ലോക്ഡൗണാണ്... വീട്ടിലിരിപ്പാണ്. സൗന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടിപാര്‍ലറിലൊന്നും പോകാന്‍ പറ്റില്ല. കൊറോണ ഭീതിയില്‍ വീട്ടിലിരിക്കുമ്പോള്‍ സെല്‍ഫ് കെയര്‍ മറക്കേണ്ട. കൈകളും മുഖവുമൊക്കെ വൃത്തിയാക്കി വയ്ക്കുമ്പോള്‍ കാലിനും വേണം പരിചരണം. പ്രത്യേകിച്ചും ചൂടുകാലവുമാണ്. കാല്‍പാദങ്ങളുടെ സൗന്ദര്യത്തിന് വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.
1. എക്‌സ്‌ഫോളിയേഷന് ചെറുചൂടുവെള്ളം
കാല്‍പാദങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ അഞ്ച് മുതല്‍ എട്ട് മിനിറ്റ് വരെ മുക്കി വയ്ക്കുക. ഒരു സ്‌ക്രബര്‍ കൊണ്ടോ സ്‌ക്രബിങ് സ്‌റ്റോണ്‍ കൊണ്ടോ കാല്‍പാദങ്ങള്‍ ഉരച്ചു കഴുകാം. ഡെഡ് സെല്ലുകളെ നീക്കം ചെയ്യാനാണിത്. ഇനി ഒരു ഉണങ്ങിയ ടൗവ്വല്‍ കൊണ്ട് നനവ് തുടച്ച് നീക്കാം. ശേഷം ആല്‍മണ്ട് ഓയില്‍ കൊണ്ടോ വെളിച്ചെണ്ണ കൊണ്ടോ മൃദുവായി മസാജ് ചെയ്യാം.
2. ബനാന പായ്ക്ക്
വരണ്ടതും പൊട്ടല്‍ വീണതുമായ ചര്‍മപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും നല്ല പരിഹാരമാണ് വാഴപ്പഴം. ഇതൊരു നാച്വറല്‍ മോയിസ്ചറൈസര്‍ കൂടിയാണ്. മാത്രമല്ല വിറ്റാമിന്‍ എ, സി, ബി എന്നിവയുടെ കലവറ കൂടിയാണ്. നന്നായി പഴുത്ത ഒരു വാഴപ്പഴം ഉടച്ചത് തേനും ചേര്‍ത്ത് കാല്‍പാദങ്ങളില്‍ തേച്ചുപിടിപ്പിക്കാം. ഇരുപത് മിനിറ്റിന് ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം രണ്ട് നേരം മുങ്ങാതെ ഈ പായ്ക്ക് ഉപയോഗിച്ചാല്‍ നല്ല മാറ്റം കാണാം.
3. നാരങ്ങാനീര്, വെളിച്ചെണ്ണ
പാദങ്ങള്‍ പതിനഞ്ച് മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. ശേഷം ഒരു ടവ്വല്‍കൊണ്ട് നനവ് മാറ്റാം. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാ നീരില്‍ ഒരു ടീസ്പൂണ്‍ കട്ടിയായ വെളിച്ചെണ്ണയോ പെട്രോളിയം ജെല്ലിയോ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് കാലില്‍ പുരട്ടി ഒരു മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകാം.
4. അലോവേര
അലോവേര വീടിനുള്ളില്‍ വളര്‍ത്താവുന്ന ഒരു ഔഷധ സസ്യം കൂടിയാണ്. വീട്ടില്‍ അലോവേരയുണ്ടെങ്കില്‍ സൗന്ദര്യസംരക്ഷണത്തിന് മറ്റൊന്നും വേണ്ട. വരണ്ട പാദങ്ങള്‍ക്ക് മികച്ച പരിഹാരം കൂടിയാണിത്. വിറ്റാമിനുകളായ എ, ഇ, സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് അലോവേര. ഓരോ തവണയും കാലുകള്‍ കഴുകിയാല്‍ ഉടനെ അലോവേര ജെല്‍ പുരട്ടാം.
Content highlights: Natural Home Remedies For Dry Feet