ലമുടി സമൃദ്ധമായി വളരാനും താരനകറ്റാനും മുടി കളര്‍ ചെയ്യാനുമൊക്കെ നമ്മുടെ ചില നാടന്‍പൊടിക്കൈകള്‍ പരീക്ഷിച്ചാലോ

വെറ്റില

മുടി കൊഴിച്ചില്‍ മാറി മുടിവളരാന്‍ വെറ്റില ചേര്‍ത്തൊരു കൂട്ടുണ്ടാക്കാം. എട്ട് വെറ്റില, 15 ചെമ്പരത്തി ഇല, ഒരു ബൗള്‍ കറിവേപ്പില, 200 മില്ലി വെളിച്ചെണ്ണ എന്നിവയെടുക്കുക. വെറ്റിലയും ചെമ്പരത്തിയിലയും കറിവേപ്പിലയും ചെറിയ കഷണങ്ങളാക്കിവെക്കണം. ഒരു ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് നന്നായി തിളപ്പിച്ചശേഷം ഇലകളെല്ലാം ചേര്‍ക്കുക. തീ അണച്ച് എണ്ണ തണുപ്പിക്കുക. ശേഷം എണ്ണ അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിച്ചുവെക്കാം. കുളിക്കുന്നതിന് ഒരു മണിക്കൂര്‍മുമ്പ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചശേഷം മാത്രം കുളിക്കുക.

സോയാബീന്‍  

സോയാബീന്‍ വെയിലത്തുണക്കി പൊടിച്ച് ടിന്നില്‍ സൂക്ഷിച്ചുവെയ്ക്കുക. ഒരു ബൗളില്‍ രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ സോയാബീന്‍ പൊടി, കറ്റാര്‍വാഴയുടെ ജെല്‍, 10 ചെമ്പരത്തി ഇല, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കിയെടുക്കണം. ശേഷം അതില്‍ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി ഒരുമണിക്കൂര്‍ വെക്കുക. ശേഷം തലയോട്ടിയിലും മുടിയിലും ഒരു മാസ്‌ക് ആയി പുരട്ടി ഷവര്‍ക്യാപ് ധരിക്കാം. 20 മിനുട്ടിനുശേഷം ഷവര്‍ക്യാപ് മാറ്റി 15 മിനുട്ട് ഉണങ്ങാന്‍ വെക്കുക. എന്നിട്ട് കഴുകിക്കളയാം. മുടികൊഴിച്ചിലും താരനും മാറും. ഒരു നാച്ചുറല്‍ ഹെയര്‍സ്പാ കൂടിയാണിത്. 

വേപ്പില

മുടിയിലെ താരനകറ്റാന്‍ ഒരുപാട് പ്രൊഡക്ടുകളുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് വീട്ടുവളപ്പിലുള്ള വേപ്പില തന്നെയാണ്. ഒരു വലിയ കപ്പ് വെള്ളത്തില്‍ വേപ്പിലയിട്ട് തിളപ്പിക്കണം. അതൊരു അരക്കപ്പ് ആയിക്കഴിഞ്ഞാല്‍ തലകഴുകാനെടുക്കാം. ഒരു മാസത്തിനുള്ളില്‍ താരനകറ്റാനാവും. 

ഒലീവ് ഓയില്‍

ഒന്നോ രണ്ടോ മുട്ടയുടെ വെള്ള, ഒരു സവാള എന്നിവ നന്നായി അരച്ചെടുത്ത് ഒലീവ് ഓയിലും മിക്‌സ് ചെയ്ത് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക. മുടികൊഴിച്ചില്‍ മാറി തലയോട്ടിയിലുള്ള അണുബാധ ഇല്ലാതാക്കും. മുടി തഴച്ചുവളരാനും സഹായിക്കും. 

ചെമ്പരത്തി-മൈലാഞ്ചി എണ്ണ

500 ഗ്രാം വെളിച്ചെണ്ണ, എട്ട് ചെമ്പരത്തിപ്പൂ, ഒരുപിടി മൈലാഞ്ചി, അരക്കപ്പ് കൈയോന്നി നീര്, കുറച്ച് നീല അമരി, ഉലുവയില അരച്ചത് 10 ചെടി, കുറച്ച് കറിവേപ്പില, 50 ഗ്രാം ആവണക്കെണ്ണ, മൂന്നുപിടി വേപ്പില, ഒരുപിടി ബ്രഹ്മി, നെല്ലിയില മൂന്നുപിടി എന്നിവ നന്നായി അരച്ചെടുത്ത് എണ്ണയില്‍ ചേര്‍ത്ത് കാച്ചുക. വറ്റിക്കഴിയുമ്പോള്‍ മാറ്റിവയ്ക്കാം. തണുത്തശേഷം അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. ആഴ്ചയില്‍ രണ്ടുദിവസം ഈ എണ്ണ പുരട്ടി നന്നായി മസാജ് ചെയ്ത് താളി ഉപയോഗിച്ച് കഴുകി കളയാം. തലമുടിയുടെ വേരുകളെ ബലപ്പെടുത്തുകയും ശിരോചര്‍മത്തെ പോഷിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. 

ചെറിയുള്ളി

 അഞ്ചോ ആറോ ചെറിയ ഉള്ളി ചതച്ച് നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു മുട്ടയുടെ വെള്ള, രണ്ട് ചെറിയ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് കുഴമ്പാക്കുക. ഈ പായ്ക് തലയോട്ടിയിലും മുടിയുടെ വേരുകളിലും നന്നായി തേച്ച് പിടിപ്പിക്കാം. വിരലുകള്‍ കൊണ്ട് 20  മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് നന്നായി കഴുകി കളയാം. തലയിലെ ചൊറിച്ചില്‍, താരന്‍, വരള്‍ച്ച, തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം മാറാന്‍ ഉത്തമ മാര്‍ഗമാണ്. പതിവായി ആഴ്ചയിലൊരു ദിവസം ചെയ്യാം.

ഉള്ളിനീരുകൊണ്ട് ഹെയര്‍ കളര്‍ 

ഉള്ളിനീര്, കറ്റാര്‍വാഴ, നീല അമരി, ഉണക്ക നെല്ലിക്ക പൊടി, ബീറ്റ്‌റൂട്ട് ജ്യൂസ് , ഒരു മുട്ടയുടെ വെള്ള, മൈലാഞ്ചിപ്പൊടി എ്ന്നിവ തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി ഒരു മണിക്കൂര്‍ കഴിഞ്ഞ് പുരട്ടുക. മുടിയുടെ ഗ്രേകളര്‍ മാറി വരുന്നതോടൊപ്പം തന്നെ മുടികൊഴിച്ചിലും മാറുന്നു. 

കടപ്പാട്: ഡോ. റീമ പത്മകുമാര്‍, ബ്രൈഡല്‍ കണ്‍സള്‍ട്ടന്റ്
റീംസ് ഹെര്‍ബല്‍ ബ്യൂട്ടി കെയര്‍ സൊല്യൂഷന്‍സ്, തിരുവനന്തപുരം

കൂടുതല്‍ ബ്യൂട്ടി ടിപ്പ്‌സ് അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: homemade beauty tips for hair