സൗന്ദര്യസംരക്ഷണത്തിൽ അതീവശ്രദ്ധ പുലർത്തുന്നവരിൽ പലരും ആശങ്കയോടെ കാണുന്ന കാലമാണ് മഞ്ഞുകാലം. ചർമവും മുടിയുമൊക്കെ വരളുന്ന സമയമാണിത്. താരൻ മൂലമുള്ള പ്രശ്നങ്ങളും മുടിയുടെ അറ്റം വിണ്ടുപോകുന്നതുമൊക്കെ ഈ സമയത്ത് ചിലരിൽ കൂടാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം പരിഹാരമായി ഓയിൽ മസാജ് നിർദേശിക്കുന്നവരുണ്ട്. അതിലെത്ര മാത്രം വസ്തുതയുണ്ടെന്നു പറയുകയാണ് ഒരു ഡെർമറ്റോളജിസ്റ്റ്.

ഡെർമറ്റോളജിസ്റ്റായ ഡോ. ജയശ്രീ ശരദ് ആണ് ഇൻസ്റ്റ​ഗ്രാമിലൂടെ  ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുന്നത്. വെളിച്ചെണ്ണയോ, ആൽമണ്ട് ഓയിലോ എന്തുമായിക്കൊള്ളട്ടെ അവയെല്ലാം നല്ല കണ്ടീഷണറുകൾ ആണെന്ന് പറയുകയാണ് ജയശ്രീ. മുടി വരണ്ടുപോകുന്നത് തടയാൻ വെളിച്ചെണ്ണ നല്ല മാർ​ഗമാണ്. എന്നാൽ ഇതിനപ്പുറം ഓയിൽ മസാജ് മുടി തഴച്ചുവളരാൻ സഹായിക്കുമെന്ന വാദത്തെ എതിർക്കുകയാണ് ജയശ്രീ. 

മുടികൊഴിച്ചിൽ തടയാനോ മുടി തഴച്ചു വളരാനോ ഹെയർ ഓയിൽ സഹായിക്കില്ല. താരനകറ്റാനും ഹെയർ ഓയിൽ പ്രാപ്തമല്ല. താരൻ അമിതമാണെങ്കിൽ 2 ശതമാനം കെറ്റോകൊനാസോൾ അടങ്ങിയ ഷാംപൂവോ സിങ്ക് പൈറിതിയൺ ഷാംപൂവോ ഉപയോ​ഗിക്കാം. ശേഷവും താരൻ കുറഞ്ഞില്ലെങ്കിൽ നിർബന്ധമായും ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരിഹാരം തേടണം- ജയശ്രീ പറയുന്നു. 

മുടികൊഴിച്ചിൽ ധാരാളം ഉള്ളവർ‌ വിറ്റാമിൻ എ, ബി,സി,ഡി,ഇ തുടങ്ങിയവയും കാൽസ്യം, സിങ്ക്, മാ​ഗ്നീഷ്യം, ക്രോമിയം, അയേൺ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ ധാരാളമടങ്ങിയ ഡയറ്റ് സ്വീകരിക്കണം. 

അടുത്തിടെ ജയശ്രീ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മുടികൊഴിച്ചിലിന് കാരണമായ ഘടകങ്ങളെക്കുറിച്ചും പരിഹാര മാർ​ഗങ്ങളെക്കുറിച്ചും പങ്കുവെച്ചിരുന്നു. പാരമ്പര്യം, പോഷകാഹാരക്കുറവ്, സമ്മർദം, മാനസികാഘാതം, സർജറി, രോ​ഗങ്ങൾ, ​ഗർഭം, ഹോർമോൺ വ്യതിയാനം, ചില മരുന്നുകൾ, ശിരോചർമത്തിലെ അണുബാധ തുടങ്ങിയവയാണ് മുടികൊഴിച്ചിലിന് കാരണമായി ജയശ്രീ ചൂണ്ടാക്കാട്ടിയത്. 

ഇതിനുള്ള പരിഹാരങ്ങളും ജയശ്രീ പങ്കുവെച്ചിരുന്നു. ഡയറ്റ് മെച്ചപ്പെടുത്തുക, ധാരാളം പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ആവശ്യമെങ്കിൽ വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുക, ഹോർമോൺ ടെസ്റ്റ് നടത്തുക, മുടി ഇറുക്കി കെട്ടിവെക്കാതിരിക്കുക, ശിരോചർമത്തിലെ അണുബാധയോ മറ്റ് കേശസംരക്ഷണ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിനെ കാണുക തുടങ്ങിയവയാണ് പ്രധാന പരിഹാര മാർ​ഗങ്ങളായി ജയശ്രീ പങ്കുവെച്ചിരുന്നത്. 

Content Highlights: oiling, oil massage, hair care tips, hair loss, dandruff and hairfall, beauty tips