ലോക്ക്ഡൗണ്‍ പലരെയും പുതിയ കാര്യങ്ങള്‍ പഠിപ്പിച്ച കാലം കൂടിയാണ്. പുതിയ പാചക പരീക്ഷണങ്ങളും വീടൊരുക്കലുമായി സജീവമായിരുന്നു മിക്കവരും. ഇതിനിടയില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകാന്‍ കഴിയാതെ വീട്ടിലിരുന്ന സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ പരീക്ഷിച്ചവരുമുണ്ട്. വാക്‌സിങ് ആണ് ലോക്ക്ഡൗണ്‍ കാലത്ത് പലരെയും കുഴപ്പത്തിലാക്കിയത്. കൈകാലുകളിലെ രോമം നീക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോകണമെന്നില്ല. വീട്ടില്‍ വച്ച് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.
പഞ്ചസാരയും തേനും നാരങ്ങാനീരുമുണ്ടെങ്കില്‍ എളുപ്പത്തില്‍ തന്നെ വീട്ടില്‍ നിന്ന് വാക്‌സിങ് ചെയ്യാം. അതിനായി ആദ്യം വാക്‌സ് തയ്യാറാക്കണം. ഒരു പാനെടുത്ത് ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് മിതമായ തീയില്‍ ഇളക്കാതെ ചൂടാക്കുക. പഞ്ചസാര ഉരുകി വരുമ്പോള്‍ ഒരു കപ്പ് തേനും അരകപ്പ് നാരങ്ങാനീരും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം അല്‍പം കട്ടിയാവുന്നതുവരെ ഇളക്കുക. കട്ടി കൂടിപ്പോയെന്നു തോന്നിയാല്‍ ഒരു ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തിളക്കാം.
ഇനി വാക്‌സിങ്ങിനു വേണ്ട സ്ട്രിപ് തയ്യാറാക്കണം. കടയില്‍ നിന്നു വാങ്ങിയ സ്ട്രിപ് കയ്യില്‍ ഇല്ലെങ്കില്‍ കോട്ടണ്‍, ലിനന്‍ തുണി കീറി സ്ട്രിപ് രൂപത്തില്‍ മുറിച്ചെടുക്കാം. നൂല്‍ പൊങ്ങിക്കിടക്കുന്ന അഗ്രഭാഗങ്ങള്‍ തയ്യല്‍മെഷീനില്‍ തുന്നിയെടുക്കുന്നത് നല്ലതാണ്.
ശേഷം രോമം നീക്കം ചെയ്യേണ്ട ഭാഗത്ത് അല്‍പം ബേബി പൗഡര്‍ അല്ലെങ്കില്‍ കോണ്‍സ്റ്റാര്‍ച് പുരട്ടുക. ചര്‍മത്തിലെ എണ്ണമയമോ നനവോ നീക്കം ചെയ്ത് വാക്‌സിങ് എളുപ്പവും വേദന കുറവുള്ളതും ആക്കാനാണിത്. ഇനി ഒരു സ്പാറ്റുല ഉപയോഗിച്ച് രോമം നീക്കം ചെയ്യേണ്ട ഭാഗത്ത് വാക്‌സ് പുരട്ടാം. രോമം വളരുന്നതിന്റെ ദിശയിലായിരിക്കണം വാക്‌സ് പുരട്ടേണ്ടത്. സ്ട്രിപ് എടുത്ത് വാക്‌സിനു മുകളില്‍ വച്ച് പ്രസ് ചെയ്യുക. ശേഷം സ്ട്രിപ്പിന്റെ താഴ്ഭാഗത്തു നിന്ന് മുകളിലേക്ക് പെട്ടെന്ന് വലിക്കുക.
ഇപ്രകാരം രോമം നീക്കം ചെയ്യേണ്ട ഭാഗങ്ങളിലെല്ലാം ചെയ്യുക. ബാക്കിവന്ന വാക്‌സ് ഫ്രിഡ്ജില്‍ ആഴ്ചകളോളവും ഫ്രീസറില്‍ മാസങ്ങളോളവും കേടാകാതെയിരിക്കും.
Content Highlights: How to Make Hair Removal Wax at Home