തണുപ്പുകാലം ഇങ്ങെത്തിക്കഴിഞ്ഞു. ചര്‍മ്മ സംരക്ഷണം പോലെ തന്നെ മുടിയുടെ സംരക്ഷണവും തണുപ്പുകാലത്ത് പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചില്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ ഏറാനുള്ള സാധ്യതയുള്ള സമയമാണിത്. പുറമെ നിന്നുള്ള സംരക്ഷണം പോലെതന്നെ പോഷകാഹാരവും ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. തണുപ്പുകാലത്ത് എണ്ണമയമുള്ള തലമുടി പരിരക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എണ്ണമയമുള്ള മുടിയുടെ സംരക്ഷണത്തിനുള്ള പൊടിക്കൈയ്കൾ പരിചയപ്പെടാം.

തേങ്ങാപ്പാല്‍ ഹെയര്‍മാസ്‌ക്

ആരോഗ്യമുള്ള തലമുടിക്ക് പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൊന്നാണ് തേങ്ങാപ്പാല്‍. തേങ്ങാപ്പാലില്‍ നാരാങ്ങാ നീരും ചേര്‍ത്ത് നാലോ അഞ്ചോ തുള്ളി ലാവന്‍ഡര്‍ ഓയിലും ചേര്‍ത്ത് തയ്യാറാക്കിയ ഹെയര്‍മാസ്‌ക് തലയില്‍നന്നായി തേച്ചു പിടിപ്പിക്കുക. നാലോ അഞ്ചോ മണിക്കൂറിനുശേഷം ഇത് കഴുക്കിളയാം.

വീട്ടില്‍ തയ്യാറാക്കാം ഹെയര്‍ കണ്ടീഷണര്‍ 

എണ്ണമയമുള്ള തലമുടിയില്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് മുടിയുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. 

ഒരു സവാളയും കാബേജും ചെറുതായി അരിഞ്ഞ് ഒരു രാത്രി മുഴുവന്‍ ചെമ്പുപാത്രത്തില്‍ ഇട്ട് വയ്ക്കുക. ഇതിലേക്ക് ചെമ്പകം കൊണ്ടുള്ള എസ്സന്‍ഷ്യല്‍ ഓയില്‍ ചേര്‍ത്ത് സവാളയുടെ മണം കളയാം. ഇതിലേക്ക് കുറച്ച് ഹെര്‍ബല്‍ ഓയില്‍ കൂടി ചേര്‍ത്ത് തലമുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകാം. ആഴ്ചയില്‍ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടിയുടെ തിളക്കം വര്‍ധിപ്പിക്കും.

താരനകറ്റാന്‍ വീട്ടിലുണ്ടാക്കിയ ക്ലെന്‍സര്‍

രണ്ട് സ്പൂണ്‍ ഉലുവ ഒരു രാത്രിമുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തെടുക്കുക. രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുത്തശേഷം നാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടുക. അരമണിക്കൂറിന് ശേഷം വെള്ളവും ശിക്കകായും ഉപയോഗിച്ച് കഴുകുക. സള്‍ഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ചും മുടി കഴുകാം.

Content highlights: how to care oily hair in winter season, home remedis for hair care