ഫേസ്മാസ്കുകൾ ഇപ്പോൾ നമ്മുടെ  ജീവിതത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. ഇതറിഞ്ഞിട്ടാവാം പ്രമുഖ ഫാഷൻ ഡിസൈനേഴ്സ് പോലും അവരുടെ ബ്രാൻഡ് മാസ്കുകൾ വരെ പുറത്തിറക്കി തുടങ്ങിയിരിക്കുന്നു. എന്നാൽ എത്ര വിലയേറിയ മാസ്കായാലും ശുചിയായി സൂക്ഷിച്ചില്ലെങ്കിൽ മുഖചർമത്തെ ബാധിക്കാം. മുഖക്കുരു, ചൂടുകുരുക്കൾ, കറുത്തപാടുകൾ... ഇങ്ങനെ ചർമപ്രശ്നങ്ങൾ ധാരാളം പിന്നാലെ എത്തും. വൃത്തിയുള്ള മാസ്ക് ധരിക്കാത്തവരിൽ ഉണ്ടാകുന്ന കടുത്തമുഖക്കുരു ബാധ മാസ്കനെ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കൃത്യമായ ചികിത്സ തേടേണ്ടി വരും.

ഇതിനൊപ്പം മാസ്ക് തന്നെ അലർജിയാകുന്നവരുണ്ട്. അതിൽ ഉപയോഗിച്ചിരിക്കുന്ന ഡൈ, മാസ്ക് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയൽ... ഇവയും ചർമപ്രശ്നങ്ങൾക്ക് കാരണമാകും. മാസ്ക് കൃത്യമായി വൃത്തിയാക്കില്ലെങ്കിൽ അതിലടിഞ്ഞ പൊടിയും മറ്റും തുമ്മൽ, ജലദോഷം, അലർജി പോലുള്ളവയ്ക്കു കാരണമാകും.

മാസ്ക് ഉപയോഗിക്കുമ്പോൾ

1. മാസ്കിന്റെ വൃത്തി തന്നെയാണ് പ്രധാനം. പുനരുപയോഗിക്കാൻ പറ്റുന്നവയാണെങ്കിൽ എല്ലാ ദിവസവും കഴുകി ഉണക്കി മാത്രം ഉപയോഗിക്കാം. അങ്ങനെ അല്ലാത്ത മാസ്കുകൾ വീണ്ടും ഉപയോഗിക്കരുത്. ഒരു തവണ ഉപയോഗിച്ച ശേഷം കത്തിച്ചുകളയുകയോ കൃത്യമായി സംസ്കരിക്കുകയോ ചെയ്യുക.

2. മാസ്ക് ഉപയോഗിക്കുമ്പോൾ ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടെങ്കിൽ മാസ്ക് ചെറുചൂടുവെള്ളത്തിൽ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കഴുകണം. മാത്രമല്ല നന്നായി ഉണങ്ങിയ ശേഷം മാത്രം മാസ്ക് ധരിക്കാം.

3. മാസ്കിനൊപ്പം അമിതമായ മേക്കപ്പ് കൂടിയായാൽ ചർമത്തിന് ശരിയായി ശ്വസിക്കാൻ കഴിയാതെ വരും. വിയർപ്പും മറ്റും തങ്ങിനിന്ന് ചർമത്തിലെ സുഷിരങ്ങൾ അടയുന്നത് മുഖക്കുരു വർധിക്കാൻ കാരണമാകും. മുഖക്കുരു പോലുള്ളവ കൂടുന്നതായി തോന്നിയാൽ തൽക്കാലം മേക്കപ്പ് ഒഴിവാക്കാം. ചർമരോഗ വിദഗ്ധനെ കാണാം.

4. രാവിലെയും രാത്രിയിലും വീര്യം കുറഞ്ഞ ഫേസ് വാഷ് ഉപയോഗിച്ച മുഖം വൃത്തിയായി കഴുകാം. ഓയിൽ ഫ്രീ മോയിസ്ചറൈസറോ വാട്ടർ ബേസ്ഡ് മോയിസ്ചറൈസറോ പുരട്ടാം.

5. മാസ്ക് ധരിക്കുന്ന ഭാഗങ്ങളിൽ വരുന്ന മുഖക്കുരു പൊട്ടിക്കരുത്. വീണ്ടും മാസ്ക് ധരിക്കുമ്പോൾ ഇവ പഴുക്കാനും കൂടുതൽ അണുബാധകൾക്കും കാരണമാകും.

6. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും എക്സ്ഫോളിയേഷൻ ചെയ്യാൻ മറക്കേണ്ട. ചർമത്തിലെ മൃതകോശങ്ങളെ നീക്കാനും ചർമത്തിന്റെ സ്വഭാവിക ഭംഗി നിലനിർത്താനും ഇത് സഹായിക്കും. ചർമത്തിൽ പെട്രോളിയം ജെല്ലി പോലുള്ളവ പുരട്ടുന്നത് ഒഴിവാക്കാം

7. മാസ്ക് തിരഞ്ഞെടുക്കുമ്പോൾ ചർമത്തിന് യോജിച്ചവ തിരഞ്ഞെടുക്കാം. സോഫ്റ്റായ ഈർപ്പം വലിച്ചെടുക്കുന്ന കോട്ടൺ മെറ്റീരിയലുകളാണ് നല്ലത്. സിന്തെറ്റിക് മെറ്റീരിയലുകൾ ചർമത്തിന് യയോജിച്ചവയല്ല.

8. മാസ്ക് ധരിക്കുന്നതിന് മുമ്പ് കൈകൾ ശുചിയാക്കാൻ മറക്കേണ്ട. ഒപ്പം ഇടയ്ക്കിടെ മാസ്കിൽ കൈകൊണ്ട് തൊടുന്നതും മുഖത്ത് സ്പർശിക്കുന്നതും ഒഴിവാക്കണം.

Content Highlights:Mask hygiene is important in skin care