മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഫോട്ടോഫേഷ്യല്‍. പ്രകാശരശ്മി ഉപയോഗിച്ച് ചര്‍മത്തെ ചികിത്സിക്കുന്ന രീതിയാണിത്. ചില മെഡിക്കല്‍ സ്പാകളിലും റിസോര്‍ട്ടുകളിലും ഹോളിസ്റ്റിക് കെയര്‍ സെന്ററുകളിലുമാണ് ഇപ്പോള്‍ ഫോട്ടോഫേഷ്യല്‍ ചെയ്യാന്‍ സൗകര്യമുള്ളത്. മുഖത്തെ പാടുകള്‍ നീക്കും. എല്ലാ മാസവും ഫേഷ്യല്‍ ചെയ്യേണ്ട ആവശ്യവുമില്ല. 

ഫോട്ടോഫേഷ്യല്‍ പലതരം 

ഐ.പി.എല്‍. (Intense- Pulsed Light), ലൈറ്റ് തെറാപ്പി എന്നറിയപ്പെടുന്ന LED (Light Emitting Diode) എന്നിവയാണ് പ്രധാന ഫോട്ടോഫേഷ്യല്‍ ചികിത്സാരീതികള്‍. ചര്‍മത്തിന്റെ ഏറ്റവും പുറമെയുള്ള പാളിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചെറിയ ചര്‍മപ്രശ്‌നങ്ങള്‍ക്ക് അനുയോജ്യമായത് LED ആണ്. മൃദുലമായ ചര്‍മമുള്ളവര്‍ക്കും പാടുകള്‍, വരകള്‍ തുടങ്ങിയ ചെറിയ പ്രശ്‌നങ്ങള്‍ക്കും LED ആണ് അനുയോജ്യം. വേദനാരഹിതമായ ഈ ചികിത്സ ചര്‍മത്തിലെ ബാക്ടീരിയയെ നശിപ്പിക്കുന്നതുകൊണ്ട് മുഖക്കുരുവിനും പരിഹാരമാണ്. കൃത്യമായ ഇടവേളകളില്‍ കുറഞ്ഞത് ആറ് തവണയെങ്കിലും ചെയ്താലേ LED ചികിത്സയ്ക്ക് പൂര്‍ണഫലം കിട്ടൂ. 

LED-നെക്കാള്‍ വീര്യമേറിയതാണ് IPL ചികിത്സ. ചര്‍മത്തിലെ കറുത്ത പാടുകള്‍, വിള്ളലുകള്‍ എന്നിവ മായ്ക്കും. ചര്‍മത്തിലെ ചുളിവുകള്‍ മാറ്റാനും നല്ലതാണ്. IPL ചികിത്സ ചിലരില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കാറുണ്ട്.   

ചികിത്സയ്ക്ക് ഒരുങ്ങും മുന്‍പ്

  • മൈക്രോ ഡെര്‍മാബ്രേഷന്‍, കെമിക്കല്‍ പീലിങ് എന്നിവയേക്കാളും പണച്ചെലവുള്ളതാണ്  IPL ചികിത്സ. 
  • ഓരോ തവണയും 15-30 മിനിറ്റ് വരെ സമയമെടുത്തേക്കും.
  • ചെറിയതരം അസ്വസ്ഥതകളോ വേദനയോ ഉണ്ടായേക്കാം.
  • ചികിത്സ കഴിഞ്ഞാലുടന്‍, കുറച്ചുദിവസത്തേക്ക് ചര്‍മത്തില്‍ ചുവപ്പ് നിറമോ ചെറിയ കുഴികളോ പ്രകടമായി കാണപ്പെടുന്നത് സാധാരണമാണ്. ചിലര്‍ക്ക് ചര്‍മത്തില്‍ നീര്, ചുവപ്പ്, പിളര്‍പ്പ്, വിള്ളല്‍, കുമിളിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇതെല്ലാം ഏതാനും മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ ശേഷം അപ്രത്യക്ഷമാകും. 

ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഫോട്ടോഫേഷ്യലിന് ശേഷം ചര്‍മത്തിലെ നനവ് നിലനിര്‍ത്തണം. അനുയോജ്യമായ മോയിസ്ചറൈസര്‍ ഉപയോഗിക്കാം. എന്നാല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ചൂടുവെള്ളത്തിലോ, ഷവറിലോ കുളിക്കാതിരിക്കുക.
  • ശേഷമുള്ള ദിവസങ്ങളില്‍ ഗുണമേന്മയുള്ള ക്ലെന്‍സര്‍ ഉപയോഗിച്ചശേഷം ഇളം ചൂടുവെള്ളത്തില്‍ രണ്ടുനേരം മുഖം കഴുകണം.
  • കുറഞ്ഞത് 12 മണിക്കൂറെങ്കിലും മേക്കപ്പ് ഒഴിവാക്കണം.
  • സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 30 ടജഎ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
  • രണ്ടോ മൂന്നോ ആഴ്ചയ്ക്ക് ശേഷം ഫേഷ്യല്‍ വിത്ത് ഡെര്‍മാബ്രേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.  

കൂടുതല്‍ ബ്യൂട്ടി ടിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights:  Photofacial treatment