ബോളിവുഡിൽ ഫിറ്റ്നസ് കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്ത താരമാണ് നടി മലൈക അറോറ. നാൽപതുകളിലും യുവനടിമാരെപ്പോലും വെല്ലുന്ന ഊർജം കാത്തുസൂക്ഷിക്കുന്ന താരം തന്റെ ആരോഗ്യ സൗന്ദര്യ സംരക്ഷണ ടിപ്സും സമൂഹമാധ്യമം വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചർമ സൗന്ദര്യത്തിന്റെ രഹസ്യമാണ് മലൈക പങ്കുവച്ചിരിക്കുന്നത്.
തന്റെ സെൻസിറ്റീവ് ചർമത്തെ പരിപാലിക്കാൻ കാലങ്ങളായി സ്വീകരിച്ചുവരുന്ന മാർഗം പങ്കുവെക്കുകയാണ് മലൈക. തന്റെ ചർമം സെൻസിറ്റീവായതിനാൽ വളരെ ശ്രദ്ധയോടെ മാത്രമേ മുഖത്ത് പരീക്ഷണം നടത്താനാവൂ. ഇൻസ്റ്റഗ്രാമിലൂടെയാണ് മലൈക ബ്യൂട്ടി ടിപ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മറ്റൊന്നുമല്ല ശുദ്ധമായ കറ്റാർവാഴയാണ് മലൈകയുടെ തിളങ്ങുന്ന ചർമത്തിനു പിന്നിലെ രഹസ്യം.
വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും അലോവേര മുറിച്ചെടുത്ത് ജെൽ മാറ്റിയെടുക്കുന്ന മലൈക ഇത് മുഖത്തുപുരട്ടി അൽപനേരം ഇരിക്കാനും ശേഷം തണുത്ത വെള്ളം കൊണ്ടു മുഖം കഴുകാനും പറയുകയാണ്. അലോവേരയുടെ ഗുണങ്ങളെക്കുറിച്ചും മലൈക വീഡിയോയിൽ പറയുന്നുണ്ട്. എല്ലാതരം ചർമക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് കറ്റാർവാഴയെന്നും മലൈക പറയുന്നുണ്ട്.
പ്രകൃതിദത്തമായ മോയ്സ്ചറൈസറായ അലോവേര കരിവാളിപ്പിനെയും മുഖക്കുരുവിനെയും ഇല്ലാതാക്കും. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനൊപ്പം ചെറിയ മുറിപ്പാടുകളെ ഇല്ലാതാക്കാനും കറ്റാർവാഴയ്ക്ക് കഴിവുണ്ട്.
അടുത്തിടെ ദഹനപ്രക്രിയ സുഗമമാക്കാൻ താൻ ശീലമാക്കുന്ന പാനീയത്തെക്കുറിച്ചും കേശപരിപാലനത്തിന് വീട്ടിൽ ചെയ്യാവുന്ന മാർഗങ്ങളെക്കുറിച്ചും മലൈക വീഡിയോ പങ്കുവച്ചിരുന്നു.
Content Highlights: malaika arora sharing beauty tips