കല്യാണത്തിന് ഒരു ആറുമാസം മുമ്പോ മൂന്നുമാസം മുമ്പോ തന്നെ ശരീര സൗന്ദര്യത്തില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത് നല്ലതാണ്. അഴകുള്ള ശരീരവും തിളങ്ങുന്ന ചര്‍മവും സ്വന്തമാക്കാന്‍ നമ്മുടെ മെനുവൊന്ന് മാറ്റിപ്പിടിച്ചാല്‍ മതി.
വെള്ളം കുടിച്ച് തുടങ്ങാം
ചര്‍മസംരക്ഷണത്തിന് ധാരാളം വെള്ളം കുടിക്കുന്നതും, പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ജലാംശം കുറയുന്നത് ചര്‍മം, ചുണ്ടുകള്‍ എന്നിവ വരണ്ടുണങ്ങുന്നതിന് കാരണമാകും. രാവിലത്തെ ചായ, കാപ്പി എന്നിവയ്ക്കുപകരം നെല്ലിക്ക ജ്യൂസ് ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്, ഗ്രീന്‍ ടീ, ചെറുചൂടുവെള്ളം എന്നിവ കുടിക്കാം. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തും. ഒപ്പം ശരീരകാന്തിയും ഉന്മേഷവും വര്‍ധിപ്പിക്കും.
ചര്‍മകാന്തിക്ക് ഭക്ഷണം
പഞ്ചസാരയുടെയും കാര്‍ബോ ഹൈഡ്രേറ്റുകളുടേയും അംശം കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കാം. മുഖക്കുരു, സ്‌കിന്‍ റാഷസ് എന്നിവ വരാതിരിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ഇവ സഹായിക്കും. മഞ്ഞ, ഓറഞ്ച്, പച്ച നിറങ്ങളിലുളള പഴം പച്ചക്കറികളില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ ചുളിവുകളകറ്റാന്‍ ഒമേഗ ത്രീ അടങ്ങിയ ചാള കോര ചൂര തുടങ്ങിയ മത്സ്യങ്ങളും ബദാം വോള്‍നട്ട് എന്നിവയും കഴിക്കാം.
അസിഡിറ്റി ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ്, മാമ്പഴം പോലുള്ളവ ഒഴിവാക്കാം. പഴങ്ങള്‍ ജ്യൂസ് ആക്കി കഴിക്കുന്നതിന് പകരം വെറുതെ കഴിക്കുന്നതാണ് നല്ലത്. വൈറ്റമില്‍ സി അടങ്ങിയ ഓറഞ്ച്, പേരയ്ക്ക, സ്‌ട്രോബറി എന്നിവയും നല്ലതാണ്. ഇത് ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കും. കണ്ണുകള്‍ക്ക് തിളക്കം കൂട്ടുകയും ചെയ്യും. നാരുകളടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. സാലഡുകളില്‍ മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം.
മുടിക്ക് നല്‍കാം പ്രത്യേക ശ്രദ്ധ
ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ചിക്കന്‍, മീന്‍, പാല്‍, മുട്ട, സോയ ബീന്‍സ്, നട്ട്‌സ്, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ കഴിക്കാം. ഇലക്കറികള്‍, കാരറ്റ്, മത്തന്‍, പപ്പായ എന്നിവ ബീറ്റാ കരോട്ടിന്റെ ഉറവിടമാണ്. ആരോഗ്യമുള്ള മുടിക്ക് ഇവ നല്ലതാണ്. അയണ്‍ അടങ്ങിയ ഈന്തപ്പഴം, തണ്ണിമത്തന്‍, ഡ്രൈഫ്രൂട്ട്‌സ്, സോയാബീന്‍, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കാനും അനീമിയ ഒഴിവാക്കാനും ഇവ നല്ലതാണ്. ആല്‍മണ്ട്, പീനട്ട്, വാള്‍നട്ട്, ശര്‍ക്കര എന്നിവയുംമ ഗുണം ചെയ്യും.
അമിതവണ്ണം കുറയ്ക്കാന്‍
അമിതവണ്ണമുണ്ടെങ്കില്‍ വിവാഹ ശേഷം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. അവര്‍ കുറഞ്ഞത് ആറുമാസം മുമ്പെങ്കിലും വെഡ്ഡിങ് ഡയറ്റ് ആരംഭിക്കണം. ജങ്ക് ഫുഡും ഡ്രിങ്ക്‌സും ഒഴിവാക്കി വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരം ശീലമാക്കാം. ശരീരഭാരം ഐഡിയല്‍ ബോഡിവെയിറ്റില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. ഡോക്ടറോട് ചോദിക്കാതെ വൈറ്റമിന്‍ ഗുളികകള്‍ അയണ്‍ ടാബ്ലെറ്റുകള്‍ എന്നിവ കഴിക്കരുത്. സ്റ്റിറോയ്ഡുകളുടെ ഉപയോഗവും ഒഴിവാക്കാം. ഡയറ്റിങ് ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ മാത്രം ചെയ്യുക.
Content Highlights: PreWedding Tips, Beauty Tips, Hair Care, Bridal Beauty Routine
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.