സോപ്പ് ബാര്‍ എന്തിനാണ് ഉപയോഗിക്കുന്നത്... കുളിക്കാന്‍, അല്ലെങ്കില്‍ തുണി കഴുകാന്‍. എന്നാല്‍ ബാത്ത് സോപ്പ് ബാറുകൊണ്ട് വേറെയുമുണ്ട് ഉപകാരങ്ങള്‍. ചില ടിപ്പുകള്‍ ഇതാണ്.
1. ഇഷ്ടപ്പെട്ട ഡ്രെസ്സുകള്‍, ബാഗ്, ജീന്‍സ്.. ഇവയുടെ സിപ്പര്‍ ഇടുമ്പോള്‍ ഇടയ്ക്കൊരു പിടുത്തം തോന്നുന്നുണ്ടോ. സിപ്പര്‍ കേടായി എന്നോര്‍ത്ത് നിരാശപ്പെടാന്‍ വരട്ടെ. സോപ്പ് ബാര്‍ സിപ്പര്‍ ചെയിന് മുകളില്‍ ഒന്ന് ഉരസാം. സിപ്പര്‍ പാത്ത് സ്മൂത്താവാന്‍ ഇത് സഹായിക്കും.
2. കാല് വിയര്‍ത്താലും നനഞ്ഞാലും ചിലര്‍ക്ക് ചെരുപ്പില്‍ ദുര്‍ഗന്ധമുണ്ടാവാറുണ്ട്. ഓഫീസിലും ആള്‍ക്കൂട്ടത്തിലുമൊക്കെ ആളുകള്‍ മുഖം ചുളിക്കാന്‍ ഇത് മതി. ഇതൊഴിവാക്കാന്‍ ഷൂസിനുള്ളില്‍ ഉണങ്ങിയ സോപ്പിന്റെ കഷണം വയ്ക്കാം. ധരിക്കുന്ന സമയത്ത് ഇത് മാറ്റാം. ദുര്‍ഗന്ധം അകലും.
3. ലോക്ഡൗണില്‍ മിക്കവരും വര്‍ക്ക് ഫ്രം ഹോമിലും മറ്റുമായിരുന്നു. പുറത്തേക്കും ഓഫീസിലേക്കും ഇടുന്ന വസ്ത്രങ്ങളെല്ലാം പുറത്തെടുക്കാതെ കബോര്‍ഡില്‍ തന്നെ. ഉപയോഗിക്കാതെ ദിവസങ്ങളോളം വയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് പഴകിയ ഗന്ധം വരുന്നത് മിക്കവര്‍ക്കും തലവേദനയാണ്. ഇത് ഒഴിവാക്കാന്‍ ഒരു സോപ്പ് ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് തുണികള്‍ക്കിടയില്‍ വയ്ക്കാം. തുണികള്‍ക്ക് നല്ല മണമുണ്ടാകാന്‍ ഇത് മതി.
4. ഗ്ലാസോ കണ്ണാടിയോ വീണുപൊട്ടിയോ. തടച്ചുകളഞ്ഞാലും നിലത്ത് ചെറിയ ഗ്ലാസിന്റെ കഷണങ്ങള്‍ അവശേഷിക്കും. ഇത് ഒഴിവാക്കാന്‍ ബാര്‍ സോപ്പ് എടുത്ത് ഗ്ലാസ് വീണ പ്രതലത്തില്‍ ഉരയ്ക്കാം. ചില്ലു കഷണങ്ങള്‍ ഇതില്‍ പറ്റിപ്പിടിച്ചോളും. ഈ സോപ്പ് കളയാന്‍ മറക്കേണ്ട.
5. കതകുകളുടെ വിജാഗിരി(hingse) തിരിയുമ്പോഴുള്ള കിരുകിര ശബ്ദം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ഒഴിവാക്കാന്‍ ശബ്ദമുണ്ടാക്കുന്ന വിജാഗിരിയില്‍ സോപ്പ് പുരട്ടാം. കതക് തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള ശബ്ദം ഇനി ഉണ്ടാവില്ല.
Content Highlights: Life Hacks with bathing soap bar that can get you out of tricky situations