മുടികൊഴിച്ചില്‍ പലര്‍ക്കും വലിയ പ്രശ്‌നമാണ്. മുടിയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധയും കരുതലും നല്‍കിയില്ലെങ്കില്‍ മുടികൊഴിച്ചില്‍ വര്‍ധിക്കും. അല്‍പ്പം ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും കഴിയും. എണ്ണ പൂര്‍ണമായും ഉപേക്ഷിക്കുന്നത് മുടിക്ക് ദോഷം മാത്രമേ ചെയ്യൂ. ഇത് മുടിയുടെ ആരോഗ്യം കുറയാനും പെട്ടെന്ന് നരയ്ക്കാനും മുടികൊഴിച്ചില്‍ വര്‍ധിക്കാനും ഇടയാക്കും. 

ആഴ്ചയില്‍ രണ്ട് ദിവസം നല്ല വെളിച്ചെണ്ണയോ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയോ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകുക. ഷാമ്പു ഉപയോഗിക്കുമ്പോള്‍ ഉറപ്പായും കണ്ടീഷ്ണര്‍ ഉപയോഗിക്കണം. ഒരു ദിവസം 100 മുടി വരെ കൊഴിയുന്നത് സാധാരണമാണ്. അതില്‍ കൂടുതല്‍ മുടി കൊഴിഞ്ഞാല്‍ ഡോക്ടറെ കാണേണ്ടതാണ്.

ശ്രദ്ധയും പരിചരണവുമാണ് മുടികൊഴിച്ചില്‍ കുറയ്ക്കാനുള്ള മാര്‍ഗം. മാസത്തില്‍ ഒന്നെങ്കിലും മുടിയുടെ അറ്റം ട്രിം ചെയ്യണം. ഇത് മുടിയുടെ വളര്‍ച്ച കൂട്ടാന്‍ ഉപകരിക്കും. കളറിങ്, സ്‌ട്രെയിറ്റനിങ്, വോളിയമൈസിങ്ങ് തുടങ്ങി ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ സ്വഭാവികത നഷ്ടപ്പെടുത്തുകയും ആരോഗ്യം കുറയ്ക്കുകയും ചെയ്യും. മാസത്തില്‍ ഒരിക്കല്‍ സ്പാ ചെയ്യുന്നത് മുടി കൊഴിച്ചിലും താരനും കുറയാന്‍ സഹായിക്കും. 

മുടികൊഴിച്ചിലിന്റെ പ്രധാന കാരണം മുടിയുടെ ശുചിത്വക്കുറവാണ്. താരന്‍ മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കും. താരന്‍ കൂടുതലാണെന്നു തോന്നിയാല്‍ വൈദ്യസഹായം തേടുക. ഇത് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം കുറയ്ക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ ഒരു മുട്ടയുടെ വെള്ളയോ അല്‍പ്പം ഉലുവ അരച്ചതോ തലയോട്ടിയില്‍ നന്നായി പുരട്ടിയ ശേഷം കഴുകിക്കളയുക. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കും.

Content Highlight:how to control hair fall