മേക്കപ്പ് ചെയ്യുന്നവര്‍ മേക്കപ്പ് ബ്രഷ് ഇടയ്ക്ക് ക്ലീന്‍ ചെയ്യാറുണ്ടോ? പലരും ചെയ്യാറില്ല. ബ്രഷിന്റെ ബ്രിസ്റ്റിലുകളില്‍ പൗഡറും ക്രീമും ഒക്കെ അടിഞ്ഞ് കട്ടിയായി കിടക്കുന്നുണ്ടാകും. ബ്രഷില്‍ ബാക്ടീരിയ വളരാനും ചര്‍മപ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇത് ഇടയാക്കും. അതിനാല്‍ തന്നെ മേക്കപ്പ് ബ്രഷ് ഇടയ്ക്കിടെ വൃത്തിയാക്കേണ്ടതുണ്ട്. ഇതിന് വളരെ കുറച്ചുസമയം മാത്രം മതിയാകും. 

  • പൗഡര്‍ ഉപയോഗിക്കുന്ന ബ്രഷ് ആണെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണയെങ്കിലും വൃത്തിയാക്കണം. 
  • ക്രീമുകളോ ഫൗണ്ടേഷന്‍ ക്രീം, കണ്‍സീലര്‍, ഐ ഷാഡോ പോലുള്ള ലിക്വിഡ് രൂപത്തിലുള്ള മേക്കപ്പ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ബ്രഷ് ആണെങ്കില്‍ അത് ദിവസവും വൃത്തിയാക്കണം. കാരണം, ഇവയില്‍ അണുബാധയ്ക്ക് ഇടയാക്കുന്ന ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതുതന്നെ. 
  • മേക്കപ്പിന് ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ ദിവസവും വൃത്തിയാക്കണം. അല്ലെങ്കില്‍ ബ്രഷിലുള്ളതിനേക്കാള്‍ ബാക്ടീരിയ അതില്‍ അടങ്ങിയിട്ടുണ്ടാകും. 

എന്ത് ഉപയോഗിച്ച് വൃത്തിയാക്കണം?
* മേക്കപ്പ് ബ്രഷ് വൃത്തിയാക്കാന്‍ പൊതുവേ ഉപയോഗിക്കുന്നതാണ് ബേബി ഷാംപൂ. നാച്ചുറല്‍ ഫൈബര്‍ ബ്രഷുകള്‍ക്ക് ഇതാണ് നല്ലത്. 
* ലിക്വിഡ് മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബ്രഷ് ആണ് വൃത്തിയാക്കേണ്ടതെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഐവറി സോപ്പ് ഉപയോഗിക്കാം. കട്ടിയേറിയ മേക്കപ്പ് വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ഇതാണ് നല്ലത്. 
* മേക്കപ്പ് സ്‌പോഞ്ചുകള്‍ ഡീപ് ക്ലീനിങ് ചെയ്യാന്‍ ഡോണ്‍ ഡിഷ് സോപ്പുകളാണ് നല്ലത്. ഓയില്‍ ബേസ്ഡ് ആയ ഫൗണ്ടേഷനുകളും കണ്‍സീലറുകളും പെട്ടെന്ന് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 
* മേക്കപ്പ് ബ്രഷ് ക്ലീന്‍ ചെയ്യാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നതാണ് മേക്കപ്പ് ബ്രഷ് ക്ലെന്‍സറുകള്‍. ഇവ ഉപയോഗിച്ച് മേക്കപ്പ് ബ്രഷ് വൃത്തിയാക്കാം. 

വൃത്തിയാക്കേണ്ട രീതി

മേക്കപ്പ് ബ്രഷ് എടുത്ത് അതിന്റെ ബ്രിസ്റ്റിലുകള്‍ മാത്രം വെള്ളത്തില്‍ നന്നായി കഴുകുക. ഇനി എന്ത് സൊല്യൂഷന്‍ ഉപയോഗിച്ചാണോ ബ്രഷ് ക്ലീന്‍ ചെയ്യേണ്ടത് അത് കൈവെള്ളയില്‍ ഒഴിച്ച് ബ്രഷിന്റെ ബ്രിസ്റ്റിലുകള്‍ അതിലേക്ക് വെച്ച് മൃദുവായി മസാജ് ചെയ്യുക. അപ്പോള്‍ ഈ ക്ലീനിങ് സൊല്യൂഷന്‍ കൃത്യമായി ബ്രഷിന്റെ ബ്രിസ്റ്റിലുകളില്‍ പുരളും. ഇനി ഈ ബ്രിസ്റ്റിലുകള്‍ വീണ്ടും പൈപ്പില്‍ നിന്ന് ഒഴുകുന്ന വെള്ളത്തിലേക്ക് പിടിച്ച് നന്നായി കഴുകിയെടുക്കുക. ബ്രഷിലെ അഴുക്ക് പൂര്‍ണമായും നീങ്ങുന്നതു വരെ ഇത് ചെയ്യണം. ഇതിനുശേഷം ബ്രിസ്റ്റിലുകള്‍ നന്നായി അമര്‍ത്തി പിഴിഞ്ഞ് ജലാംശം നീക്കണം. തുടര്‍ന്ന് ബ്രഷ് ഒരു ടിഷ്യു പേപ്പറിലോ ടവലിലോ വെയ്ക്കുക. നന്നായി വെള്ളം വറ്റി ഉണങ്ങിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കാം. 

കൃത്യമായി വൃത്തിയാക്കിയാല്‍ മേക്കപ്പ് ബ്രഷ് ദീര്‍ഘകാലം ഉപയോഗിക്കാം. ബ്രിസ്റ്റിലുകള്‍ കൊഴിഞ്ഞു തുടങ്ങിയാല്‍ പിന്നെ ഉപയോഗിക്കരുത്. പുതിയ ബ്രഷ് വാങ്ങാം. 

Content Highlights: How to clean makeup brushes, Beauty, Women