ലോക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണങ്ങൾക്കൊപ്പം സൗന്ദര്യവർധക ടിപ്സും പങ്കുവെച്ചിട്ടുള്ള താരമാണ് മലൈക അറോറ. ആരോഗ്യമുള്ള മുടിക്കായി കാലങ്ങളായി താൻ സ്വീകരിക്കുന്ന മാർഗവും തിളങ്ങുന്ന ചർമത്തിനു പിന്നിൽ അലോവേരയാണെന്നുമൊക്കെ മലൈക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീട്ടിൽ പ്രകൃതിദത്തമായ സ്ക്രബ് തയ്യാറാക്കുന്ന വിധമാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്.
പഞ്ചസാരയും കോഫിയും ചേർത്ത് സ്ക്രബ് തയ്യാറാക്കുന്ന വിധമാണ് മലൈക പറയുന്നത്. പണ്ട് പീച്ചിങ്ങയുടെ നാര് കൊണ്ട് ശരീരം സ്ക്രബ് ചെയ്ത് കുളിക്കണമെന്ന് അമ്മ പറയുമായിരുന്നുവെന്നും അങ്ങനെയാണ് താൻ സ്ക്രബ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കിയതെന്നും മലൈക. വൈകാതെ സ്വന്തമായൊരു സ്ക്രബ് ഉണ്ടാക്കിയാലോ എന്ന ആലോചനയിൽ നിന്നാണ് ഈ കോഫീ സ്ക്രബിലേക്കെത്തിയതെന്നും താരം.
കോഫി ആരോഗ്യത്തിന് ഹാനികരമാണെന്നു പറഞ്ഞത് ആരാണ് എന്ന ക്യാപ്ഷനോടെയാണ് മലൈക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഫി എന്ന വില്ലനെ താരമാക്കി മാറ്റാനുള്ള മാർഗമാണ് താൻ പങ്കുവെക്കുന്നതെന്നും മലൈക.
ബാക്കി വന്ന കോഫീ പൗഡറിനൊപ്പം പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്താണ് മലൈക സ്ക്രബ് തയ്യാറാക്കുന്നത്. കോഫിയിലെ കഫീനിലടങ്ങിയ ആന്റിഓക്സിഡന്റ് ചർമത്തിലെ കരുവാളിപ്പ് നീക്കി ആരോഗ്യകരമായ ചർമം പ്രദാനം ചെയ്യുമെന്ന് മലൈക പറയുന്നു. മൃതകോശങ്ങളെ അകറ്റാനും ചർമം മൃദുവാകാനും ഈ സ്ക്രബ് മികച്ചതാണെന്ന് താരം പറയുന്നു. ശേഷം കഴുകിക്കളഞ്ഞ് സ്ഥരിം ഉപയോഗിക്കുന്ന മോയ്സചറൈസർ പുരട്ടാമെന്നും പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights: malaika arora sharing beauty tips