മഴക്കാലം പിന്നിട്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ഉത്സവകാലമാണ്. വീടുകളിലും മറ്റും ആഘോഷപരിപാടികള്‍ കൂടുതലായി നടക്കുന്ന സമയം. ഒപ്പം ചര്‍മ്മ സംരക്ഷണത്തിനും കൂടി പ്രാധാന്യം നല്‍കേണ്ട കാലമാണിത്. 
ചര്‍മ്മസംരക്ഷണത്തിന് പുറമെ മാത്രം രക്ഷ ചെയ്താല്‍ പോരെന്നും കഴിക്കുന്ന ഭക്ഷണം മികച്ചതായിരിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍മ്മത്തെ ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നതിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ധാരാളം വെള്ളം കുടിക്കുക

സുസ്ഥിരവും പോഷകങ്ങള്‍ അടങ്ങിയതുമായ ആഹാരക്രമം ശീലമാക്കുന്നത് നമ്മുടെ ശരീരം സജീവമായി നിലനില്‍ക്കുന്നതിനൊപ്പം ചര്‍മ്മ ആരോഗ്യത്തെയും സംരക്ഷിക്കും. ഒരു ദിവസം 3 മുതല്‍ നാലു ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നത് ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനൊപ്പം മൃദുവാക്കുകയും ചെയ്യും.

പച്ചക്കറിയും പഴങ്ങളും ശീലമാക്കുക

പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ കോശങ്ങള്‍ക്കു കേടുപാടുകള്‍ പറ്റാതെ കാത്തുസൂക്ഷിക്കുന്നതിന് ആന്റിഓക്‌സിഡന്റുകള്‍ പ്രവര്‍ത്തിക്കുന്നു. പലനിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും നിത്യവും ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ എന്നിവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിനും കാബേജ്, പപ്പായതുടങ്ങിയ പച്ചക്കറികളിലടങ്ങിയിരിക്കുന്ന ലൂട്ടെനും ചര്‍മ്മ കോശങ്ങളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു.

വിറ്റാമിന്‍ ഇ അവശ്യപോഷകം

ചര്‍മ്മത്തിലെ കോശങ്ങള്‍ക്കു കേടുപാട് വരാതെ കാത്തുസൂക്ഷിക്കാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു. ഇതിനുപുറമെ ആരോഗ്യപ്രദമായ ചര്‍മ്മത്തിന്റെ രൂപവത്കരണത്തിനും വിറ്റാമിന്‍ ഇ പ്രധാന പങ്കുവഹിക്കുന്നു. ബദാം, അവക്കാഡോ, പീനട്ട്, സൂര്യകാന്തി എണ്ണ, ചോളം എന്നിവ വിറ്റാമിന്‍ ഇ യുടെ കലവറയാണ്.

വിറ്റാമിന്‍ സി

ഏറ്റവും മികച്ച ആന്റിഓക്‌സിഡന്റാണ് വിറ്റാമിന്‍ സി. രോഗപ്രതിരോധശേഷിയും ചര്‍മത്തിന്റെ തിളക്കവും നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നു. ഓറഞ്ച്, സ്‌ട്രോബെറി, പേരക്ക, ബ്ലൂബെറി, ബ്രൊക്കേളി എന്നിവയില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍, പുകപടലങ്ങള്‍ എന്നിവ തൊലിപ്പുറത്ത് പതിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍ പ്രതിരോധിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിനും പരുപരുപ്പ് ഇല്ലാതെ മൃദുവായി പരിരക്ഷിക്കുന്നതിനും ഓമേഗ 3 ഫാറ്റി ആസിഡിന്റെ പങ്ക് നിസ്തുലമാണ്. മത്സ്യം, വാള്‍നട്ട്, ചണ വിത്ത് എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോട് ബൈ പറയാം

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് ചിലപ്പോള്‍ നമ്മളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. എന്നാല്‍, ഇത്തരം ഭക്ഷണം ചര്‍മത്തിന്റെ തിളക്കം കെടുത്തുന്നു. 

Content highlights: how you can boost your skins glow by eating right things