ചെറുപ്പക്കാരിലേറെയും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ നടി മലൈക അറോറ ഇതിനൊരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുടികൊഴിച്ചില്‍ എളുപ്പത്തില്‍ തടഞ്ഞ് മുടി കരുത്താര്‍ന്നു വളരാനുള്ള മാര്‍ഗമാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്.
നമുക്കെല്ലാവർക്കും മനോഹരമായ തിളങ്ങുന്ന മുടിയാണ് ആവശ്യം, പക്ഷേ പരിപാലിക്കുന്നതു വളരെ കുറവുമായിരിക്കും. ചില സ്ത്രീകളെ സംബന്ധിച്ചിടത്തോളം മുടി എന്നത് അവരുടെ അടയാളമാണ്. മറ്റേത് അവയവവും പോലെ മുടിക്കും തുല്യമായ കരുതൽ വേണ്ടതുണ്ട്. - മലൈക പറയുന്നു.
കാലങ്ങളായി പലരും ചെയ്തുവരുന്ന ഏറ്റവും ഫലപ്രദമായ മാർഗം എന്നു പറഞ്ഞാണ് മലൈക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനായി വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കാസ്റ്റര്‍ ഓയില്‍ എന്നീ മൂന്ന് എണ്ണകള്‍ മാത്രമാണ് ആവശ്യമുള്ളത്.
ഒരു ഗ്ലാസ് ജാറെടുത്ത് ഈ മൂന്ന് എണ്ണയും തുല്യ അളവിലെടുത്തു വെക്കുക. ഇതിലേക്ക് അൽപം ഉലുവയും കറിവേപ്പിലയും ചേർക്കുക. പ്രോട്ടീൻ, നികോടിനിക് ആസിഡ് എന്നിവയാൽ സമൃദ്ധമായ ഉലുവ മുടിവളർച്ചയെ പരിപോഷിപ്പിക്കുന്നു. പ്രോട്ടീനും ബീറ്റാകരോട്ടിനും ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില മുടികൊഴിച്ചിൽ ഇല്ലാതാക്കി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഈ മിശ്രിതം ഏതാനും ദിവസം വച്ചതിനു ശേഷം എടുത്തുപയോഗിക്കാം.
Content Highlights: malaika arora easy hair care tips