ഭൂമിയിലെ സസ്യലലാതികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിത്താനുള്ള നിര്‍ണായകമായ ഒരു ഘടകമാണ് സൗരോര്‍ജം. നമ്മുടെ ശരീരക്ഷേമത്തിനും, മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിന്‍- ഡി (സണ്‍ഷൈന്‍ വിറ്റാമിന്‍) ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് സൂര്യകിരണങ്ങള്‍ നമ്മുടെ ചര്‍മത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. എന്നാല്‍ തീവ്രതയേറിയ സൂര്യരശ്മികള്‍ നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ചര്‍മത്തില്‍ പരിക്കേൽപിക്കാനും സാധ്യതയുണ്ട്. അതില്‍ നിന്ന് നമ്മുടെ ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ് സണ്‍സ്‌ക്രീനുകള്‍. സണ്‍സ്‌ക്രീനിന്റെ പ്രാധാന്യം ആളുകളിലെത്തിക്കാനാണ് മെയ് 27 സണ്‍സ്‌ക്രീന്‍ ദിനമായി ആഘോഷിക്കുന്നത്. ഇന്ന് വിപണിയില്‍ പലതരത്തിലുള്ള സണ്‍സ്‌ക്രീനുകള്‍ ലഭ്യമാണ്. അതില്‍ നമ്മുടെ  ചര്‍മത്തിനനുയോജ്യമായത് കണ്ടെത്തേണ്ടത് വളരെപ്രധാനമാണ്. 

സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍

1. സണ്‍സ്‌ക്രീനില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളും അവയുടെ അനുപാതവും വ്യക്തമാക്കുന്ന ഫര്‍മസ്യൂട്ടിക്കല്‍ ഏജന്റാണ് കോസ്മസ്യൂട്ടിക്കല്‍ ഏജന്റുകളെക്കാള്‍ മികച്ചത്. 

2. ഏത്, എപ്പോള്‍, എങ്ങനെ ഉപയോഗിക്കണമെന്നുള്ളതാണ്. ആദ്യമായി ശരിയായ ഘടകങ്ങള്‍ (ഫിസിക്കലും, കെമിക്കലും) അടങ്ങിയ ക്രീം തന്നെ സെലക്ട് ചെയ്യുക. ശരിയായ സണ്‍ പ്രൊട്ടെക്ഷന്‍ ഫാക്ടറും, UVA റേറ്റിങ്ങുമുള്ള പ്രോഡക്റ്റായിരിക്കും ഉചിതം. നിങ്ങളുടെ ചര്‍മ്മത്തിനിണങ്ങുന്ന ഫോര്‍മുലേഷന്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുക. 

3. ജെല്‍ ടൈപ്പായിരിക്കും ഓയിലി സ്‌കിന്‍-ന് ഇണങ്ങുക. വീട്ടിനകത്തും, പുറത്തും ക്രീം പുരട്ടാന്‍ പ്രത്യകം ശ്രദ്ധിക്കുക.

4. ഔട്ട്‌ഡോര്‍ ആക്ടിവിറ്റിക്കു ഇരുപതു മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടിയാലേ ശരിയായ ഗുണം ലഭിക്കുകയുള്ളു. മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടണം. നിങ്ങള്‍ ഏറെനേരം പുറത്തു ചെലവഴിക്കുകയാണെങ്കില്‍, സണ്‍സ്‌ക്രീന്‍ ക്രീം രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ വീണ്ടും പുരട്ടേണ്ടതാണ്. 

5. ഈ ലോക്ഡൗണ്‍ കാലത്തു നമ്മള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ധാരാളമായി ഉപയോഗിക്കുമെന്നുള്ളതിനാല്‍, സണ്‍സ്‌ക്രീന്‍ വീട്ടിനുള്ളിലായിരിക്കുന്ന അവസരത്തിലും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. യു.വി റേസ് മാത്രമല്ല ഇലക്‌ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്ന് പുറപ്പെടുന്ന ബ്ലൂ ലൈറ്റ് ചിലപ്പോള്‍ ചര്‍മ്മത്തിന് ഹാനികരമായേക്കാം.

6. സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിച്ച് കഴിഞ്ഞ് ചര്‍മത്തില്‍  ചൊറിച്ചില്‍, പുകച്ചില്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ നിങ്ങളുടെ സ്‌കിന്‍ സെപ്ഷ്യലിസ്റ്റിനെ കാണാന്‍ മടിക്കേണ്ട.

7. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ്  മുഖം ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കുകയും വേണം. 

8. മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള പ്രത്യകം തയ്യാറാക്കിയ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ മാത്രമേ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കാവൂ

സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

എത്രത്തോളം- കൈകളിലും, മുഖത്തും പുരട്ടാന്‍ അര ടീ സ്പൂണും (3 ml) കാലുകളിലും, നെഞ്ചിലും, മുതുകിലും പുരട്ടാന്‍ ഒരു ടീ സ്പൂണും (6 ml) ഏകദേശം വേണ്ടിവരും. ശരീരത്താകമാനം പുരട്ടാന്‍ ഏകദേശം 33 മില്ലിയും വേണ്ടിവന്നേക്കും.

എങ്ങനെ പുരട്ടണം- മുകളില്‍ പറഞ്ഞ അളവില്‍ സണ്‍സ്‌ക്രീന്‍ കൈവെള്ളയില്‍ എടുത്തിട്ട് മറ്റേ കെയിലെ ചൂണ്ടുവിരല്‍ കൊണ്ട് മുഖത്തില്‍ ഒരേ അകലം വിട്ട് പൊട്ടു തൊടുന്നതുപോലെ ഇട്ടിട്ട്, സമാനമായ അളവില്‍ മുഖത്താകമാനം വ്യാപിപ്പിക്കുക.

Content Highlights: Is sunscreen still necessary when you're working from home