മൃദുവായ-തിളങ്ങുന്ന ചര്‍മ്മം എല്ലാവരുടെയും സ്വപ്‌നമാണ്. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പ് പലര്‍ക്കും തലവേദനയാണ്. മുഖത്തും കൈകാലുകളിലും നല്ല നിറമാണെങ്കിലും കഴുത്തിനു ചുറ്റും കറുത്ത നിറമായിരിക്കും ഉണ്ടാകുക. കഴുത്തിലെ കറുപ്പ് മാറാന്‍ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും കുറവല്ല. എന്നാല്‍ കഴുത്തിലെ കറുപ്പ് മാറാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. 

മുഖത്ത് ഇടുന്ന എല്ലാ ഫേസ്പായ്ക്കുകളും കഴുത്തില്‍ കൂടി ഇടാന്‍ മറക്കരുത്. മുഖത്ത് മാത്രം ഇടുമ്പോള്‍ കഴുത്തിനും മുഖത്തും രണ്ട് നിറം വരാനുള്ള സാധ്യത കൂടുതലാണ്.  

ചില ലോഹങ്ങള്‍ ചിലര്‍ക്കെങ്കിലും അലര്‍ജിയുണ്ടാകാന്‍ ഇടയാക്കും. അങ്ങനെയുള്ള ലോഹനിര്‍മ്മിത മാലകള്‍ കഴുത്തില്‍ ധരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് കഴുത്തിന്റെ കറുപ്പ് വര്‍ധിക്കാന്‍ ഇടായാക്കും. 

ഒരു സ്പൂണ്‍ തൈരില്‍ ഒരു നുള്ള് മഞ്ഞള്‍പൊടി ചേര്‍ത്ത് കഴുത്തിലും മുഖത്തും മസാജ് ചെയ്യുന്നത് കഴുത്തിലെ കറുപ്പ് മാറാന്‍ സഹായിക്കും. 

ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി കഴുത്തില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍ കൈകള്‍ കൊണ്ട് മസാജ് ചെയ്യുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി വൃത്തിയാക്കി മൊസ്ചറൈസര്‍ പുരട്ടുക. 

കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കഴുത്തിലെ കറുപ്പ് മാറാന്‍ സഹായിക്കും. 

നന്നായി പഴുത്ത കറുത്ത മുന്തിരിയുടെ തൊലി ഉപയോഗിച്ച് കഴുത്തും മുഖവും പതിവായി രണ്ട് മിനിറ്റ് മസാജ് ചെയ്യുന്നത് കഴുത്തിന്റെ നിറം വര്‍ധിക്കാനും മുഖത്തെ ചര്‍മം തിളങ്ങാനും സഹായിക്കും. 

ഒരു ആപ്പിളിന്റെ പകുതി, ഒരു സ്പുണ്‍ പാല്‍പ്പാട, ഒരു മുന്തിരി, ഒരുസ്പൂണ്‍ പാല്‍, ഒരു ഓറഞ്ചിന്റെ അല്ലി എന്നിവ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിനു നിറം വര്‍ധിക്കാനും ചര്‍മ്മം മൃദുവാകാനും സഹായിക്കും.

Content Highlights: neck beauty tips