മഞ്ഞുകാലത്തെ ഒരല്‍പം കരുതലോടെ സ്വീകരിക്കുന്നവരാണ് മിക്കയാളുകളും. ചര്‍മവും ചുണ്ടുകളുമൊക്കെ വരളുന്നതും മുടികൊഴിച്ചിലുമൊക്കെ ഈ കാലത്തെ പ്രശ്‌നങ്ങളാണ്. എന്നാല്‍ സ്വയം ചില കാര്യങ്ങള്‍ ശീലിച്ചാല്‍ ഈ പ്രശ്‌നങ്ങളെയെല്ലാം പമ്പകടത്താമെന്ന് പറയുകയാണ് ഹിന്ദി ടിവി താരം ഹിനാ ഖാന്‍. സ്വന്തം കേശസംരക്ഷണത്തെക്കുറിച്ചു പങ്കുവെക്കുന്നതിനൊപ്പമാണ് ഹിനാ ടിപ്‌സും പറയുന്നത്.
സില്‍ക് സ്‌കാര്‍ഫ് ധരിക്കാം
മഞ്ഞുകാലത്ത് പലരും കമ്പിളി കൊണ്ടുള്ള തൊപ്പികളും സ്റ്റോളുകളുമൊക്കെ തലയിലൂടെ ഇടാറുണ്ട്. എന്നാല്‍ ഇവ ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുകയും മുടി പൊട്ടാനിട വരുത്തുമെന്നുമാണ് ഹിന പറയുന്നത്. അതിനായി പരിഹാരവും ഹിന പറയുന്നുണ്ട്. സില്‍ക് സ്റ്റോള്‍ കൊണ്ട് ശിരോചര്‍മം മൂടിയതിനു ശേഷം വൂളന്‍ തൊപ്പിയോ സ്റ്റോളോ ധരിക്കാനാണ് ഹിന പറയുന്നത്.
മുടിയുണക്കും മുമ്പ്
മുടിയുണക്കാനായി ഹെയര്‍ ഡ്രൈയറും മറ്റ് അയേണിങ് മെഷീനുകളും ഉപയോഗിക്കുമ്പോള്‍ അതീവശ്രദ്ധ വേണമെന്നും ഹിന പറയുന്നു. അത്തരം ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അതുവഴി മുടി പൊട്ടുന്ന അവസ്ഥ ഇല്ലാതാക്കാമെന്ന് ഹിന.
താരനെയകറ്റാന്‍ എണ്ണ
പണ്ടുകാലത്തെല്ലാം എണ്ണ തേച്ചുകുളി പലര്‍ക്കും ഒരു ശീലമായിരുന്നു. ഇന്ന് പലരും എണ്ണ വല്ലപ്പോഴുമാണ് തലയിലിടുന്നത്. താരനകറ്റാന്‍ മികച്ച വഴികളിലൊന്നാണ് ഹോട്ട് ഓയില്‍ മസാജ് എന്ന് ഹിന പറയുന്നു. ചെറുതായി ചൂടാക്കിയതിനുശേഷമാണ് എണ്ണ ശിരോചര്‍മത്തില്‍ പുരട്ടുക. മുടിയിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനൊപ്പം മുടികൊഴിച്ചിലകറ്റാനും പൊട്ടിപ്പോകുന്നതു തടയാനും ഈ വഴി നല്ലതാണ്.
വെള്ളം കുടിക്കാം ആവോളം
സൗന്ദര്യസംരക്ഷണത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് എപ്പോഴും വെള്ളം കുടിക്കുക എന്നത്. മഞ്ഞുകാലമെന്ന വ്യത്യാസമില്ലാതെ ധാരാളം വെള്ളം കുടിച്ച് ശരീരത്തിന് ആവശ്യമായ ജലം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ചര്‍മത്തിന് തിളക്കം നല്‍കുന്നതിനൊപ്പം ആരോഗ്യകരമായ മുടി വളരാനും സഹായിക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മാജിക്
കേശപരിപാലനത്തില്‍ മികച്ച ഒരു വഴിയായി ഹിന പറയുന്നത് ആപ്പിള്‍സിഡെര്‍ വിനെഗറിന്റെ ഉപയോഗമാണ്. ഇതുവഴി മുടിയിലെ പി.എച്ച് നില ക്രമപ്പെടുന്നു. ഷാംപൂ ചെയ്തതിനുശേഷം മൂന്നു ഭാഗം വെള്ളവും ഒരു ഭാഗം ആപ്പിള്‍ സിഡെര്‍ വിനെഗറും എന്ന നിലയില്‍ മിക്‌സ് ചെയ്തതിനുശേഷം കഴുകാനുമാണ് ഹിന പറയുന്നത്.
Content Highlights: Hina Khan shares tips for healthy hair in winters