ തല മൂടുക. പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയാം. മുടി പട്ടു പോലെയാവും. 
 • ശരീരത്തിന് നല്ല തിളക്കം ലഭിക്കാന്‍ മത്തങ്ങ കൊണ്ടുള്ള ബോഡി സ്‌ക്രബ് തന്നെ ധാരാളം. അര കപ്പ് വേവിച്ച മത്തങ്ങയില്‍ ഒരു കപ്പ് പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് നനഞ്ഞ ചര്‍മത്തില്‍ നന്നായി തേച്ച് മസ്സാജ് ചെയ്ത് കഴുകി കളയാം. 
 • മുഖക്കുരു തടയാനും കറുത്ത പാടുകള്‍ അകറ്റി മുഖം തിളങ്ങാനും മത്തങ്ങ കൊണ്ട് ഫേസ് പായ്ക് ഇടാം.
 • വേവിച്ച മത്തങ്ങ അരച്ചെടുത്തതും ഒരു ടീ സ്പൂണ്‍ തേന്‍ , നാരങ്ങാ നീര് എന്നിവയുമായി യോജിപ്പിച്ചു  മുഖത്ത് ഫേസ് പാക് ആയി ഇടുക. മുപ്പത് മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകിക്കളയാം.
 • മത്തങ്ങ വേവിച്ച് അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, പാല്‍ എന്നിവയുമായി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്തിടാം. ഇളം ചൂടുവെള്ളത്തില്‍ പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.
 • മത്തങ്ങ വേവിച്ച് അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍, നന്നായി പഴുത്ത പഴവും അല്പം തേനുമായി നന്നായി യോജിപ്പിച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തും കഴുത്തിലുമിടാം. പതിനഞ്ച് മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.  
 • എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ഒരു മത്തങ്ങ വേവിച്ച് അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍, അല്പം ആപ്പിള്‍ സിഡര്‍ വിനഗര്‍, പഞ്ചസാര എന്നിവയുമായി യോജിപ്പിച്ച് മുഖത്ത് വട്ടത്തില്‍ മസ്സാജ് ചെയ്യുക. പത്ത് മിനിറ്റിന് ശേഷ ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയാം നല്ലൊരു സ്‌ക്രബ് ആണിത്.
 • വേവിച്ച് അരച്ച മത്തങ്ങ രണ്ട് ടേബിള്‍ സ്പൂണ്‍, ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടി അല്പം തേന്‍ എന്നിവ യോജിപ്പിച്ച് സ്‌ക്രബ് ആയി മുഖത്ത് ഉപയോഗിക്കാം.
 • മത്തങ്ങ വേവിക്കാനും പേസ്റ്റ് ആകാനുമൊന്നും സമയമില്ലെങ്കില്‍ നന്നായി പഴുത്ത മത്തങ്ങ ജ്യൂസ് അടിച്ച് ഐസ് ട്രേകളിലാക്കാം. നിത്യവും  ഓരോന്നെടുത്ത് മുഖത്ത് മസ്സാജ് ചെയ്യാം. തിളങ്ങുന്ന ചര്‍മം നിങ്ങള്‍ക്ക് സ്വന്തം