ടുക്കളയില്‍ നമ്മള്‍ എന്നും ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍, ബ്രഡ്, വെള്ളരി, പച്ചചീര... ഇവയൊക്കെ ഭക്ഷണമായി മാത്രമല്ല. ചര്‍മത്തിന്റെ വരള്‍ച്ചമാറ്റാനും, കരുവാളിപ്പകറ്റാനും, സണ്‍ടാന്‍ കളയാനുമൊക്കെ ഉഗ്രന്‍ വഴികള്‍കൂടിയാണ്. 

കോഫീ പൗഡര്‍
 
കഴുത്തിനു ചുറ്റുമുണ്ടാകുന്ന കറുപ്പുനിറം മാറുന്നതിന് നല്ല തിളപ്പിച്ചാറിയ വെള്ളത്തില്‍ ടൗവല്‍ മുക്കി 20 മിനുട്ട് ചൂടുകൊള്ളിക്കുക. ഒരു ബൗളില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ് സോഡ എന്നിവ നന്നായി മിക്‌സ് ചെയ്ത് കഴുത്തിന്ചുറ്റും നന്നായി പുരട്ടി സ്‌ക്രബ് ചെയ്യാം. അഞ്ചുമിനുട്ടിന്‌ശേഷം തണുത്തവെള്ളത്തില്‍ വൃത്തിയാക്കുക. ഇനി പാക്ക് ഉണ്ടാക്കാം. ഒരു ബൗളില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, മൂന്ന് ടീസ്പൂണ്‍ തൈര് എ്ന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തു ഒരു ടേബിള്‍സ്പൂണ്‍ ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍ കൂടി ചേര്‍ത്ത് കട്ടിയില്‍ കഴുത്തിന്ചുറ്റും പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യാം. കഴുത്തിലെ കറുപ്പ് ഇല്ലാതാക്കും. 

ബ്രെഡ്

അര ഗ്ലാസ് പാലില്‍ ഒരു പീസ് ബ്രെഡ് അരികുകള്‍ കളഞ്ഞ് കുതിര്‍ത്തു വയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കൈകൊണ്ട് തിരുമ്മിയുടച്ച്  പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കൈകളിലും കാലുകളിലും പുരട്ടാം. ഇരുപതു മിനിറ്റു കഴിഞ്ഞ് കഴുകി കളയാം. ചര്‍മത്തിലെ കരുവാളിപ്പും മറ്റെല്ലാ ചര്‍മപ്രശ്‌നങ്ങളും തടയാന്‍ ഈ പായ്ക്ക് സഹായിക്കും. പാലിന് പകരം അര ഗ്ലാസ് തൈര് ഉപയോഗിച്ചും ഈ പായ്ക്കുണ്ടാക്കാം.

വെള്ളരിക്ക

വെള്ളരിക്കയുടെ ഉള്‍വശത്തെ പള്‍പ് ഇനി കളയേണ്ട. ചര്‍മത്തിന്റെ വരള്‍ച്ച മാറ്റാനുള്ള ഏറ്റവും നല്ല പായ്ക്കാണിത്. വെള്ളരിക്കയുടെ ഉള്‍വശത്തെ പള്‍പും ഒരു ചെറിയ സ്പൂണ്‍ പാല്‍പാടയും ചേര്‍ത്ത് മുഖത്തും കൈകാലുകളിലും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് നന്നായി കഴുകിക്കളയാം.

പപ്പായ

ഇരുചക്ര വാഹനമോടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് കൈകളിലെ സണ്‍ടാന്‍. പപ്പായ പായ്ക്കാണ് ഇതിന് ഉത്തമം. പച്ച പപ്പായ കുഴമ്പു രൂപത്തില്‍ അരച്ചെടുക്കുക. ഇതിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും രണ്ട് വലിയ സ്പൂണ്‍ തൈരും ചേര്‍ത്ത് മിക്‌സ് ചെയ്ത് കൈകളില്‍ പുരട്ടാം, തുടര്‍ച്ചയായ അഞ്ചു ദിവസം ഈ പായ്ക് പുരട്ടിയാല്‍ സണ്‍ടാന്‍ അപ്രത്യക്ഷമാകും.

പച്ച ചീര

തോരന്‍ വയ്ക്കുന്ന പച്ച ചീര അല്‍പമെടുത്ത് അരച്ച് അതിലേക്ക് അര മുറി നാരങ്ങാനീര് ചേര്‍ക്കുക. ഇത് കൈപ്പത്തിയുടെ പുറം ഭാഗത്തും  വിരലുകളിലും പുരട്ടുക. കൈകളിലെ കരുവാളിപ്പും വിരലുകളിലെ കറുപ്പ് നിറവും മാറിക്കിട്ടും. ഒരാഴ്ച ഇത് തുടരാം.

മാതളം

സ്വാഭാവികമായ ചര്‍മത്തിന്റെ നിറത്തിനും ടെക്‌സ്ചര്‍ നന്നാവുന്നതിനും മാതളം, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ നല്ലതാണ്. അര മാതളം, അര കാരറ്റ്, കാല്‍ കഷണം ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി പഞ്ചസാര ചേര്‍ക്കാതെ ദിവസവും കുടിക്കുക. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പേരയ്ക്ക എന്നിവ കഴിക്കാം. ഒരു നെല്ലിക്ക മാത്രം ദിവസവും കഴിക്കുന്നതും നല്ലതാണ്. 

കടപ്പാട്: ഡോ. റീമ പത്മകുമാര്‍, ബ്രൈഡല്‍ കണ്‍സള്‍ട്ടന്റ്
റീംസ് ഹെര്‍ബല്‍ ബ്യൂട്ടി കെയര്‍ സൊല്യൂഷന്‍സ്, തിരുവനന്തപുരം

കൂടുതല്‍ ബ്യൂട്ടി ടിപ്പ്‌സ് അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Natural Beauty Tips From Kitchen