മുടിയുടെ സംരക്ഷണത്തെ പറ്റി എന്ത് കണ്ടാലും അത് കണ്ണുംപൂട്ടി വിശ്വസിക്കാന്‍ ആളുണ്ട്. അപ്പോള്‍ ശരിയായ വിവരങ്ങള്‍ പറഞ്ഞ് കൊടുത്ത് നാല് കാശുണ്ടാക്കാമല്ലോ എന്ന് ചിന്തിച്ചത് രൂപ ശരത്ബാബുവാണ്. രൂപയുടെ Long hair videos and tisp എന്ന് യൂട്യൂബ് ചാനലിന്  266kയാണ്  സബ്‌സ്‌ക്രൈബേര്‍സ്. 
 
വീട്ടില്‍ വെറുതേ ഇരിക്കുമ്പോള്‍, മനസ്സിന് ഒരു റിലീഫ് എന്ന രീതിയിലാണ് ടിക്‌ടോക് ചെയ്ത് തുടങ്ങിയത്. ഡാന്‍സ് പഠിച്ചതു കൊണ്ട് അങ്ങനത്തെ വീഡിയോസ് ആണ് അധികവും ചെയ്തത്. അത് കണ്ട് കുറേപേര്‍ 'ചേച്ചീ, എന്ത് എണ്ണയാണ് മുടിയില്‍ തേയ്ക്കുന്നത്' എന്ന് ചോദിച്ച് കമന്റ് ചെയ്തു. പിന്നീട് എല്ലാവരും ഒരു യൂട്യൂബ് ചാനല്‍ തുടങ്ങൂ എന്ന് സജസ്റ്റ് ചെയ്തു. അമ്മ പറഞ്ഞു തന്ന കുറേ പൊടികൈള്‍ ആളുകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ എന്ന് ഞാനും വിചാരിച്ചു.


 
മുടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നയാണ് യൂട്യൂബ് ചാനലില്‍ പറയാറ്. താരന്‍ പോവാനും മുടിവളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനുമൊക്കെ ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും. ചെയ്ത് ഉറപ്പുവരുത്തിയ സത്യസന്ധമായ വിവരങ്ങള്‍ മാത്രമാണ് വീഡിയോയില്‍ പറയുന്നത്. വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളേ വീഡിയോയില്‍ കാണിക്കാറുള്ളൂ. ചെറുപ്പത്തിലേ മുടിയില്ലാത്തവര്‍ പോലും ഇതു തേച്ചാല്‍ മുടി വരും എന്ന രീതിയില്‍ പറയാറില്ല. പിന്നെ ഭര്‍ത്താവ് ശരത്ബാബു ചില ഹെല്‍ത് പ്രോഡക്ടുകളുടെ മാര്‍ക്കറ്റിങ് ജോലിയാണ് ചെയ്യുന്നത്. അതുകൊണ്ട് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള ഭക്ഷണങ്ങളെ കുറിച്ചും മറ്റു വിവരങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ ഏട്ടനും സഹായിക്കും.
 
ആദ്യമൊക്കെ കുറേ അബദ്ധം പറ്റിയിട്ടുണ്ട്. വീഡിയോ റെക്കോര്‍ഡര്‍ ഓണ്‍ ആക്കാതെ ഫോണും മുന്നില്‍ വെച്ച് കഥ തുടങ്ങും. പറഞ്ഞു തീരുമ്പോഴാവും ഇത് റെക്കോര്‍ഡ് ആവുന്നില്ല എന്ന് മനസിലാവുക.  ഒരു സാധാരണ ഫോണ്‍ കയ്യില്‍ പിടിച്ചാണ് വീഡിയോ ചെയ്തിരുന്നത്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ചാനലില്‍ വരുമാനം കിട്ടിതുടങ്ങിയപ്പോള്‍ പുതിയൊരു ഫോണ്‍ വാങ്ങി. കമന്റിന് റിപ്ലൈ കൊടുക്കാനാണ് ഭയങ്കര ബുദ്ധിമുട്ട്. അധികം ഫോണ്‍ ഉപയോഗിച്ച് ശീലവുമില്ല. കൂട്ടുകുടുംബം ആയതുകൊണ്ട് വീട്ടിലെ പണിയൊക്കെ തീര്‍ത്തിട്ടാണ് ഫോണിന്റെ മുന്നില്‍ വന്നിരിക്കാറ്. തൃശ്ശൂര്‍ വടക്കാഞ്ചേരി തളിയിലാണ് വീട്. 

GRIHALAKSHMI
ഗൃഹലക്ഷ്മി വാങ്ങാം

ആദ്യം മോശം കമന്റുകളാണ് വന്നിരുന്നത്. പേഴ്‌സണലി അധിക്ഷേപിക്കുകയൊക്കെ ചെയ്തു. പക്ഷേ ഇപ്പൊ, നന്നാവുന്നുണ്ട് എന്ന് പലരും പറയുന്നുണ്ട്. യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നത് എനിക്ക് സന്തോഷമാണ്. ഒപ്മം ഫാമിലിയെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന ഘടകവുമാണത്. ആദ്യം 10,000 രൂപയാണ് യൂട്യൂബില്‍ നിന്ന് കിട്ടിയത്. ഉലുവ തലയില്‍ തേയ്ക്കുന്ന ഒരു വീഡിയോയ്ക്ക് ഒരു ലക്ഷത്തിനടുത്ത് കിട്ടിയിരുന്നു. യൂട്യൂബിന്റെ പുതിയ അപ്‌ഡേറ്റുകള്‍ വന്നതോടെ റെവന്യൂ കുറഞ്ഞിട്ടുണ്ട്. പക്ഷേ, വീട്ടില്‍ ഇരിക്കുന്ന എന്നെപോലെ ഒരാള്‍ക്ക് കിട്ടുന്നത് വെച്ച് നോക്കുമ്പോള്‍ വലിയ കാര്യമാണ്. അറിയാവുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞു കൊടുത്തിട്ട് കിട്ടുന്ന പൈസയാണല്ലോ? ഇപ്പോള്‍ ജീവിതത്തില്‍ ബിസി ആവുമ്പോള്‍ സങ്കടമുള്ള കാര്യങ്ങള്‍ ആലോചിക്കാനുള്ള സമയവുമില്ല. പിന്നെ മോള് വീഡിയോയിലൊക്കെ വരിക എന്നത് എന്റെ അച്ഛനും അമ്മയ്ക്കും പണ്ടേ താല്‍പര്യമായിരുന്നു. 

ചര്‍മസംരക്ഷണത്തെ കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. അതിനെ കുറിച്ചും വീഡിയോ ചെയ്യണമെന്നുണ്ട്. പിന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളും.

വീഡിയോകളില്‍ കാണുന്നത് എന്നെ തന്നെയാണ്. സംസാരരീതിയും വേഷവും എല്ലാം. യാതൊരു മറയുമില്ല. മുടി അഴിച്ചിട്ട് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അമ്മയ്ക്കും അച്ഛനുമൊപ്പം ചെയ്ത വീഡിയോയാണ് ഏറ്റവും സ്‌പെഷല്‍ ആയി തോന്നിയത്.

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Long hair videos and tips